പൊതുവിദ്യാഭ്യാസ രംഗത്ത് ഫാസിസ്റ്റ് അജണ്ടകളോട് സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.അധ്യാപക സംഘടനയും മയിൽപ്പീലി മാസികയും ചേർന്ന് നടത്തുന്ന ക്വിസ് മത്സരത്തിന് അനുമതി തേടിയുള്ള അപേക്ഷ ലഭിച്ചപ്പോൾ ആവശ്യമായ കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ജോയിന്റ് ഡയറക്ടർ അനുമതി നൽകിയത്. മയിൽപ്പീലി എന്ന മാസിക ഏത് സംഘടനയുടേതാണെന്ന് തിരിച്ചറിയുന്നതിൽ ജോയിന്റ് ഡയറക്ടർക്ക് വീഴ്ച പറ്റി. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അതിനുള്ള അനുമതി റദ്ദാക്കിയതായും മന്ത്രി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മയിൽപ്പീലി എന്ന മാസികയ്ക്ക് അനുമതി നൽകിയ നടപടി ശരിയായിരുന്നില്ല. മയിൽപ്പീലി എന്ന മനോഹരമായ പേര് കേട്ടപ്പോൾ അതിനുള്ളിൽ ഇത്തരമൊരു അജണ്ടയുണ്ടെന്ന് അനുമതി നൽകിയ ജോയിന്റ് ഡയറക്ടർക്ക് കണ്ടെത്താനായില്ല. എന്നാൽ, താൻ നടത്തിയ അന്വേഷണത്തിൽ ജോയിന്റ് ഡയറക്ടർ ബോധപൂർവം അങ്ങനെ ചെയ്തതാണെന്ന് തോന്നുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നിരുന്നാലും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മന്ത്രി ഒന്നും അറിയുന്നില്ലെന്ന് പറയുന്നവരോട്, അറിയേണ്ടതെല്ലാം മന്ത്രി അറിയുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിൽ പല അനുമതികളും ഉത്തരവുകളും വിവിധ തലങ്ങളിലായാണ് നൽകുന്നത്. എച്ച്.എം. , എ.ഇ.ഒ. , ഡി.ഇ.ഒ. , ഡി.ഡി. തുടങ്ങി വിവിധ തലങ്ങളിൽ അനുമതി നൽകേണ്ടതുണ്ട്. ഇത്തരത്തിലുള്ള എല്ലാ ഉത്തരവുകളും മന്ത്രിമാർ കാണേണ്ട ആവശ്യമില്ല.
അധ്യാപക സംഘടനകൾക്ക് ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടത്താൻ വിദ്യാഭ്യാസ വകുപ്പ് കാലങ്ങളായി അനുമതി നൽകാറുണ്ട്. അധ്യാപക സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് അപേക്ഷ നൽകിയത്. ആ അപേക്ഷ ഫയലായിരുന്നില്ല. ഫയലാകുമ്പോഴാണ് മന്ത്രി കാണുന്നത്. ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. ഇടതുപക്ഷ സംഘടനകൾക്കും യു.ഡി.എഫ്. സംഘടനകൾക്കും ഇത്തരത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഈ അപേക്ഷ ലഭിച്ചപ്പോൾ അത് പരിശോധിച്ച് അനുമതി നൽകിയ ജോയിന്റ് ഡയറക്ടർ കൂടുതൽ കാര്യങ്ങൾ വിലയിരുത്തേണ്ടതായിരുന്നു. എന്നാൽ, അതുണ്ടായില്ല.
ഈ സംഭവം വിവാദമാക്കിയവരുടെ കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വലിയ ഫാസിസ്റ്റ് നടപടികൾ വരെ ഉണ്ടായിട്ടുണ്ട്. ആർ.എസ്.എസിന്റെ നേതാക്കന്മാരെക്കുറിച്ച് പഠിക്കാൻ അനുമതി നൽകിയതും മോഹൻ ഭാഗവത് പലവട്ടം വിദ്യാലയങ്ങളിൽ വന്ന് പതാക ഉയർത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. അന്നൊക്കെ അനുമതി നൽകിയവർ ഇന്ന് ഞങ്ങൾക്ക് സംഘിപ്പട്ടം ചാർത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല.
