പെരുമ്പാവൂരിൽ കിൻഫ്ര ആരംഭിക്കുന്ന ഇന്റസ്ട്രിയൽ പാർക്കിലേക്ക് ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് കമ്പനിയായ കെയ്ൻസ് ടെക്‌നോളജി അവരുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കാൻ തയ്യാറായെന്ന കാര്യം സന്തോഷത്തോടെ പങ്കുവെക്കുകയാണ്. യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ഭൂമി അനുവദിക്കും. ഇന്ന് ഈ ഇന്റസട്രിയൽ എസ്റ്റേറ്റിലെ ഭൂമി സന്ദർശിക്കുകയും സ്ഥാപനമേധാവികളുമായി ചർച്ച നടത്തുകയും ചെയ്തതിന് ശേഷമാണ് ഈ വിഷയത്തിൽ തീരുമാനമായത്. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ കേരളത്തില്‍ വന്ന മറ്റൊരു വാഗ്ദാനം കൂടിയാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. വാഹനങ്ങൾ, വ്യവസായം, റയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉൽപന്നങ്ങൾ രൂപകൽപന ചെയ്ത് നിർമിക്കുന്ന, കര്‍ണാടക ആസ്ഥാനമായ കമ്പനിക്ക് നിലവിൽ കേരളത്തിനു പുറത്ത് എട്ട് ഇടങ്ങളിലാണ് ഉൽപാദന യൂണിറ്റുകളുള്ളത്. കേരളത്തിൽ കൊച്ചിയിൽ നിലവിൽ ഒരു സർവ്വീസ് സെന്ററാണ് ഇവർക്കുള്ളത്. ഭൂമി ലഭിച്ചാൽ ഒന്നര വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ നിർമ്മാണം പൂര്‍ത്തിയാക്കുമെന്ന് കമ്പനി ഉറപ്പ് നൽകി. നടപടിക്രമങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കി ആവശ്യമായ ഭൂമി കെയ്ൻസ് ടെക്‌നോളജിക്ക് കൈമാറുമെന്ന് ഞങ്ങളും ഉറപ്പ് നൽകി. കെയിൻസ് ടെക്നോളജീസിന്റെ വരവിലൂടെ ഇത്തരത്തിലുള്ള കൂടുതല്‍ ഇലക്ട്രോണിക്സ് വ്യവസായങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്