തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഭൂമി ക്രമവത്കരിച്ച് പട്ടയം നൽകാൻ സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. G.O.(Ms) No.38/2026/RD, 27.01.2026 പ്രകാരമാണ് ഭൂമി പതിച്ചുനൽകുന്നതിനുള്ള പുതിയ വ്യവസ്ഥകൾ നിലവിൽ വന്നത്.
ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, കലാ-സാംസ്കാരിക സംഘടനകൾ, വായനശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഈ ആനുകൂല്യം ലഭിക്കുക. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും കൈവശമുള്ള സർക്കാർ ഭൂമി ക്രമവത്കരിച്ച് നൽകാനാണ് സർക്കാർ തീരുമാനം.
പുതിയ ഉത്തരവിലെ പ്രധാന മാറ്റങ്ങളിലൊന്ന് ഭൂമി കൈവശം ഉണ്ടായിരിക്കേണ്ട കട്ട് ഓഫ് തീയതി നീട്ടിയതാണ്. നേരത്തെ 01.01.1990 ആയിരുന്ന കട്ട് ഓഫ് തീയതി 25.08.2008 ആയി ഉയർത്തി. ഇതോടെ 2008 ഓഗസ്റ്റ് 25ന് മുമ്പ് സർക്കാർ ഭൂമി കൈവശം ഉണ്ടായിരുന്ന യോഗ്യരായ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഭൂമി ക്രമവത്കരിച്ച് പട്ടയത്തിന് അപേക്ഷിക്കാം.
വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സർക്കാർ ഭൂമിക്കും നിശ്ചിത വ്യവസ്ഥകൾ പ്രകാരം ക്രമവത്കരണം അനുവദിക്കും. ഇത്തരം ഭൂമിക്ക് വിപണി വില അടിസ്ഥാനമാക്കിയാണ് തുക ഈടാക്കുക.
Settlement Registerൽ പേരുള്ള ഭൂമിക്ക് ന്യായവിലയുടെ അഞ്ച് ശതമാനമാണ് ഈടാക്കുക. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കൈവശത്തിന് 10 ശതമാനവും 15.08.1947 മുതൽ 01.08.1971 വരെയുള്ള കൈവശത്തിന് 15 ശതമാനവും 01.08.1971 മുതൽ 01.01.1990 വരെയുള്ള കൈവശത്തിന് 50 ശതമാനവുമാണ് നിരക്ക്. 01.01.1990 മുതൽ 01.01.2000 വരെയുള്ള കാലയളവിലെ കൈവശത്തിന് ന്യായവിലയും 01.01.2000 മുതൽ 25.08.2008 വരെയുള്ള കൈവശത്തിന് വിപണി വിലയും ഈടാക്കും. വാണിജ്യ ആവശ്യത്തിനുള്ള ഭൂമിക്കും വിപണി വില തന്നെയാണ് ബാധകം.
അപേക്ഷയ്ക്കൊപ്പം സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കറന്റ് ബിൽ, വാട്ടർ ബിൽ അല്ലെങ്കിൽ കെട്ടിട നികുതി രസീത് എന്നിവ സമർപ്പിക്കണം. കൂടാതെ 25.08.2008ന് മുമ്പുള്ള പഴയ രേഖകളും വില്ലേജ് ഓഫീസറിൽ നിന്നുള്ള ലൊക്കേഷൻ സ്കെച്ചും മഹസ്സറും ഹാജരാക്കേണ്ടതുണ്ട്.
നിശ്ചിത ഫോറത്തിൽ ബന്ധപ്പെട്ട തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടത്. തുടർന്ന് വില്ലേജ് ഓഫീസറുടെയും ആർഡിഒയുടെയും പരിശോധന നടക്കും. പരിശോധന പൂർത്തിയാക്കിയ ശേഷം ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിക്കും. അനുവദിച്ച തുക ട്രഷറിയിൽ അടച്ചതിനു ശേഷമാണ് പട്ടയം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാകുക.

