Tue Sep 01, 2026 2:45 am
FLASH
X

അറിയേണ്ടതും ആചരിക്കേണ്ടതും-ഭാഗം–4        

ശ്രീകുമാർ പൂവനിക

നാളികേരത്തിന്റെ നാടായ കേരളമാണല്ലോ ദൈവത്തിന്റെ സ്വന്തം നാടായി പരക്കെ വിശേഷിപ്പിച്ചു പോരുന്നത്.പൂജ,പാചകം,പാനീയം,പിണ്ണാക്ക്,വെളിച്ചെണ്ണ എന്നിവയ്ക്കെല്ലാം ഈ അമൂല്യഫലം നാം ഉപയോഗിക്കുന്നു. എന്തിനധികം!കളളിനും ചകിരി ഉൽപ്പന്നങ്ങൾ തുടങ്ങിയ കരകൗശല വസ്തുക്കൾക്കും കല്പവൃക്ഷഫലത്തിന്റെ ഉപയുക്തത ചെറുതല്ല.നമ്മുടെ സമ്പത്ത് വ്യവസ്ഥയ്ക്കും ആരോഗ്യത്തിനും ആക്കം കൂട്ടുന്ന നാളികേരത്തിന്റെ നിലവാരം ഒരു ചോദനയായി ,ഉദ്ബോധനമായി അവശേഷിപ്പിക്കാൻ ഒരു ദിനം അതിനായി മാറ്റി വയ്ക്കേണ്ടതുണ്ട്;അതാണ്,സെപ്റ്റംബർ -2ന് ആചരിക്കപ്പെടുന്ന ലോകനാളികേരദിനം.2009- ൽ, ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റി ആണ് ഈ ദിനാചരണത്തിനു പ്രാരംഭം കുറിച്ചത്.

വന്യജീവികളും അല്ലാത്തവയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടത്, പ്രകൃതിയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണ് .വന്യജീവികളുടെ ആവാസവ്യവസ്ഥയും വന്യജീവികളിൽ,പ്രത്യേകിച്ച് ,വംശനാശഭീഷണി നേരിടുന്നവയുടെ സംരക്ഷണവും ഒക്കെ കണക്കിലെടുത്ത്,നമ്മുടെ സമൂഹത്തിൽ അതേക്കുറിച്ചുള്ള അവബോധം വളർത്താനുള്ള ദിനം കൂടിയായാണ് ,സെപ്റ്റംബർ 4 ,ദേശീയ വന്യജീവി ദിനമായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.നദികളും സമുദ്രങ്ങളും ചെടികളും അവയ്ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതാണ് എന്ന് ഓർമപ്പെടുത്തുകയാണ്,ഈ ദിനത്തിൽ.

വന്യജീവി സംരക്ഷണം എന്നത് വിശാലമായ ഒരു കാഴ്ചപ്പാടാണ്.അതായത്,വനസംരക്ഷണവും മലിനീകരണ നിയന്ത്രണവും വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം തടയലും ഒക്കെ ഇതിന്റെ ഭാഗമാണ്.അനധികൃതമായി വന്യജീവികളെ വേട്ടയാടുക,അതുവഴി ഒരു കച്ചവടസാധ്യത കൂടി ലക്ഷ്യമിടുക ഇവയൊക്കെ അത്യന്തം അപലപനീയവും നിയന്ത്രിക്കേണ്ടതുമാണ്.അവയുടെ അന്യം നിന്നുപോയ തലമുറകളെയും ആവാസവ്യവസ്ഥയെയും തിരിച്ചറിഞ്ഞ്, ആവുമെങ്കിൽ പുനരുജ്ജീവിപ്പിക്കേണ്ടതും പുനസ്ഥാപിക്കേണ്ടതും പരമപ്രധാനമാണ്. അനുബന്ധമായി നമ്മുടെ ടുറിസം വികസനം , ആചരണത്തിന്റെ ഒരവിഭാജ്യഘടകമാണ് എന്നതുമറിയണം.മനുഷ്യവാസസ്ഥാനത്തേക്കുള്ള വന്യജീവികളുടെ നുഴഞ്ഞുകയറ്റം, ആക്രമണം ഇവയ്ക്കുള്ള കാരണങ്ങളും അവയുമായി പൊരുത്തപ്പെട്ടു പോകാനുള്ള സുരക്ഷിതമാർഗങ്ങളും ഒക്കെ പരിശോധിച്ചു പഠിക്കേണ്ട ഒരവസരമായി ഈ ദിനം കണക്കാക്കപ്പെടണം.

