Sat Oct 03, 2026 6:06 am
FLASH
X

അറിയേണ്ടതും ആചരിക്കേണ്ടതും – ഭാഗം-2

എസ് ശ്രീകുമാർ

ജൂലൈ മാസം ആദ്യ നാൾ തന്നെ എറ്റവും പ്രധാനപ്പെട്ട ഒരു ദേശീയ ദിനമാണ് .പ്രാണന്റെ പാതുകാപ്പുകാരായ ഭിഷഗ്വരൻമാരെക്കുറിച്ച് അറിയാനും ഓർക്കാനും ആദരിക്കാനുമുള്ള ഒരു ദിനം ;ദേശീയ ഡോക്ടേഴ്സ് ദിനം.1991 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.അതിനൊരു കാരണമുണ്ട്.പശ്ചിമബംഗാളിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന ഡോക്ടർ ബിധൻ ചന്ദ്രറോയി പേരെടുത്ത ഭിഷഗ്വരനും വൈദ്യശാസ്ത്ര രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ ഒരു വ്യക്തിയുമായിരുന്നു.ആ അമുല്യ സംഭാവനകൾ മുൻനിറുത്തിയാണ്,അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവുമായ ജൂലൈ 1,അങ്ങനെ ദേശീയ ഡോക്ടേഴ്സ് ദിനമായത്.വിവിധ രാജ്യങ്ങൾ വ്യത്യസ്ത മാസങ്ങളിൽ,മാനങ്ങളിൽ ഒക്കെ ഡോക്ടേഴ്സ് ദിനം ആചരിക്കാറുണ്ട്.മരുന്നുകൾക്കതീതമായ മനക്കരുത്തും സാന്ത്വനവും ഡോക്ടർമാർ രോഗികൾക്കു പകർന്നു നൽകുമ്പോൾ ഒരു പക്ഷേ,നാമോർക്കാനിടയില്ലാത്തത്, പിരിമുറുക്കങ്ങൾ അവർക്കുമുണ്ടാവാറുണ്ട് എന്ന വസ്തുതയാണ്.അവിടെയാണ് നമ്മുടെയെല്ലാം മനസ്സ് ഈ ഒരു നാളിലെങ്കിലും അവർക്കായി തുറന്ന് അകമഴിഞ്ഞ ആദരവും കരുണയും പ്രതിപ്രവർത്തനം പോലെ അർപ്പിക്കേണ്ടത്. ആശംസാനിർഭരമായ ഒരു നല്ല വാക്ക്,ആനന്ദതുന്തിലമായ നിർവൃതിയിൽ നിസ്സംശയം അവരെ എത്തിക്കും.

ഇന്ത്യൻ തപാൽ സംവിധാനങ്ങൾ സുഗമവും അന്താരാഷ്ട്രനിലവാരമുള്ളവയുമാണ്.ദേശീയ തപാൽതൊഴിലാളി ദിനവും ആചരിക്കുന്നത് ജൂലൈ 1 നു തന്നെ.അന്നു തന്നെയാണ് ദേശീയ സി.എ അഥവാ ചാർട്ടേഡ് അക്കൌണ്ടന്റ്സ് ദിനവും.1949-മാണ്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ സ്ഥാപിതമായ ദിനം ആണത്.രാജ്യത്തിന്റെ സുതാര്യമായ സമ്പത്ത് വ്യവസ്ഥയിൽ ചാർട്ടേഡ് അക്കൌണ്ടന്റ്സിന്റെ സ്ഥാനം സ്തുത്യർഹമാണ്.അതനുസ്മരിക്കേണ്ടത് ,പ്രത്യേകിച്ച് ഭാരതത്തെ പോലെ ഒരു വികസ്വരരാഷ്ട്രത്തിൽ ,അനിവാര്യമാണ്. ജൂലൈ 1 നു തുടങ്ങി ഒരു വാരം വനമഹോത്സവ വാരമായി ഭാരതത്തിൽ ആചരിക്കപ്പെടുന്നതും നാം അടയാളപ്പെടുത്തേണ്ട കാര്യമാണ്.കാരണം,പ്രകൃതി സംരക്ഷണത്തിനു മരങ്ങൾ വച്ചു പിടിപ്പിച്ചേ മതിയാവൂ ,ഇല്ലെങ്കിൽ പൊല്ലാപ്പാണ് എന്ന ഉദ്ബോധനം ഇതുവഴി കൈമാറേണ്ടതുണ്ട്.

