Sat Apr 25, 2026 7:52 pm
FLASH
X
booked.net

ആർപ്പോ …ഇർർർർറോ…..

EDITORIAL / Web Desk April 25, 2026

കണ്ണിനു വിസ്മയമേകിയുള്ള വർണ്ണക്കാഴ്ചകൾ, കാതിൽ പാണ്ടി, പഞ്ചാരി, പഞ്ചവാദ്യങ്ങളുടെ മേളപ്പെരുമ, ആകാശത്ത് പൂത്തിറങ്ങുന്ന വർണ്ണക്കുടകൾ, ആത്മാവിൽ പുണ്യം നിറച്ച് ദേശദേവതകളുടെ എഴുന്നള്ളത്ത് പൂരത്തെകുറിച്ചാണ് പറയാനുള്ളത്, പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തെക്കുറിച്ച്…

ഓരോ ദേശത്തിനെയും അടയാളപ്പെടുത്തുന്ന ചില ഉത്സവങ്ങളുണ്ട്. ചിലപ്പോൾ ആ ദേശം പോലും അറിയപ്പെടുന്നത് ആ ഉത്സവത്തിന്റെ പേരിലായിരിക്കും. പുരിയിലെ ജഗന്നാഥന്റെ രഥോൽത്സവവും മൈസൂരിലെ ദസറയും ആ നാടിന്റെ മാത്രമല്ല രാജ്യത്തിൻറെ മുഴുവൻ ആഘോഷമാണ്. നമ്മുടെ തൃശൂർ പൂരം ആ ഗണത്തിൽ പെടുന്നതാണ്. പൂരം മലയാളക്കരയുടെ മാത്രമല്ല നമ്മുടെ ദേശത്തിൻെറ മുഴുവൻ ആഘോഷമാണ്. ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മേളത്തിലും കാഴ്ച്ചയിൽ പോലും ഇത്രയേറെ കണിശതയുള്ള, ചിട്ടയുള്ള മറ്റ് ആഘോഷങ്ങളുണ്ടോ എന്ന് സംശയം.

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് 200 വര്‍ഷത്തിലധികം പഴക്കമുണ്ട്. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാനാണ് തൃശൂര്‍ പൂരത്തിന് തുടക്കം കുറിക്കുന്നത്. 1798ൽ ആദ്യത്തെ തൃശൂർ പൂരം നടന്നതെന്നാണ് ചരിത്രം പറയുന്നത്. അപ്പോൾ തൃശൂർ പൂരം എന്താണെന്നും എങ്ങനെയാണെന്നും അറിയണം. അതിനു മുൻപ് ഈ പൂരത്തിന്റെ സൃഷ്ടാവായ ശക്തൻ തമ്പുരാന്റെ കഥയും അറിയണം. തിരുവിതാംകൂറിന് മാർത്താണ്ഡവർമ്മ എങ്ങനെയാണോ അതുപോലെയാണ് കൊച്ചിരാജ്യത്തിനു ശക്തൻ തമ്പുരാൻ. ആ പേരിൽ തന്നെയുണ്ട് ആ കരുത്തും പ്രൗഢിയും

ശക്തൻ തമ്പുരാൻ

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ’. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് രാജാ രാമവർമ്മ കുഞ്ഞി പിള്ള തമ്പുരാൻ എന്നാണ്. കഴിവുറ്റ ഭരണാധികാരി, തന്ത്ര ശാലിയായും ദൂരവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനാണ് ശക്തൻ തമ്പുരാൻ. കള്ളന്മാരെയും അക്രമികളെയും അദ്ദേഹം ദയയില്ലാതെ അമർച്ച ചെയ്തു. നീതിനടപ്പാക്കുന്നതിൽ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. സത്യസന്ധത ഭരണത്തിന്റെ മുഖമുദ്രയായി