അധ്യാപനത്തിൽ ഔദ്യോഗിക ജീവിതം തുടങ്ങി,പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ മഹദ് വ്യക്തിയായിരുന്നു ഡോക്ടർ സർവ്വെപ്പിള്ളി രാധാകൃഷ്ണൻ.രാഷ്ട്രപതിയായിരിക്കവെയാണ്,അദ്ദേഹത്തിന്റെ പിറന്നാൾ ദിനം ആഘോഷിക്കാനുള്ള അനുവാദം തേടി സുഹൃത്തുക്കളെത്തിയത്.

അധ്യാപനത്തോടുള്ള അദമ്യമായ ബഹുമാനം കാരണം,ആ ദിനം അധ്യാപക ദിനമായി ആചരിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.അങ്ങനെയാണ് ഏറെ വർഷങ്ങളായി സെപ്റ്റംബർ- 5,ദേശീയ അധ്യാപകദിനമായി ആചരിക്കപ്പെടുന്നത്.ജീവകാരുണ്യപ്രവർത്തനങ്ങളുടെ പ്രാധാന്യവും ആവശ്യകതയും വെളിവാക്കുന്ന അന്താരാഷ്ട്ര ചാരിറ്റി ദിനം കൂടിയാണ് സെപ്റ്റംബർ -5.മദർ തെരേസയുടെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനാചരണം.

നമ്മെയെല്ലാം മാതൃകാ വ്യക്തിത്വങ്ങളായി മാറ്റാൻ അധ്യാപകർ വഹിക്കുന്ന പങ്ക് നിസ്തുലമാണ് ;നിസ്തർക്കമാണ്.അറിവിന്റെ നിറകുടങ്ങൾ മാത്രമല്ല അധ്യാപകർ ; വിദ്യാർത്ഥികളിൽ അറിയപ്പെടാതെ അന്തർലീനമായിരിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവ പരിപോഷിപ്പിക്കാൻ അങ്ങെയറ്റം പരിശ്രമിക്കുന്ന അഭ്യുദയകാംഷികൾ കൂടിയാണ്.ആ സേവനങ്ങളെ സ്മരിക്കാനും ആദരിക്കാനും കൂടിയായാണ് ഈ അവസരത്തെ നാം കാണേണ്ടത്.

