Fri Aug 28, 2026 8:25 pm
FLASH
X

പാട്ടിൻ പൂക്കളം തീർത്ത് വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനും; ഓണാഘോഷ വേദികളിൽ ആവേശത്തിര

HOME / Kerala August 28, 2026

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തെ വിവിധ വേദികളിൽ അരങ്ങേറിയ സംഗീത-കലാപരിപാടികൾക്ക് വൻ ജനപങ്കാളിത്തം. നിശാഗാന്ധി ഓഡിറ്റോറിയത്തിൽ പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതനിശ ശ്രദ്ധേയമായി. ചലച്ചിത്ര താരവും നർത്തകിയുമായ കൃഷ്ണപ്രഭയുടെയും സംഘത്തിന്റെയും മനോഹരമായ നൃത്താവതരണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

‘കേരളം കേരളം കേളികൊട്ടുണരുന്ന കേരളം’, ‘സുമുഹൂർത്തമായി സ്വസ്തി’, ‘രാവേറെയായ് പൂവേ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളുമായി മധു ബാലകൃഷ്ണൻ സദസ്സിനെ ആവേശത്തിലാക്കി. ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഗാനവുമായി നിത്യാ മാമനും, ‘ആരോമലേ പൊൻതൂവലേ’, ‘ചന്ദ്രചൂഢ ശിവശങ്കര’ എന്നീ ഗാനങ്ങളുമായി നന്ദയും വേദിയിലെത്തി. ‘പാടി തൊടിയിലേതോ…’ എന്ന ഗാനവുമായി വൃന്ദയും ശ്രദ്ധ നേടി.

സ്റ്റാർ സിംഗർ താരങ്ങളായ ശ്രീരാഗും ബൽറാമും സംഗീതനിശയിൽ പങ്കുചേർന്നതോടെ സദസ്സ് കൂടുതൽ ആവേശഭരിതമായി. നിറഞ്ഞ സദസ്സിലാണ് നിശാഗാന്ധിയിലെ പരിപാടികൾ അരങ്ങേറിയത്. ടൂറിസം, സാംസ്‌കാരികം, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥും ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനും പരിപാടികൾ ആസ്വദിച്ചു.

അതേസമയം, തലസ്ഥാനത്തെ മറ്റ് പ്രധാന വേദികളിലും ഓണാഘോഷ പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ ചലച്ചിത്ര താരവും ഗായകനുമായ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച ഗാനവിരുന്ന് യുവാക്കളെ ആവേശത്തിലാക്കി.

കോവളത്ത് വയലാർ ശരത്ചന്ദ്ര വർമ്മയുടെ നേതൃത്വത്തിൽ അരങ്ങേറിയ ‘ഗന്ധർവ്വ യാമം’ പരിപാടിയും ശ്രദ്ധേയമായ ജനപങ്കാളിത്തം നേടി. സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള കലാപരിപാടികളോടെ തലസ്ഥാനത്തെ ഓണാഘോഷ വേദികൾ ഉത്സവലഹരിയിലാണ്.