1751-ൽ വെള്ളാരപ്പിള്ളി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. പൂയം നക്ഷത്രത്തിലെ അമാവാസി നാളിലായിരുന്നു ജനനം. അദ്ദേഹത്തിന്‌ മൂന്നു വയസുള്ളപ്പോൾ അമ്മത്തമ്പുരാട്ടി മരിച്ചു. അതിനുശേഷം അദ്ദേഹത്തെ വളർത്തിയത്‌ ഇളയമ്മയുമായിരുന്നു. ചിറ്റമ്മയെ സ്വന്തം അമ്മയെപ്പോലെ അദ്ദേഹം കരുതി.ചെറുപ്പത്തിലേ വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. കോവിലകത്തുള്ളവർ താമസം തൃപ്പൂണിത്തുറയിലേക്ക്‌ മാറിയതിനാൽ പിന്നീടുള്ള വിദ്യാഭ്യാസം അവിടെ വച്ചായിരുന്നു. അദ്ദേഹത്തിന്‌ പത്ത്‌ വയസുള്ളപ്പോൾ നാലാം കൂർ സ്ഥാനം ലഭിച്ചു. അപ്പോൾ മുതലേ അദ്ദേഹത്തിന്റെ ധീരതയും കൂസലില്ലായ്മയും വെളിപ്പട്ടു തുടങ്ങുകയും അദ്ദേഹത്തിന്‌ പത്ത്‌ വയസുള്ളപ്പോൾ ‘ശക്തൻ’ എന്ന് വിളിപ്പേര് വന്നു 29 വയസ്സായപ്പോൾ അദ്ദേഹത്തിന്‌ വീരകേരളസ്ഥാനം ലഭിച്ചു

ചെറുപ്പത്തിൽ തന്നെ ഭരണകാര്യങ്ങളിൽ വലിയ തല്പരനായിരുന്നു അദ്ദേഹം. തിരുവിതാംകൂറിൽ മാർത്താണ്ഡ വർമ്മ നടപ്പിലാക്കിയ ഭരണത്തിൽ ആകൃഷ്ടനായ അദ്ദേഹം അതേ മാതിരിയുള്ള കാഴ്ചപ്പാടാണ് സ്വീകരിച്ചത്. ധർമ്മരാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂറിലെ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ് അദ്ദേഹത്തിന്റെ സമകാലികനും സുഹൃത്തുമായിരുന്നു. ഇംഗ്ലീഷുകാരോടും മൈസൂർ, തിരുവിതാംകൂർ, കോഴിക്കോട് എന്നീ അയൽ രാജ്യങ്ങളോടും ഉള്ള നയതന്ത്ര ബന്ധം കൈകാര്യം ചെയ്യുന്ന വിദേശകാര്യ മന്ത്രിയായി കുറെ നാൾ സേവനം അനുഷ്ടിച്ചു. മുപ്പതാം വയസ്സിൽ അദ്ദേഹം തൃശ്ശൂരിൽ നിന്നും വിവാഹം കഴിച്ചു . അതിൽ ഒരു പെൺ കുഞ്ഞ്‌ ജനിക്കുയും ചെയ്തു. എന്നാൽ അദ്ദേഹവും ഭാര്യയും തമ്മിൽ ഒത്തുപോയില്ല. അവരെ വേറെ കൊട്ടാരത്തിൽ താമസിപ്പിച്ചു. . പിന്നീട്‌ അദ്ദേഹം തൃശ്ശൂരിലെ തന്നെയുള്ള കരിമ്പേറ്റ്‌ ചുമ്മുക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. ഇത്‌ അദ്ദേഹം രാജാവായതിനു ശേഷമായിരുന്നു. മുപ്പത്തിയൊൻപതാം വയസ്സിൽ അദ്ദേഹം കൊച്ചി രാജാവായി. വലിയ തമ്പുരാൻ മരണമടയുന്നതിനുമുന്നേ ഇളമുറത്തമ്പുരാനും മരിച്ചതിനാൽ ശക്തനായിരുന്നു അടുത്ത മൂത്ത രാജകുമാരൻ.