സെപ്റ്റംബർ 8 നാണ് ലോകസാക്ഷരതാദിനം.മുൻപു വിശദമാക്കിയ അധ്യാപകദിനത്തിനോട് അഭേദ്യബന്ധമാണ് ഇതിനുള്ളതെന്നു പറയാതെ തന്നെ തിരിച്ചറിയാം. ഫോക് സ്കൂളിന്റെ  സ്ഥാപകൻ ഗ്രുണ്ട് വിഗ്ഗിന്റെ ജന്മദിനമാണ് ലോകസാക്ഷരതാദിനമായി തിരഞ്ഞെടുത്ത് 1966-ൽ യുനെസ്കോയുടെ അംഗീകാരം നേടിയതോടെയാണ് പ്രസ്തുത ദിനാചരണത്തിനു പ്രാരംഭമായത്.നിരക്ഷരരായി ലോകത്ത് ആരും അവശേഷിക്കരുത് എന്ന മഹനീയാശയമാണ് ആചരണത്തിന്റെ അടിത്തറ .അതിനായി പൊതുജനതാല്പര്യവും പിന്തുണയും പരമാവധി ഈ ദിശയിൽ പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ഭാഷയേതായാലും   വായിക്കാനും എഴുതാനുമുള്ള കഴിവാണ് സാക്ഷരത. സുഗമമായ ഒര് ഉപജീവനമാർഗ്ഗത്തിനും ഓഫീസ് സംബന്ധിയായ വ്യക്തിഗത കാര്യങ്ങളിൽ പരസഹായമില്ലാതെ ഇടപെടാനും വായനയിൽ നിന്നുള്ള ഊർജം ഉൾക്കൊണ്ടു സമൂഹത്തിൽ സവിശേഷമായ സ്വത്വബോധം ഉണ്ടാക്കാനും സാക്ഷരതയിലൂടെ സാധ്യമാണ്.

നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ദിവസമാണ് സെപ്റ്റംബർ -14 ;ദേശീയ ഹിന്ദിദിനം.1949-ൽ ഈ ദിനത്തിലാണ് ദേവനാഗിരി ലിപിയായ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി ഭരണഘടന അംഗീകരിച്ചത്.ഒരു സംസ്കാരപൈതൃകത്തിന്റെ വൈശിഷ്ട്യം വിളിച്ചോതുന്ന ആഘോഷദിനമായ അന്ന്,വിദ്യാലയങ്ങളിലും ഓഫീസുകളിലും വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.ഭാഷാനൈപുണ്യം വർദ്ധിപ്പിക്കാനും ഭാഷാചരിത്രം ഉൾക്കൊള്ളാനും ഉതകുന്ന രീതിയാണ്, ദിനാചരണത്തിൽ അവലംബിക്കാറ്.

സെപ്റ്റംബർ -15 ന് രണ്ടു പ്രത്യേകതകൾ ഉണ്ട്.അന്നാണ് ഇന്ത്യയിൽ എൻജിനീയേഴ്സ് ദിനവും അന്താരാഷ്ട്രതലത്തിൽ ജനാധിപത്യ ദിനവും.രണ്ടിന്റെയും ഉദ്ദേശ്യശുദ്ധികൾ എടുത്തുപറയേണ്ടതില്ലല്ലോ.

ലോക ഓസോൺ ദിനം സെപ്റ്റംബർ -16 നാണ്.ഓസോൺ പാളികൾ ഭൂമിയിലെ ജീവജാലങ്ങളുടെ സംരക്ഷണകവചമാണ്. സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് (UV) വികിരണങ്ങളെ അതു തടയുന്നു. ക്ലോറോഫ്ലൂറോകാർബണുകൾ (CFCs) പോലെയുള്ള രാസവസ്തുക്കൾ ഓസോൺ പാളിയ്ക്കു നാശനഷ്ടങ്ങൾ വരുത്തുന്നു. ഓസോൺ പാളികൾ  സംരക്ഷിക്കാനുള്ള ചുവടുവയ്പായാണ്   ചരിത്രപ്രസിദ്ധമായ മോൺട്രിയൽ പ്രോട്ടോക്കോൾ സെപ്റ്റംബർ -16ന് ഒപ്പുവെച്ചത്.