ആർ.എസ്.എസിന്റെയും ഫാസിസ്റ്റുകളുടെയും എല്ലാ വർഗീയ അജണ്ടകൾക്കും സർക്കാർ എതിരാണ്. വിദ്യാഭ്യാസ വകുപ്പിൽ അത്തരം പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല. ഗുരുപൂജ എന്ന പേരിൽ പാദപൂജ വരെ നടത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷക്കാലം ആർ.എസ്.എസുമായി ഇടതുപക്ഷത്തിന് വലിയ ബന്ധമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.
അധ്യാപക സംഘടനയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നാണല്ലോ മറ്റൊരു ആക്ഷേപം. അങ്ങനെ ഉൾപ്പെടുത്തിയത് ഇടതുപക്ഷമാണ്. എൻ.ടി.യു.വിനെ കരിക്കുലം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ആരാണെന്ന് തോമസ് ഐസക്കിനും കെ.ടി. ജലീലിനും അറിയില്ലെങ്കിൽ പിന്നോട്ട് പരിശോധിച്ചാൽ മതി. എൽ.ഡി.എഫ്. മന്ത്രിമാരാണ് അതിനുള്ള അനുമതി നൽകിയിരുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ഇത്തരമൊരു അധ്യാപക സംഘടന വളർന്നത്. അവർ നേരത്തെയും നിലവിലുണ്ടായിരുന്നു. നിലവിലുള്ള സംഘടനയെ തടയാനാകില്ല. സി.പി.എം. മുഖ്യമന്ത്രിമാരുടെ ഒത്താശയോടെയാണ് അവർ പല കമ്മിറ്റികളിലും വന്നിട്ടുള്ളത്. കമ്മിറ്റി പുനഃസംഘടിപ്പിക്കുമ്പോൾ അതേ രീതി തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അതിന്റെ പേരിൽ മുഖ്യമന്ത്രിയെയും മന്ത്രിയെയും സംഘിപ്പട്ടം ചാർത്താൻ ശ്രമിക്കേണ്ടെന്നും അത് തങ്ങൾക്ക് ചേരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശാഭിമാനിയുടെയും സി.എച്ച്. പ്രതിഭാ ക്വിസിന്റെയും കോൺഗ്രസ് അധ്യാപക സംഘടനയുടെയും ഉൾപ്പെടെ പത്ത് അധ്യാപക സംഘടനകൾക്ക് ഇത്തരത്തിൽ അനുമതി നൽകിയിട്ടുണ്ട്. വിവാദമുണ്ടായ സാഹചര്യത്തിൽ ഇനി അനുമതി നൽകുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. ആർക്കൊക്കെ അനുമതി നൽകണം, ആർക്കൊക്കെ നൽകേണ്ടതില്ല എന്ന് അതിലൂടെ തീരുമാനിക്കും.
കാസർഗോഡ് ക്വിസ് വിവാദമുണ്ടായപ്പോൾ തന്നെ സർക്കാർ അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. വർഗീയ അജണ്ടകൾ നടപ്പാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും. പി.എം. ശ്രീ ഉൾപ്പെടെയുള്ള പദ്ധതികളിൽ ഒപ്പിട്ട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയവർ ഞങ്ങൾക്ക് മതേതരത്വം പഠിപ്പിക്കുന്നത് ലജ്ജാകരമാണെന്നും മന്ത്രി പറഞ്ഞു.
എൽ.പി.എസ്.ടി.എ. സമരം
എൽ.പി.എസ്.ടി.എ. സമരവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതാണ്. അവർ ഉന്നയിച്ച പല ആവശ്യങ്ങളും പരിഹരിക്കാമെന്ന് അറിയിച്ചിരുന്നു. അനുപാതവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ്. ഇക്കാര്യം വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്.
വളർമതിയുടെ ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് പ്രധാനം. ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണ്. ചില ആശയവിനിമയങ്ങൾ നടക്കുന്നുണ്ട്. ചർച്ചയുടെ സമയം തീരുമാനിച്ചിട്ടില്ല. ചർച്ച നടക്കും. വളർമതിയുമായി ചർച്ച നടത്താനാണ് തീരുമാനം. ആദ്യം പരിഗണന നൽകുന്നത് അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ്.
സദുദ്ദേശ്യത്തോടെ, സർക്കാർ സാഹചര്യം മനസ്സിലാക്കിയും അസോസിയേഷനോട് അനുഭാവം പുലർത്തിയും ചിലർ ചർച്ചയ്ക്ക് വരുന്നുണ്ട്. ചർച്ച തുടരുമെന്നും മന്ത്രി വ്യക്തമാക്കി.