തൊട്ടടുത്ത ദിവസം, ജൂലൈ 2 കൌ തുകരമായ ഒരു ലോകദിനമാണ്; ലോക യു.എഫ്.ഒ ദിനം.യു.എഫ്.ഒ എന്നാൽ തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തുക്കൾ (UFO-UNIDENTIFIED FLYING OBJECTS) .വിവക്ഷ മറ്റൊന്നുമല്ല,അജ്ഞാത വസ്തുക്കളെ കുറിച്ചുള്ള അന്വേഷണവും അന്യഗ്രഹജീവികളുടെ സാധ്യത ആരായുകയുമാണ്.

ഫിഫ ലോകകപ്പ് ഫുട്ബാൾ കാണികളുടെ മനസ്സും ഹൃദയവും കവർന്ന്, ഒരു ദിനചര്യയായി മാറിക്കൊണ്ടിരിക്കുയാണ് . സ്പർദ്ധയും യുദ്ധവും പ്രതിബന്ധമാകാത്ത ഒരു പൊതുവികാരമാണത്.ഇവിടെ കാണികൾ ,കളിക്കാരോടൊപ്പം കളത്തിൽ നേരിട്ടിറങ്ങുകയാണ് ;കാണികളും കളിക്കാരും അവർ തന്നെയായിത്തീരുന്നു എന്നു വ്യംഗ്യം.ചുരുക്കി പറഞ്ഞാൽ കളികൾ അനുഭവവേദ്യമാക്കുന്ന,ഒന്നല്ല,ഒട്ടേറെ ദൃ:സാക്ഷികൾ അവരെ അമ്പരപ്പോടെ അനുഗമിച്ച് കളിക്കളത്തിലിറക്കുയാണ്.കായിക പത്രപ്രവർത്തകർ പ്രസക്തരാകുന്നത് ഈ ഔന്നത്യം കാണികൾക്കു കൈമാറുന്ന കാര്യത്തിലാണ്.അതുകൊണ്ട് കായിക പത്രപ്രവർത്തകർക്കും അവശ്യം വേണം ഒരു ലോകദിനം; അതാണ് ജൂലൈ 2 .അവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ,1924 ജൂലൈയിൽ ഫ്രാൻസിലെ പാരീസിൽ വച്ച് ഇന്റർനാഷണൽ സ്പോട്സ് പ്രസ് അസോസിയേഷൻ സ്ഥാപിതമായ ദിനമാണത്.

അനിയന്ത്രിതമായ ജനസംഖ്യാവർധന ആഗോളതലത്തിൽ ഉണ്ടാക്കിയ അങ്കലാപ്പുകൾ ചില്ലറയല്ല.കുറേ പതിറ്റാണ്ടുകൾക്കു മുൻപ് ഇതായിരുന്നു അവസ്ഥ.അമിതജനസംഖ്യയുണ്ടാക്കുന്ന അനുബന്ധപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ചിന്തയിൽ നിന്നാണ് ലോകജനസംഖ്യാദിനം പിറവിയെടുത്തത്.അങ്ങനെ,1990 മുതൽ ജൂലൈ 11,ലോകജനസംഖ്യാദിനമായി ആചരിച്ചുതുടങ്ങി.

സമാധാനത്തിനുള്ള നോബൽ സമ്മാനം പതിനേഴാമത്തെ വയസ്സിൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ;മലാല യൂസഫ് സായ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരുതിയ മലാല ഒടുവിൽ താലിബാന്റെ തോക്കിനിരയായി.അതിജീവിതയായി തിരികെ വന്ന മലാല,തന്റെ പോരാട്ടം ശക്തമാക്കി.മലാലെയുടെ ജനനത്തീയതിയായ ജൂലൈ 12 ആണ് അന്താരാഷ്ട്ര മലാല ദിനമായി ആചരിക്കപ്പെടുന്നത്.

ജൂലൈ 17 നാണ് അന്താരാഷ്ട നീതിക്കുവേണ്ടിയുള്ള ലോകദിനം.അന്താരാഷ്ട ക്രിമിനൽ കോടതി സ്ഥാപിച്ചതിന്റെ ഓർമദിനം കൂടിയാണിത്.മനുഷ്യത്വധ്വസംനത്തിനെതിരെയുള്ള പ്രവൃത്തികൾക്കുത്തരവാദിയായവരെ നിയമത്തിനു മുൻപിൽ കോണ്ടുവരിക എന്നത് ഉദ്ദേശ്യലക്ഷ്യങ്ങളിൽ പ്രമുഖമാണ്.വംശഹത്യ,യുദ്ധം ഇവയൊക്കെ നീതിയുക്തമാവേണ്ടതും ഇവയിൽപ്പെടും.

