കഴിഞ്ഞ 11 വര്‍ഷമായി സ്ത്രീകള്‍ നയിക്കുന്ന വികസനത്തില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിന് അടിവരയിട്ടുകൊണ്ട്, വികസിത ഇന്ത്യയിലേയ്ക്കുള്ള യാത്രയില്‍ സ്ത്രീകള്‍ വഹിക്കുന്ന പരിവര്‍ത്തനാത്മകമായ പങ്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടി. ഓരോ ചുവടുവയ്പ്പിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന സമയങ്ങള്‍ നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും കാണേണ്ടിവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അവര്‍ ഇന്ന് വികസിത ഇന്ത്യ എന്ന ഒരു ദൃഢനിശ്ചയത്തിനോടൊപ്പം സജീവമായി പങ്കുചേരുക മാത്രമല്ല, വിദ്യാഭ്യാസം മുതല്‍ വ്യാപാരം വരെയുള്ള എല്ലാ മേഖലകളിലും മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാ പൗരന്മാര്‍ക്കും അഭിമാനകരമായ കാര്യമാണ് നാരീശക്തിയുടെ കഴിഞ്ഞ 11 വര്‍ഷങ്ങളായുള്ള വിജയങ്ങള്‍ എന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
ഫലപ്രദമായ നിരവധി മുന്‍കൈകളിലൂടെ എന്‍. ഡി. എ. ഗവണ്‍മെന്റ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തെ പുനര്‍നിര്‍വചിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വച്ഛ് ഭാരത് അഭിയാന്‍ വഴിയുള്ള അന്തസ്സ് ഉറപ്പാക്കല്‍, ജന്‍ ധന്‍ അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കലുകള്‍, താഴേത്തട്ടിലെ ശാക്തീകരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.നിരവധി വീടുകളില്‍ പുകയില്ലാത്ത അടുക്കളകള്‍ കൊണ്ടുവന്ന ഒരു നാഴികക്കല്ലായി ഉജ്ജ്വല യോജനയെ അദ്ദേഹം വിശേഷിപ്പിച്ചു. ലക്ഷക്കണക്കിന് സ്ത്രീകളെ സംരംഭകരാകാനും സ്വാതന്ത്ര്യത്തോടെ തങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരുന്നതിനും മുദ്ര വായ്പകള്‍ എങ്ങനെ പ്രാപ്തരാക്കിയെന്നതും അദ്ദേഹം എടുത്തുപറഞ്ഞു.
സ്ത്രീകളുടെ പേരില്‍ വീടുകള്‍ നല്‍കുന്ന പ്രധാനമന്ത്രി ആവാസ് യോജനയിലെ വ്യവസ്ഥ അവരുടെ സുരക്ഷയിലും ശാക്തീകരണത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിൻ ഓർമിപ്പിച്ച പ്രധാനമന്ത്രി, പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ദേശീയതലത്തിലുള്ള ഒരു നീക്കമായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു.ശാസ്ത്രം, വിദ്യാഭ്യാസം, കായികം, സ്റ്റാര്‍ട്ടപ്പുകള്‍, സായുധ സേനകള്‍ എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മികവ് പുലര്‍ത്തുകയും നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. എക്സിലെ വിവിധ പോസ്റ്റുകളിലൂടെ ഈ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി പങ്കുവച്ചു