Thu Jul 30, 2026 2:12 am
FLASH
X

അറിയേണ്ടതും ആചരിക്കേണ്ടതും-ഭാഗം–3

ശ്രീകുമാർ പൂവനിക

ഈ കലണ്ടർ വർഷത്തിന്റെ ഒന്നാം പകുതിയും ഒരു മാസവും പിന്നിട്ട് ആഗസ്റ്റിലേക്ക് അടുക്കുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഒര് അഭിമാനദിനം ഈ മാസത്തിന്റ പകുതിയിലുണ്ടെന്നത് തികഞ്ഞ രാജ്യസ്നേഹത്തോടെ ഓരോ ഭാരതീയനും ഓർത്തെടുക്കുന്ന വികാരമാണ്.അതിനെക്കുറിച്ച് സാമാന്യേനെ പരാമർശിച്ചിട്ടാവാം ഇത്തവണ മറ്റു സവിശേഷദിനങ്ങളുടെ പൊരുളും പ്രിയതരം ആക്കേണ്ടതിനുള്ള കർമ്മപഥവും പറയാനുള്ള പുറപ്പാട്.

സ്വതന്ത്രഭാരതത്തിന്റെ തിരുപ്പിറവിക്കിപ്പോൾ വയസ്സ് എൺപതാവാറായി.1947 ആഗസ്റ്റ് പതിനഞ്ചിന്റെ അന്ത്യയാമത്തിൽ,ബ്രിട്ടീഷുകാർക്കു യാത്രാമൊഴി ചൊല്ലേണ്ടിവന്നപ്പോൾ അന്നു ദൃശ്യമായ തെളിമയിൽ ചിറകുകൾ വിരിച്ച് നമ്മുടെ ദേശീയപതാക വാനോളം ഉയർന്നുപൊങ്ങി.ഇന്ത്യയിലുടനീളം ആഘോഷമായി, ഒര് ഓർമപ്പെടുത്തലായി ആഗസ്റ്റ് 15 ന് ദേശീയപതാകകൾ ഉയരും; പ്രധാനമന്ത്രി തലസ്ഥാനനഗരിയായ ന്യൂദില്ലിയിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.

1869 ഒക്ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിക്കും പുത് ലിഭായിക്കും ഒരു പുത്രൻ പിറന്നു—മോഹൻദാസ് കരംചന്ദ് ഗാന്ധി.രാജ്യമറിഞ്ഞില്ല,സ്വാതന്ത്ര്യം നേടിത്തരാൻ പിറന്ന ഒരു കർമ്മ യോഗിയും മഹാത്മാവും ആണ് അതെന്ന്.സത്യ,അഹിംസ ഇവയൊന്നും കൈവെടിയാതെ ആയുധമാക്കി,അക്ഷീണം അടരാടി ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച ആ മഹാന്,ഇന്ത്യാ-പാക് വിഭജനവും മതഭിന്നതകളും എറെ അലോസരമുണ്ടാക്കി.1948 ജനുവരി 30 ന് ന്യൂഡൽഹിയിലെ ബിർളാഹൌസിൽ വച്ച് ആ ജീവൻ വെടിയേറ്റു പിടയുമ്പോൾ,ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി ഒരു വർഷം പോലും തികഞ്ഞിട്ടില്ലായിരുന്നു.ഒരു രാഷ്ട്രപിതാവിന്റെ ദാരുണ അന്ത്യം സ്വതന്ത്രേന്ത്യയുടെ പൗരനിൽ നിന്നു തന്നെയായത് ആ ആത്മാവിനു നിത്യശാന്തി നേരുമ്പോഴും ഹൃദയഭേദകമായി തന്നെ തുടരുന്നു.

ആഗസ്റ്റ് 15ന് ,സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ രൂപകൽപ്പന ചെയ്ത ‘മൈ ഭാരത് പോർട്ടലിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.സ്ക്കൂൾ -കോളെജ് തലങ്ങളിലും വിവിധ സന്നദ്ധസംഘടനകൾ ഒരുക്കുന്ന വിപുല പരിപാടികളിലും ദിനാഘോഷത്തിന്റെ പ്രാധാന്യം പ്രകടമാക്കുമാറുള്ള വിഷയങ്ങൾക്കാണ് മുൻതൂക്കം.സംസ്ഥാന സർക്കാർ ഓഫീസുകളിലും മറ്റെല്ലാതുറകളിലും രാജ്യസ്നേഹം വിളംബരം ചെയ്യുന്ന ഒട്ടേറെ ആഘോഷപരിപാടികളാണ് അന്നു നടക്കുക.