ശക്തന്റെ ഭരണപരിഷ്കാരങ്ങൾ

സിംഹാസനത്തിൽ ഇരുന്ന ശേഷം ശക്തൻ തമ്പുരാൻ ആദ്യമായി ചെയ്തത്‌ തൃശ്ശിവപേരൂരും തൃപ്പൂണിത്തുറയും ഒരോ കോട്ടയും കിടങ്ങും ഉണ്ടാക്കുകയായിരുന്നു. ഗതാഗത സൗകര്യം, ശുചീകരണം, മുതലായ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. നാടുനീളെ വഴികൾ വെട്ടുകയും വഴികൾക്ക് ഇരുവശവും തണലിനായി മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു. വീഥികളോട് ചേർന്നു താമസിക്കുന്നവർ ദിവസവും അവരുടെ മുന്നിലുള്ള വഴികളും വൃത്തിയാക്കണം എന്ന കൽപനയും പുറപ്പെടുവിച്ചു. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന തേക്കിൻ കാട്‌ വെട്ടിത്തെളിച്ച്‌ മൈതാനമാക്കിയതും അത്‌ നാട്ടുകാർക്ക്‌ സുഗമമായി സഞ്ചരിക്കാൻ യോഗ്യമാക്കിയതും ശക്തന്റെ കാലത്താണ്‌. തൃശൂർ പൂരത്തിൽ തേക്കിൻ കാടിനുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ. അദ്ദേഹം കൊട്ടാരം വകയായി വളരെയധികം ഭൂമി പിടിച്ചെടുക്കുകയും അവിടെയെല്ലാം കൃഷി ചെയ്യിക്കുകയും ചെയ്തു. പിടിച്ചെടുത്ത ഭൂമി പാവപ്പെട്ടവരുടേതാണെങ്കിൽ അതിനു നഷ്ടപരിഹാരം കൊടുത്തിരുന്നു, എന്നാൽ ജന്മിമാരുടേതിന്‌ യാതൊന്നും കൊടുത്തതുമില്ല. രാജ്യത്ത് അക്രമങ്ങൾ അറിയുന്നതിനായി രാത്രി കാലങ്ങളിൽ വേഷം മാറി നാടുചുറ്റിയിരുന്നു. ശക്തമായ ഒരു ചാരശൃംഖലയും അദ്ദേഹത്തിനുണ്ടായിരുന്നു. വേഷപ്രച്ഛന്നനായി അദ്ദേഹം തിരുവനന്തപുരം വരെ പോയിട്ടുണ്ടെന്നും മുറജപവും മറ്റും കണ്ടെന്നുമൊക്കെ കഥകളുണ്ട്. ഏതായാലും ശക്തൻ തമ്പുരാൻ പേരുപോലെ തന്നെ ശക്തനായിരുന്നു. കൊച്ചിയെ കരുത്തുറ്റ രാജ്യമാക്കി മാറ്റാൻ, അതിന്റെ അതിർത്തികൾ ബലപ്പെടുത്താൻ ശക്തൻ തമ്പുരാന് കഴിഞ്ഞു.

തൃശൂർ പൂരത്തിന്റെ കഥ

തൃശൂരിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന അതി പുരാതനമായ പൂരമാണ്‌ ആറാട്ടുപുഴ പൂരം. ഇത് കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രോത്സവമായി കരുതപ്പെടുന്നു. ആയിരത്തി നാനൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. പെരുവനം ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ ഇതിന്റെ റഫറൻസുണ്ട്. 23 ദേവി-ദേവന്മാരുടെയും മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും സാന്നിധ്യം ഇവിടെയുണ്ടെന്നാണ് കരുതുന്നത്. 108 ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം പങ്കെടുത്തിരുന്ന കാലത്ത് അത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. “ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറ് തൃശൂർ പൂരം നടത്താം” എന്ന് ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ടായിരുന്നു..ആറാട്ടുപുഴ പൂരം നടക്കുന്ന ദിവസം തൃശൂർ വടക്കുംനാഥൻ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രങ്ങളിലും ശുചീന്ദ്രം ക്ഷേത്രത്തിലും നേരത്തേ നട അടക്കുമായിരുന്നു. ദേശക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയായിരുന്നു ഈ പൂരം.

