കെപിസിസിയുടെ സാമ്പത്തിക സഹായമായ ഒരു ലക്ഷം രൂപ ആശാ പ്രവർത്തകർക്ക് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ കൈമാറി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലിൽ എത്തിയാണ് തുക നൽകിയത്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ് മിനി തുക ഏറ്റുവാങ്ങി.വിവിധ മേഖലകളിലെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടത്തുന്ന സമരസംഗമങ്ങളിൽ കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് ആശാ പ്രവർത്തകരുടെ സമരം.
കഴിഞ്ഞ കുറേ മാസങ്ങളായി സമരം തുടരുന്ന ആശാ പ്രവർത്തകരോട് കടുത്ത അവഗണനയാണ് സർക്കാർ കാട്ടുന്നത്. അവരുടെ സമരം അവസാനിപ്പിക്കുന്നതിനും ആനുകൂല്യ വർദ്ധനവ് എന്നുള്ള ആവശ്യം അംഗീകരിക്കാനും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ചെറിയ ആശ്വാസം എന്ന നിലയ്ക്കാണ് കെപിസിസി സാമ്പത്തിക സഹായം നൽകിയത്. പ്രവാസി വ്യവസായ എം പത്മനാഥ് അഴീക്കോടാണ് ആശാ പ്രവർത്തകർക്ക് നൽകാനുള്ള തുക കെപിസിസിക്ക് സംഭാവന ചെയ്തത്. കെപിസിസിക്ക് വർക്കിംഗ് പ്രസിഡൻ്റുമാരായ എ പി അനിൽകുമാർ എംഎൽഎ, പിസി വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറമ്പിൽ എംപി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി,കെപിസിസി ജനറൽ സെക്രട്ടറിമാരായ എം ലിജു, ജി സുബോധൻ, ഡിസിസി പ്രസിഡൻറ് പാലോട് രവി,എം വിൻസൻ്റ് എംഎൽഎ ,ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.