കാലേക്കൂട്ടി സ്വാതന്ത്ര്യദിന സന്ദേശം ഫലവത്തായി എത്തിക്കാൻ നമുക്കാവണം. ‘ലോകത്ത് നാം കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം വരുത്തേണ്ടത് നമ്മളിൽ തന്നെയാണ്’, മഹാത്മാഗാന്ധിയുടെ ആ വചനങ്ങൾ ഉൾക്കൊണ്ടു മുന്നേറേണ്ട നാളുകൾ എന്നേ വന്നു കഴിഞ്ഞു.

ദേശീയ ദിനങ്ങളിൽ, ആദ്യവാരം തന്നെയുള്ള ആഗസ്റ്റ് 7 നാണ് ദേശീയ കൈത്തറിദിനം ആചരിക്കേണ്ടത്.നെയ്ത്തുസംരംഭത്തെ പ്രോത്സാഹിപ്പിക്കാനും നെയ്ത്തുകാരെ യഥാവിധി ആദരിക്കാനുമുള്ള ഒരവസരം ഒരുക്കുകയാണ് ഇതുവഴി.കൈത്തറിമേഖലയുടെ സംഭാവനകളാണ് ഗ്രാമീണ മേഖലയിലെ വളർച്ചയ്ക്കും തൊഴിലിനും മുതൽക്കൂട്ടായിട്ടുള്ളത്.1905ൽ സ്വദേശി പ്രസ്ഥാനം പ്രഖ്യാപിച്ച ദിനത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് കൈത്തറി ദിനം.
ആഗസ്റ്റ് 6,ആർക്കും മറക്കാനാവാത്ത ഒര് അന്താരാഷ്ട്ര ദിനമാണ്.ലോകത്തെയാകെ കിടുകിടാ വിറപ്പിച്ച് രണ്ടാം ലോകമഹായുദ്ധം ആളുകളെ കൊന്നൊടുക്കിയപ്പോൾ അണുവികിരണം ഏറ്റ് അവശേഷിച്ചവർ പീന്നീട് ക്യാൻസർ പോലെയുള്ള രോഗബാധയേറ്റു പിടഞ്ഞു മരിക്കുയായിരുന്നു.1945 ലെ ആ ദിനത്തിൽ ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക ബോംബു വർഷിച്ചതിന്റെ ദുഖസ്മരണയായാണ്,ആഗസ്റ്റ് 6 ,ഹിരോഷിമ ദിനമായി ആചരിക്കാറുള്ളത്.അതേ വർഷം ആഗസ്റ്റ് 9 ന് ജപ്പാനിലെ നാഗസാക്കി നഗരത്തിലും അമേരിക്ക അണുബോംബു വർഷിച്ച് ആളപായം ഉണ്ടാക്കിയത് മറ്റൊരു ദുരന്തചരിത്രമായി.

ആ ഓർമദിനമാണ് നാഗസാക്കിദിനം. ആണവായുധവിരുദ്ധയജ്ഞവും ലോകസമാധാനവും ലക്ഷ്യമിട്ടാണ് ഈ ഓർമദിനങ്ങളുടെ ആചരണങ്ങൾ എങ്കിലും രാജ്യങ്ങൾ തുടർന്നും അങ്ങിങ്ങ് ആണവായുധങ്ങൾ പ്രയോഗിക്കുന്നതും അതിനായി അവ കരുതിവയ്ക്കുകയും ചെയ്യുന്നതു തികച്ചും അപലപനീയം തന്നെ. പ്രസ്തുത ദിനങ്ങളിൽ ദുരന്തപശ്ചാത്തലം ഒരു വട്ടമെങ്കിലും ഓർത്തു ലോകജനത പെരുമാറേണ്ടതും അതു തുടരേണ്ടതും മനുഷ്യരാശിയുടെ അസ്തിത്വത്തിന് അനിവാര്യം തന്നെ.