1796-ലെ ആറാട്ടുപുഴ പൂരത്തിനു തൃശൂരിൽ ശക്തമായ കാറ്റും പേമാരിയുമുണ്ടായി. പൂരത്തിന് പുറപ്പെടാൻ ഒരുങ്ങിനിന്നവർ ആകെ നിരാശയിലായി. കനത്ത മിന്നൽ കാരണം ആനകൾ വിരണ്ടു. യാത്ര നടക്കില്ലെന്ന് മനസിലായി. പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾ ആകെ വിഷമിച്ചു. ഒരു വർഷത്തെ കാത്തിരിപ്പാണ് പൂരത്തിനായി. അത് മുടങ്ങുന്നത് ആചാരങ്ങളുടെ മുടക്കം കൂടിയാണ്. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ആറാട്ടുപുഴ പൂരം സംഘാടകർ വിലക്ക് ഏർപെടുത്തി. ഇതറിഞ്ഞ ശക്തൻ ആകെ കോപാകുലനായി. വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ അതായത് 971 മേടത്തിനു (1796 മേയിൽ) തൃശൂരിൽ പൂരം നടത്താൻ ശക്തൻ ഉത്തരവിട്ടു. ആറാട്ടു പുഴ പൂരത്തിന് ആറാട്ടുപുഴ ശാസ്താവാണ് അധ്യക്ഷൻ. തൃശൂർ പൂരത്തിന് വടക്കുന്നാഥനെ സാക്ഷിയാക്കി. അതിനു കൃത്യമായ അടുക്കും ചിട്ടയും ഉണ്ടാക്കി. അങ്ങനെ കൊല്ലവർഷം 971 മേടത്തിലെ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം ദേവതമാർ വടക്കുന്നാഥന്റെ സന്നിധിയിലെത്തി. പാറമേക്കാവും തിരുവമ്പാടിയും ഉപചാരം ( തൃശൂർ കാരന്റെ ഭാഷയിൽ ഔചാരം) ചൊല്ലി പിരിഞ്ഞപ്പോൾ ശക്തൻ പോലും ചിന്തിച്ചിട്ടുണ്ടാവില്ല, താൻ ഒരു ചരിത്ര സംഭവത്തിനാണ് കതിന കൊളുത്തിയതെന്ന്….

പൂരത്തിന്റെ ചടങ്ങുകൾ

തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നവരിൽ പ്രമുഖർ. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണനാണെങ്കിലും പൂരത്തിൽ പങ്കെടുക്കാൻ എത്തുന്നത് അവിടത്തെ ഉപദേവതയായ ഭഗവതിയാണ്.

എട്ടു ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായുള്ളത്. കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരത്തിനായി എത്തുന്നത്. പ്രധാന പൂര ദിവസമാണ് ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പ് നടക്കുന്നത്. ഈ പൂരങ്ങളെല്ലാം വടക്കുംനാഥന്റെ മുന്നില്‍ മാത്രമാണ് അരങ്ങേറുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അതായത് സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് പൂരത്തിനായി ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായ ചടങ്ങുകൾ ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റൊരു പ്രത്യേകത ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.

പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടിയേറുന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടും. പിന്നീട് ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിയ്ക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കും.

തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില പ്രത്യേക അവകാശങ്ങൾ ഉണ്ട്. പന്തലുകളും വെടിക്കെട്ടുകളും അവയിൽ പ്രധാനപ്പെട്ടതാണ്. പ്രദക്ഷിണ വഴിയിൽ പന്തലുയർത്താൻ ഇവർക്ക് മാത്രമേ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവർക്ക് തന്നെ. പഴയകാലങ്ങളിൽ ഈ രണ്ടുകൂട്ടർ തമ്മിൽ പലരീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ആനകളുടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളുടെ കാര്യത്തിലും മത്സരങ്ങൾ ഒരു പോലെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാത്തിനും കൃത്യമായ ക്രമീകരണങ്ങൾ വന്നു.