സെപ്റ്റംബർ 21 ന്  പ്രത്യേകതകൾ മൂന്നാണ് ; അന്താരാഷ്ട്ര സമാധാന ദിനവും  ലോക അൽഷിമേഴ്‌സ് ദിനവും ശ്രീനാരായണ ഗുരു സമാധി ദിനവും.ഇതിൽ മൂന്നാമത്തേത് കേരളത്തിലെ ആചരണമാണ്. ഐക്യരാഷ്ട്രസഭയുടെ (UN) നേതൃത്വത്തിൽ ആചരിക്കുന്ന അന്താരാഷ്ട്ര സമാധാന ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം എന്നത്, ‘ഏവർക്കും എവിടെയും എന്നും സമാധാനത്തിന്റെ കരുതലാ’ണ് . അൽഷിമേഴ്‌സ് രോഗബാധിതരെ വേറിട്ടു കാണാതെ മനശ്ശാസ്ത്രപരമായ സമീപനത്തിന് ഇന്ന് എറെ പ്രാധാന്യം ഉണ്ട്.അപ്രകാരമുള്ള അവബോധത്തിന് ഊന്നൽ നൽകാനാണ് ഈ ദിനം.നവോത്ഥാന നായകരിൽ മുൻപന്തിയിലുള്ള ശ്രീനാരായണഗുരുവിന്റെ ദാർശനികത ഉൾക്കൊള്ളാനും അവബോധം വളർത്താനുമുളള ,കേരളത്തിലെ ഒരു പൊതു അവധി ദിനം കൂടിയാണ് ശ്രീനാരായണ ഗുരു സമാധി ദിനം.

റോസാപ്പൂക്കളുടെ വിവിധ വർണ്ണങ്ങൾ വൈവിധ്യമാർന്ന വികാരങ്ങളുടെ പ്രതീകമാണ്.കാൻസറിനെ അതിജീവിക്കാനുളള ആത്മവിശ്വാസവും പ്രത്യാശയും,ലോക റോസ് ദിനമായ സെപ്റ്റംബർ 22-ന് ,രോഗികൾക്കു റോസാപ്പൂക്കൾ നൽകിയും സമ്മാനങ്ങൾ നൽകിയും ആചരിക്കപ്പെടുന്നു. ആരോഗ്യമേഖലയിൽ ഫാർമസിസ്റ്റുകളുടെ പങ്ക് അനുസ്മരിച്ചുകൊണ്ടാണ് സെപ്റ്റംബർ 25 –ന് ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കപ്പെടുന്നത്.

യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) നിയമങ്ങളെ തുടർന്ന് 1979-ൽ സ്പെയിനിൽ നടന്ന യോഗത്തിലാണ് സെപ്റ്റംബർ 27 ലോക ടൂറിസം ദിനമായി പ്രഖ്യാപിച്ചതും ടുറിസം മേഖലയുടെ സാധ്യതകൾ അറിഞ്ഞു തന്നെ പിന്നീട് ആ ദിനം ആചരിച്ചു തുടങ്ങിയതും.

‘ഒരു ഹൃദയമിടിപ്പും നഷ്ടമാവരുത്’,എന്നു ഹൃദയപൂർവം രേഖപ്പെടുത്തിയ സന്ദേശവുമായാണ് 2026-ലെ ലോകഹൃദയദിനം സെപ്റ്റംബർ 29-ന് ആചരിക്കപ്പെടുന്നത്.നമ്മുടെ ഹൃദയത്തെ നിശബ്ദതയിലേക്കു അവിചാരിതമായി കൂട്ടിക്കൊണ്ടു പോകുന്ന കാരണങ്ങൾ തിരിച്ചറിയുകയും,പൊതുവിൽ ഹൃദയാരോഗ്യസംരക്ഷണം ലക്ഷ്യമിട്ടും ഉള്ളതാണ് ഈ ദിനാചരണം.

സെപ്റ്റംബർ ഒടുവിൽ,ഒരു അന്താരാഷ്ട്രദിനം കൂടി ആചരിക്കപ്പെടുന്നു;  സെപ്റ്റംബർ 30-ന് അന്താരാഷ്ട്ര വിവർത്തനദിനം.രാഷ്ട്രങ്ങളുടെ പാരസ്പര്യമാണ് ഇക്കാര്യത്തിൽ അടിസ്ഥാനാശയം.

(ശ്രീകുമാർ പൂവനിക,9567060667)