Wed Oct 14, 2026 3:38 am
X

വനിതാ ശാക്തീകരണത്തിനും തുല്യാവകാശങ്ങൾക്കുമായി ബോധവത്കരണം ശക്തമാക്കണം: വനിതാ കമ്മീഷൻ

Latest News / Flash / Kerala October 13, 2026

സൈബർ സ്റ്റോക്കിങ് ക്യാമ്പസ്തല ബോധവത്കരണ പരിപാടി കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ ഉദ്ഘാടനം ചെയ്തു

രാജ്യത്ത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശങ്ങളെക്കുറിച്ചും സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ചും സമൂഹത്തിൽ തുടർച്ചയായ ബോധവത്കരണം അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി. ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ സംസ്ഥാന വനിതാ കമ്മീഷൻ കോളേജ് വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിക്കുന്ന ‘അവെയർനെസ് പ്രോഗ്രാം ഓൺ സ്റ്റോക്കിങ്’ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വം പൂർണമായി നടപ്പാക്കപ്പെടണം. സ്ത്രീ സംരക്ഷണ നിയമങ്ങളുടെ പ്രസക്തി വർധിക്കുന്ന സാഹചര്യത്തിൽ സമത്വത്തിനുള്ള അവകാശം ഉറപ്പാക്കപ്പെടണമെന്ന് കമ്മീഷൻ പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും നിയമബോധവത്കരണത്തിനുമായി സംസ്ഥാന വനിതാ കമ്മീഷൻ നിരന്തരം ഇടപെടലുകൾ നടത്തിവരികയാണ്. വിവരസാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടക്കമുള്ള ഡിജിറ്റൽ സാധ്യതകൾ മുന്നേറുന്ന പുതിയ കാലഘട്ടത്തിൽ സ്ത്രീകൾക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ സമൂഹം ബാധ്യസ്ഥമാണ്. ഡിജിറ്റൽ യുഗത്തിലെ പുതിയ വെല്ലുവിളികളെ അതിജീവിക്കാനും നിയമപരമായ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാനും വിദ്യാർത്ഥിനികളെ പ്രാപ്തരാക്കുകയാണ് ഇത്തരം ബോധവത്കരണ പരിപാടികളിലൂടെ വനിതാ കമ്മീഷൻ ലക്ഷ്യമിടുന്നതെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

നാല് സെഷനുകളിലായി നടന്ന പരിപാടിയിൽ സൈബർ സ്റ്റോക്കിങ്, ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ,പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സൈബർ നിയമ-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ അഡ്വ. മനു കൃഷ്ണ എസ്.കെ, അഭിഭാഷകനും സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ എന്നിവർ ക്ലാസെടുത്തു. കണ്ണൂരിലെ വിവിധ കോളേജുകളിൽ നിന്നായി ഇരുന്നൂറിലധികം വിദ്യാർത്ഥിനികൾ പങ്കെടുത്തു.

ചടങ്ങിൽ കൃഷ്ണമേനോൻ മെമ്മോറിയൽ വനിതാ ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പാൾ ഡോ.സിനുമോൾ തോമസ് അധ്യക്ഷത വഹിച്ചു. കേരള വനിതാ കമ്മിഷൻ അംഗം അഡ്വ.പി കുഞ്ഞായിഷ, വനിതാ കമ്മിഷൻ മെമ്പർ സെക്രട്ടറി ബീന വൈ ബി, റിസർച്ച് ഓഫീസർ അർച്ചന എ.ആർ, കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സന്തോഷ് സി.പി, വിമെൻ സെൽ കോർഡിനേറ്റർ ശ്രീകല വി.പി എന്നിവരും സന്നിഹിതരായിരുന്നു.