പ്രദക്ഷിണ വഴിയിൽ അതായത് തൃശൂർ റൌണ്ടിൽ പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലിൽ ( തെക്ക്) ഒരു പന്തലേയുള്ളുവെങ്കിൽ തിരുവമ്പാടിക്ക് പടിഞ്ഞാറ് നടുവിലാലും വടക്ക് നായ്ക്കനാലിലും പന്തലുകളുണ്ട്. നടുവിലാലിലെ പന്തലിന് ആചാരപ്രകാരം ഏറെ പ്രധാന്യമുള്ളതാണ്. കാരണം തിരുവമ്പാടി ഭഗവതി മഠത്തിൽ നിന്നെഴുന്നള്ളുമ്പോൾ വടക്കുംനാഥൻറെ നടയ്ക്കൽ മുഖം കാട്ടുന്നത് നടുവിലാലിലെ പന്തലിൽ നിന്നു കൊണ്ടാണ്. ഈ മുഹൂർത്തത്തിൽ പഞ്ചവാദ്യം ‘ഇടത്തീർ’ കലാശം കൊട്ടും. പുലർച്ചെ പ്രധാന വെടികെട്ട് സമയത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിൻറെയും ഓരോ ആനകൾ തിടമ്പേറ്റി നിൽക്കുന്നത് നായ്ക്കനാൽ- മണികണ്ഠനാൽ പന്തലുകളിലാണ്.

തൃശൂർ പൂരത്തിൻറെ തലേ ദിവസം പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങൾ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനു വെയ്ക്കുന്നു. പൂര പ്രദർശനം കാണാൻ ദേശത്തുനിന്നും വിദേശത്തു നിന്നും നിരവധിപേരാണ് എത്തുന്നത്.

നെയ്തലക്കാവിലമ്മയും തെക്കേനടയും

കണിമംഗലം ശാസ്താവിൻറെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥൻ കണികണ്ടുണരുന്നത്. കണിമംഗലം ക്ഷേത്രത്തിൽ ദേവഗുരുവായ ബൃഹസ്പതിയാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. വടക്കുംനാഥൻറെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കുന്നു. വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ചെറുപൂരം ഇതാണ്. അതിനു കാരണം ബൃഹസ്പതി ദേവഗുരുവായതുകൊണ്ടാണ്. ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതിൽ തലേന്നു തുറന്നിടുന്നു. വർഷം മുഴുവൻ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്. പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരവാതിൽ തള്ളി തുറക്കുന്നത് കാണാൻ നിരവധിപേരാണ് എത്തുന്നത്. തള്ളി തുറക്കാൻ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനാണ് എത്തുന്നതെങ്കിൽ പറയുകയും വേണ്ട!

ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന നെയ്തലക്കാവിലമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ ആദ്യ പാണ്ടി മേളം തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്രിപുടയാവും. ത്രിപുടയോടെ ചുറ്റമ്പലത്തിൽ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച് തെക്കേഗോപുരത്തിലെത്തുമ്പോൾ ത്രിപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴൽ‌പറ്റ് ആവും. പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും. അതായത് ഈ ഓരോ ചടങ്ങുകൾക്കും അകമ്പടി സേവിക്കുന്ന സംഗീതത്തിലുമുണ്ട് കൃത്യമായ അടുക്കും ചിട്ടയും.

