- ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാമാസം ഒന്നിന്( ഒക്ടോബർ 18)
തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. തന്ത്രി കണ്Oര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് .ഇ. ഡി നടതുറന്ന് ദീപം തെളി യിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. തുലാമാസം ഒന്നിന് രാവിലെ അഞ്ചു മണി മുതലാണ് ദർശനത്തിനായി നട തുറക്കുക. ഉഷ പൂജയ്ക്ക് ശേഷം രാവിലെ 7.30ന് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. സോപാനത്താണ് നറുക്കെടുപ്പ് നടക്കുക. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്. ശേഷം മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രത്തിൽ നടക്കും. പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളിൽ ശബരിമല നട തുറക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകൾക്കുണ്ട്. ഒക്ടോബർ 17 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ,ദേവസ്വം- ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ എന്നിവർ ശബരിമല ദർശനത്തിനെത്തും. തുലാമാസ പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22ന് രാത്രി പത്തിന് നടയടക്കും.