ഓരോ ഭാരതീയന്റെയും മനസ്സിൽ ഒരു ത്രിവർണ്ണചായക്കൂട്ടുണ്ട് ; രാഷ്ട്രസ്നേഹത്തിന്റെ പരക്കെ പാറുന്ന വർണ്ണക്കൊടിയുടെ.1947 ലാണ് ഇന്ത്യയുടെ ഔദ്യോഗിക ദേശീയ പതാകയായി ത്രിവർണ്ണപതാക അംഗീകരിക്കപ്പെടുന്നത്.അതൊരു ജൂലൈ 22 നായിരുന്നു .അങ്ങനെ ദേശീയ പതാക ദത്തെടുക്കൽ ദിനം , ജൂലൈ 22ന് ഭാരതീയർ ആഘോഷപൂരിതമാക്കുന്നു.

അവിസ്മരണീയമായ നൊമ്പരങ്ങളും എന്നാൽ അന്തിമ വിജയവും കൈവന്ന,60 ദിനങ്ങളാണ് കാർഗിൽ യുദ്ധം നമ്മെ മുൾമുനയിലാക്കി കടന്നുപോയത്.ജൂലൈ 26 ന് വെന്നിക്കൊടി പാറിയപ്പോൾ ആ യുദ്ധവീരൻമാരെ യഥോചിതം ആദരിക്കുന്നതിന് ആ ദിവസത്തിനു കാർഗിൽ വിജയ് ദിവസ് എന്നു പേരു നൽകി എല്ലാ വർഷവും ആചരിക്കാൻ പ്രാരംഭം കുറിച്ചു.ജൂലൈ മാസത്തിൽ നാലാമത്തെ ഞായറാഴ്ച ,കുട്ടികളെ പരിരക്ഷിച്ചു പ്രാപ്തരാക്കുന്ന രക്ഷാകർത്താക്കൾക്കുള്ളതാണ്.കുട്ടികളോടുള്ള മമതയും ത്യാഗവും ഓർമ്മിപ്പിക്കുകയാണ്,ആ ദിനം ;ഇത്തവണ അതും ജൂലൈ 26നു തന്നെ.

ചരിത്രം കണ്ട മികച്ച അധ്യാപകരിൽ ഒരാളായ എ.പി.ജെ .അബ്ദുൾകലാം ഭാരതത്തിന്റെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്നു.2017 ജൂലൈ 27 ന് അദ്ദേഹം അന്തരിച്ചെങ്കിലും ,ആ കർമ്മപാതകൾ അനുകരണീയവും പറച്ചിലുകൾ ഉദ്ധരണികളുമാണ്.ഇന്ത്യൻ ബഹിരാകാശ,സൈനിക ഗവേഷണങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യമാണ്.ആ ചരമവാർഷികമാണ് ജൂലൈ 27 ന്; നാം ഓർത്തിരിക്കേണ്ട മറ്റൊരു ദിനം.

ജൂലൈ 28 നാണ് ലോകപ്രകൃതി സംരക്ഷണ ദിനം.ആരോഗ്യകരമായ പരിതസ്ഥിതിക്ക് അടിയന്തര സംരക്ഷണം അനിവാര്യമാണ്.പ്രകൃതി പോയാൽ ജീവജാലങ്ങളുടെ അസ്തിത്വം വെറും ചോദ്യ ചിഹ്നം!കേവലം ആചരണമല്ല,ഓരോ ദിനവും പ്രകൃതി സംരക്ഷണത്തിനായി മാറ്റി വയ്ക്കാനുള്ള ഊന്നലിനാവാണം അന്നു പ്രാധാന്യം കൽപ്പിക്കേണ്ടത്.

പിന്നെയുമുണ്ട് ഓർമ്മ ചെപ്പിൽ കരുതേണ്ട ദിനങ്ങൾ.ലാളിത്യം,ക്ഷമ,സൌഹൃദം ഇവയൊക്കെ ഊട്ടി ഉറപ്പിക്കാൻ ,ജൂലൈയിൽ തന്നെ.ആചരിക്കേണ്ടവയും ആഘോഷിക്കേണ്ടവയും മനസ്സറിഞ്ഞ് നാം ഉൾക്കൊണ്ട് ജീവിതചര്യയാക്കുക ;അതു കണ്ട് ,വരും തലമുറ ആശയ സമ്പുഷ്ടിയോടെ വളർന്നോട്ടെ.