മഠത്തിൽ വരവും പഞ്ചവാദ്യവും

പൂരത്തിൻറെ അവിഭാജ്യ ഘടകങ്ങളാണ് ചെറു പൂരങ്ങൾ. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും. ചെമ്പൂക്കാവ് ഭഗവതി, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യായനി, അയ്യന്തോൾ കാർത്ത്യായനി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, കണിമംഗലം ശാസ്താവ്, പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താവ്, ഇവരാണ് ചെറുപൂരങ്ങളായി വടക്കുന്നാഥന്റെ സന്നിധിയിൽ എത്തുന്നത്. . മൂന്നിൽ കൂടാതെ ആനകൾ ഓരോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതിനുശേഷമാണ്‌ തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവ്.

മഠത്തിൽ വരവിനെക്കുറിച്ച്‌ രസകരമായൊരു ഐതിഹ്യമുണ്ട്. തൃശ്ശൂർ നടുവിൽ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു. ഈ മഠത്തിന്‌ രക്ഷാധികാരിയായിരുന്നത്‌ നടുവിൽ മഠം സ്വാമിയാർ ആണ്‌. ഈ മഠത്തിൻറെ കൈവശം സ്വർണ്ണത്തിൽ പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാൽ തിരുവമ്പാടി വിഭാഗത്തിന്‌ ഈ നെറ്റിപട്ടങ്ങൾ കിട്ടിയാൽ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാർ മൂപ്പിൽ സ്വാമിയാരെ സമീപിച്ചപ്പോൾ, ആനകളെ മഠത്തിലേക്ക്‌ കൊണ്ടുവരികയാണെങ്കിൽ നെറ്റിപട്ടം അവിടെ വെച്ച്‌ അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടർന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ മഠത്തിലേക്ക്‌ വരാനും അവിടെ വെച്ച്‌ നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വർണം പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ്‌ തുടർന്നു വരുന്നു. നടുവിൽ മഠത്തിൽ ദേവ ചൈതന്യം ഉള്ളതു കൊണ്ട്‌ അവിടെ വെച്ച്‌ ഒരു ‘ഇറക്കി പൂജയും’ നടത്തുന്നു. രാവിലെ എട്ടു മണിക്കാണ്‌ മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. ‘ഇറക്കി പൂജ’ കഴിഞ്ഞ് പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പോൾ എണ്ണം 15 ആകുന്നു.

മഠത്തിൽ വരവ് പ്രശസ്തിയാർജിച്ചത് പഞ്ചവാദ്യമേളത്തിലാണ്‌. ദേവസംഗീതമാണ് പഞ്ചവാദ്യം. ചെണ്ടമേളം ആസുരവും. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ ഉണ്ടാകണം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ്‌ കണക്ക്. ഇത് തെറ്റുവാൻ പാടില്ല. മഠത്തിൽ വരവ് പഞ്ചവാദ്യം ലോക പ്രസിദ്ധമാണ്. ഈ പഞ്ചവാദ്യം നായ്ക്കനാലിൽ മധ്യകാലവും തീരുകാലശവും കൊട്ടുന്നു. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു. ഇവിടെ നിന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.

പാറമേക്കാവ് ഭഗവതിയും ഇലഞ്ഞിത്തറമേളവും

ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിൻറെ പൂരം തുടങ്ങുന്നത്. പൂരത്തിൽ പങ്കുചേരുവാനായി പതിനഞ്ച്‌ ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച് അതിനു ശേഷം പാണ്ടിമേളം തുടങ്ങുന്നു. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ്‌ പങ്കെടുക്കാറ്. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത്‌ വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ എഴുന്നള്ളത്ത്‌ അവസാനിക്കുക. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തുന്നു. ഇനിയാണ് ലോകപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം നടക്കുന്നത്.

കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഈ മേളച്ചാർത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്. ഇലഞ്ഞി മാറിയെങ്കിലും ഇലഞ്ഞിത്തറ മേളത്തിന് ഒരു മാറ്റവും വന്നിട്ടില്ല. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ . ഈ കണക്കിൽ മാത്രം 222 പേർ വരും എന്നാലും എല്ലാ വർഷവും ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്. മിക്കവർക്കും ഇതൊരു വഴിപാടാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടുന്നത്‌ തൃശൂർ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌.

