ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിലുള്ളത്.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ സംഘം വിശദമായ പരിശോധന നടത്തിവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരിയിലും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസവും ചുമയും കാരണമായിരുന്നു സോണിയ ഗാന്ധി ജനുവരിയിൽ ചികിത്സ തേടിയത്.