ആഗസ്റ്റ് 9 നു തന്നെയാണ് മറ്റൊരു ലോകദിനം-ലോക ആദിവാസിദിനം.ആദിവാസികളുടെ അവകാശങ്ങൾക്കും സംസ്കാരത്തിനും ഊന്നൽ നൽകാൻ ഐക്യരാഷ്ട്രസഭ തന്നെ പ്രഖ്യാപിച്ചതാണിത്.
സ്വാതന്ത്ര്യലബ്ധിക്ക് അഞ്ചു വർഷം മുൻപ്,1942 ൽ ഒര് ആഗസ്റ്റിൽ തന്നെ,ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ ഗാന്ധിജിയുടെ നേതൃത്വത്തിൽ ചരിത്രസ്ഥായിയായ ഒരു പ്രക്ഷോഭണത്തിനു നാന്ദി കുറിച്ചു.അങ്ങനെ ആഗസ്റ്റ് 8 ന്, ‘ഇന്ത്യ വിട്ടേ മതിയാവൂ’ എന്ന ശക്തമായ ആഹ്വാനത്തോടെ ‘ക്വിറ്റ് ഇന്ത്യ’ എന്ന ആശയം ഒരു പ്രമേയമായി,സമരാവേശമായി,വികാരതീഷ്ണതയോടെ രാജ്യമെങ്ങും അനുരണനങ്ങൾ സൃഷ്ടിച്ചു ;ആ ഓർമ്മയുടെ അനിവാര്യത അറിഞ്ഞു തന്നെയാണ് ആഗസ്റ്റ് 8 നു ക്വിറ്റ് ഇന്ത്യാ സമരദിനം നാം ആചരിക്കേണ്ടത്.

വ്യത്യസ്ത സന്ദർഭങ്ങളിലും, ദേശഭേദമന്യേ ,യുവാക്കളുടെ ഊർജ്ജം അവരുടെ പൊതുഅഭിലാഷങ്ങളിലാണ് നിലകൊള്ളുന്നത്.ഈ വർഷത്തെ അന്താരാഷ്ട്ര യുവജനദിനമായ ആഗസ്റ്റ് 12 ന്റെ പ്രമേയം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.അവർ നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് രാഷ്ട്രവികസനത്തിൽ അവരുടെ നിർണ്ണായകമായ പങ്ക് ഉറപ്പുവരുത്തുക ഈ ദിനാഘോഷത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിൽ ഒന്നാണ്. ഇത്തരമൊര് ആശയത്തിനു നാന്ദി കുറിച്ചത് എൈക്യരാഷ്ട്രസഭയാണ്.
ആഗസ്റ്റ് 23 ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ചരിത്രവിസ്മയം തീർത്തൂ,നമ്മുടെ ഭാരതം; ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യവുമായി.ആ ഓർമ്മപ്പെടുത്തലാണ് ആഗസ്റ്റ് 23 ന് ആചരിക്കപ്പെടുന്ന ദേശീയ ബഹിരാകാശദിനം.അടിമക്കച്ചവടത്തിന് അന്ത്യം കുറിച്ചതിന്റെ ഓർമപെടുത്തലായി ,ഒര് അന്തർദേശീയ ദിനമായി ആചരിക്കപ്പെടുന്നതും ആഗസ്റ്റ് 23 നു തന്നെ.
ഇന്ത്യൻ ഹോക്കി രംഗത്തെ ഇതിഹാസമായിരുന്നു മേജർ ധ്യാൻചന്ദ്.മൂന്ന് ഒളിമ്പിക് സ്വർണ്ണമെഡൽ നേടിയ അദ്ദേഹം നേടിയ കായികപുരസ്കാരങ്ങൾ നിരവധിയാണ്. കായികമേഖലയിലുടെ പ്രാധാന്യം ഉൾക്കൊണ്ട് അതുവഴി ആരോഗ്യപരിരക്ഷ നേടുക എന്നത് അഭിലഷണീയമായ കാഴ്ചപ്പാടാണ്. മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് 29 , മഹത്തരമായ ഒരു കായിക ദിനമായാണ് രാജ്യം കൊണ്ടാടുന്നത്.

ഏതു പൂച്ചയ്ക്കും പട്ടിക്കും ഒരു ദിനമുണ്ടാവും, അല്ലേ? ;നൂറുശതമാനം ശരി.ആഗസ്റ്റ് 8ന് ,ലോകപൂച്ചദിനവും ആഗസ്റ്റ് 26ന് ലോക നായ ദിനവും ആയി ആചരിക്കപ്പെടുന്നു.അവയുടെ സംരക്ഷണവും ക്ഷേമവും ആണ് ആഗോളലക്ഷ്യം എങ്കിലും പ്രായമേറുന്നതോടെയോ ദുർബലമാകുന്നതോടെയോ അവയെ വലിച്ചെറിയാനുള്ള മനുഷ്യന്റെ കൊടും ക്രൂരതയ്ക്കു കടിഞ്ഞാണിടാനും അവ നിരീക്ഷിച്ചു നടപടി എടുക്കാനുമുള്ള സുരക്ഷാസംവിധാനവും നിയമസംവിധാനവും ഇനിയും പുരോഗമിക്കേണ്ടതുണ്ട്.