തെക്കോട്ടിറക്കം, പിന്നെ പൊടിപൂരം !

പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്‌. ഇത് വിട്ട് വേഗത കൂടുന്നതോടെ പൂരം പൊടിപൂരമാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ്‌ മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ചെണ്ട വായിക്കുന്ന ഒരു പ്രത്യേക രീതിയാണിത്. ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്നു. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടും. പിന്നെ കൊട്ടിക്കയറും. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി ഒരു കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കും. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.ഇലഞ്ഞിത്തറമേളത്തിന്‌ ശേഷമാണ്‌ തെക്കോട്ടിറക്കം. പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട്‌ മൈതാനത്തേക്ക്‌ പ്രവേശിക്കുന്ന ചടങ്ങാണിത്‌.

കുടമാറ്റം, മണ്ണിലും വിണ്ണിലും !

പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി കോർപ്പറേഷൻ ആപ്പീസിന്റെ മുമ്പിലുള്ള ശക്തൻ തമ്പുരാന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നിൽക്കും. തൃശൂരിന്റെ ശില്പിയോടുള്ള ഒരു ജനതതിയുടെ ആദരവ് കൂടിയാണ് ഈ ചടങ്ങ്. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിൽക്കുന്നതോടെ കുടമാറ്റം തുടങ്ങും ഇത് രണ്ടു വിഭാഗം ദേവിമാരുടെ കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.

ഓരോ കുടയും ഉയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും. എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകൾ ഉള്ള കുടകൾ അടുത്തകാലത്ത് അവതരിപ്പിച്ചതിൽ വ്യത്യസ്തതയുള്ള ഒന്നാണ്‌. മുപ്പതാനകളുടെ മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ പകലിന്‌ സ്വർണ്ണത്തിളക്കം സമ്മാനിക്കും. മേളത്തിൻറെ അകമ്പടിയോടെ പിന്നീട്‌ വർണങ്ങൾ മാറിമറിയും. പൂത്തുലയുന്ന വെഞ്ചാമരങ്ങൾക്കും ആലവട്ടങ്ങൾക്കും മേലേ വർണക്കുടകൾ ഉൽസവം തീർക്കും. അലുക്കുകൾ തൂക്കിയത്‌, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു് പ്രദർശിപ്പിക്കും.കാണികൾ ആർപ്പുവിളിച്ചും ഉയർന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും.

ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ അന്നത്തെ പകൽപൂരത്തിന് അവസാനമാകുന്നു. എന്നാൽ രാത്രിയും ചെറിയ പൂരങ്ങൾ ആവർത്തിക്കും. പിന്നീട് പുലർച്ചയാണ് വെടിക്കെട്ട്. പിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ്‌ പൂരത്തിൻറെ മറ്റൊരു ആകർഷണം. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ ദൃശ്യത്തിനാണു് ശബ്ദത്തേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.

പൂരക്കഞ്ഞിയും പൂരപ്രദർശനവും

പൂരപ്പിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂർക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.

പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും പപ്പടവും മട്ട അരികഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനുണ്ടാകും

