Sat Aug 29, 2026 10:49 am
FLASH
X

ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത് യു.എസ്; ഹോർമുസ് കടലിടുക്ക് പൂർണ സുരക്ഷിതമെന്ന് അവകാശവാദം

HOME / GLOBAL August 28, 2026

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്തതായി അമേരിക്ക. യു.എസ് സെൻട്രൽ കമാൻഡാണ് ഇതുസംബന്ധിച്ച അവകാശവാദവുമായി രംഗത്തെത്തിയത്. ലോകത്തിലെ പ്രധാന ഊർജ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇപ്പോൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് സുരക്ഷിതമാണെന്നും അമേരിക്ക അറിയിച്ചു.

ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി ഇറാൻ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കടലിൽ മൈനുകൾ സ്ഥാപിച്ചതോടെ ചരക്കുകപ്പലുകളുടെ സഞ്ചാരത്തിനും നിയന്ത്രണം നേരിട്ടു. എണ്ണയുടെ പ്രധാന ഗതാഗത പാതയായ ഹോർമുസിലുണ്ടായ പ്രതിസന്ധി ആഗോള ഇന്ധന വിപണിയിലും ആശങ്ക സൃഷ്ടിച്ചു.

ഇന്ധന വിതരണം തടസപ്പെടാതിരിക്കാൻ യു.എസ് സൈന്യം നടത്തിയ ഇടപെടലിലൂടെ 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തേക്ക് മാറ്റാൻ കഴിഞ്ഞതായി സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇതുവരെ ഏകദേശം 1,500 ചരക്കുകപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോയതായും അമേരിക്ക അവകാശപ്പെട്ടു.

ഹോർമുസ് ജലപാത പൂർണമായും തുറന്നിരിക്കുകയാണെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നിലവിൽ തടസങ്ങളില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിന് കൂടുതൽ പിന്തുണ നൽകുന്നതാണ് സെൻട്രൽ കമാൻഡിന്റെ പുതിയ അവകാശവാദം.

ഹോർമുസ് മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം ആഗോള എണ്ണ വിപണിയിലെ ആശങ്കകൾ കുറയ്ക്കാനും നടപടി സഹായിക്കുമെന്നാണ് യു.എസ് വിലയിരുത്തൽ. ലോകത്തിലെ നിർണായക എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസിലെ സ്ഥിതിഗതികൾ അന്താരാഷ്ട്ര വിപണിയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.