തൃശൂർ പൂരത്തിന്റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങൾ ഉണ്ട്. അതിലൊന്നാണ് പൂരം പ്രദർശനം. ഈ പ്രദർശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തിൽ ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിനു് ഏകദേശം ഒരു മാസം മുമ്പേ തേക്കിങ്കാടു മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തു്, കിഴക്കെ ഗോപുര നടയ്ക്കു സമീപമായി പ്രദർശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദർശന നഗരി വാണിജ്യപ്രധാനവുമാണ്. പൂരത്തിലെ മുഖ്യപങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 1932-ൽ തൃശൂരിൽ രൂപം കൊണ്ട വൈ.എം.എ. 1933-ൽ തുടങ്ങിവെച്ചതാണ് പൂരം പ്രദർശനം. 1948 വരെ യുവജന സമാജത്തിൻറെ നേതൃത്വത്തിൽ തുടർന്നു. മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ൽ പ്രദർശനം ഉണ്ടായില്ല. അടുത്ത വർഷം മുതൽ 1962 വരെ നഗരസഭയാണ് പ്രദർശനം സംഘടിപ്പിത്. 1962-ലും 63-ലും പ്രദർശനം നിലച്ചു. 1962-ൽ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി, പതിവുള്ള ഗാംഭീര്യത്തോടെ തൃശ്ശൂർ പൂരം വേണ്ടെന്നു വെച്ചു. 1963-ൽ തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപവത്കരിച്ച കമ്മിറ്റിയാണ് എക്സിബിഷൻ നടത്തിയത്. പൂരത്തിന് വീതം നൽകാൻ കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്നു് ആ വർഷം പൂരം തന്നെ വേണ്ടെന്ന് വക്കുകയാണ് ഉണ്ടായത്.. തുടർന്നു 1964ൽ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പൂരം പ്രദർശനം പുനരാരംഭിച്ചു.

പൂരം പേരിനുമാത്രവും!

പൂരം ചടങ്ങുകൾ മാത്രമായി നടത്തിയ സന്ദര്ഭങ്ങളുമുണ്ട്. 1930ൽ കനത്ത മഴയെ തുടർന്ന് മുഴുവൻ ആനകളേയും എഴുന്നെള്ളിച്ചില്ല. 1939ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി. 1948ൽ മഹാത്മാഗാന്ധിയുടെ മരണത്തെ തുടർന്ന് ചടങ്ങുമാത്രമായി പൂരം നടത്തി. 1956ൽ വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ചടങ്ങുമാത്രമായി നടത്തി. 1962ൽ പൂരം പ്രദർശനത്തിന്റെ വിഹിതം ദേവസ്വങ്ങൾക്ക് സംഘാടകരായ സ്റ്റേഡിയം കമ്മിറ്റി തടഞ്ഞപ്പോൾ പൂരം ചടങ്ങുമാത്രമായി. 1963ൽ ഇന്ത്യ- ചൈന യുദ്ധ സമയത്തും ചടങ്ങായി മാത്രം പൂരം നടത്തി. 2020ൽ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടർന്ന് ചരിത്രത്തിലാദ്യമായി പൂരം പൂർണമായും ഉപേക്ഷിച്ചു. ചടങ്ങിന് അഞ്ചു പേർ മാത്രം. 200 വർഷത്തെ ചരിത്രത്തിൽ ക്ഷേത്രത്തിനകത്തു മാത്രമായി ആയി ചടങ്ങ് നടത്തുന്നത് ആദ്യമായായിരുന്നു

പൂരം ഒരു വികാരമാണ്. കേവലം ഒരു കെട്ടുകാഴ്ചയല്ല. നമ്മുടെ ചരിത്രത്തിന്റെ തിരുശേഷിപ്പ്…നമ്മുടെ വാദ്യകലയുടെ തനത് സംഗീതത്തിന്റെ ലോകത്തെ തന്നെ ഏറ്റവും വലിയ സിംഫണിയുടെ ഒത്തുചേരൽ…മണ്ണിലും വിണ്ണിലും വിസ്മയം തീർക്കുന്ന മനുഷ്യാധ്വാനത്തിന്റെ നേർക്കാഴ്ച.. എല്ലാത്തിനും അപ്പുറം കാലദേശങ്ങൾക്ക് സാക്ഷിയായി നിൽക്കുന്ന ഒരു മഹാക്ഷേത്രവും അതിനുള്ളിൽ കുടിയിരിക്കുന്ന മഹാകാലനായ വടക്കുന്നാഥനും. മണ്ണിലും വിണ്ണിലും പൂരം വീണ്ടും പൂത്തുലയട്ടെ….

തയ്യാറാക്കിയത് : അനീഷ് തകടിയിൽ