ഐഎസ്ആര്‍ഒയും പ്രതിരോധ മേഖലയും ഉപയോഗിക്കുന്ന ചെക്ക്ഔട്ട് സംവിധാന ഉപകരണങ്ങളുടെ പൊതുവിലുള്ള വില 30 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ്. ഇതിനു പകരമായി ചുരുങ്ങിയ ചിലവില്‍ മികച്ച പ്രവര്‍ത്തനക്ഷമത ഉള്ളതും എന്നാല്‍ കൈയിലൊതുങ്ങുന്നതുമായ ഒരു ഉല്‍പ്പന്നം നിര്‍മ്മിക്കുക എന്ന ആശയത്തില്‍ നിന്നാണ് കമ്പനി ഡാറ്റോസ്കൂപ്പ് വികസിപ്പിച്ചത്.
തിരുവനന്തപുരം: തദ്ദേശീയമായി വികസിപ്പിച്ച ചെക്ക്ഔട്ട് സംവിധാനങ്ങള്‍ വാണിജ്യപരമായി നിര്‍മ്മിച്ച് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) പ്രതിരോധ മേഖലയ്ക്കും വിതരണം ചെയ്യാനൊരുങ്ങി ടെക്നോപാര്‍ക്ക് കമ്പനി ടാക്ക് ലോഗ് പ്രൈവറ്റ് ലിമിറ്റഡ് . ഡാറ്റോസ്കൂപ്പ് എന്ന് ബ്രാന്‍ഡ് ചെയ്തിരിക്കുന്ന ഈ ഉല്‍പ്പന്നം ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന്‍റെ ഭാഗമായി പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതാണ്.
ഡാറ്റോസ്കൂപ്പിന്‍റെ പൂര്‍ണ പതിപ്പ് വാണിജ്യാടിസ്ഥാനത്തില്‍ ജൂണില്‍ ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള പ്രധാന ക്ലയന്‍റുകള്‍ക്ക് എത്തിക്കാന്‍ ടാക്ക് ലോഗ് പദ്ധതിയിടുന്നുവെന്ന് കമ്പനിയുടെ സിഇഒ പ്രതീഷ് വി നായര്‍ പറഞ്ഞു. കൈയിലൊതുങ്ങുന്നതും എന്നാല്‍ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയില്‍ സ്വയം പ്രവര്‍ത്തിക്കുന്നതുമായ ചെക്ക്ഔട്ട് സിസ്റ്റങ്ങള്‍ ബഹിരാകാശ, പ്രതിരോധ മേഖലകള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് ടെക്നോപാര്‍ക്കിന്‍റെ ഔദ്യോഗിക വോഡ് കാസ്റ്റായ ‘ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നൊവേഷന്‍’ പരിപാടിയില്‍ സംസാരിക്കവേ പ്രതീഷ് ചൂണ്ടിക്കാട്ടി.
ടാക്ക് ലോഗിന്‍റെ മുന്‍നിര ഉല്‍പ്പന്നങ്ങളിലൊന്നായ ഡാറ്റോസ്കൂപ്പ് കസ്റ്റമൈസേഷനുള്ള ഓപ്ഷനുകള്‍ ഉള്‍ക്കൊള്ളുന്ന ഉയര്‍ന്ന ശേഷിയുള്ള ഡാറ്റാ അക്വിസിഷന്‍ സംവിധാനമാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗൈറോ സെന്‍സറുകള്‍ പരീക്ഷിക്കുന്നതിനുള്ള ചെക്ക്ഔട്ട് സംവിധാനമായി ഇത് നിലവില്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നു. ഐഎസ്ആര്‍ഒയും പ്രതിരോധ മേഖലയും ഉപയോഗിക്കുന്ന ചെക്ക്ഔട്ട് സംവിധാന ഉപകരണങ്ങളുടെ പൊതുവിലുള്ള വില 30 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ്. ഇതിനു പകരമായി ചുരുങ്ങിയ ചിലവില്‍ മികച്ച പ്രവര്‍ത്തനക്ഷമത ഉള്ളതും എന്നാല്‍ കൈയിലൊതുങ്ങുന്നതുമായ ഒരു ഉല്‍പ്പന്നം നിര്‍മ്മിക്കുക എന്ന ആശയത്തില്‍ നിന്നാണ് കമ്പനി ഡാറ്റോസ്കൂപ്പ് വികസിപ്പിച്ചത്. നിലവില്‍ ഡാറ്റോസ്കൂപ്പിന്‍റെ 20 യൂണിറ്റുകള്‍ ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി ടാക്ക് ലോഗ് വിതരണം ചെയ്തിട്ടുണ്ട്. ആവശ്യം കൂടുതലായതിനാല്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ഔദ്യോഗിക ഇ-കോമേഴ്സ് പ്ലാറ്റ് ഫോം ആയ ജം പോര്‍ട്ടലില്‍ ഡാറ്റോസ്കൂപ്പ് ലഭ്യമാണ്.
സെന്‍സര്‍ നിര്‍മ്മാണത്തിന് ശേഷമുള്ള ടെസ്റ്റുകളുടെ ഭാഗമായി അവയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാനും അതിന്‍റെ സ്ഥിതിവിവരങ്ങളും ഫലങ്ങളും പ്രദര്‍ശിപ്പിക്കുവാനും സംവിധാനത്തിന് കഴിയും. വിവരങ്ങള്‍ സംഭരിക്കാനായി ഒരു ടിബി ഹാര്‍ഡ് ഡിസ്ക് ആണ് നിലവില്‍ ഡാറ്റോസ്കൂപ്പിന് നല്‍കിയിരിക്കുന്നത്. ഒരേ സമയം നാല് സ്രോതസ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്. ടച്ച് സ്ക്രീന്‍ അടിസ്ഥാനമാക്കിയുള്ള ഗ്രാഫിക്കല്‍ യൂസര്‍ ഇന്‍റര്‍ഫേസുമായിട്ടാണ് ഡാറ്റോസ്കൂപ്പ് സംയോജിപ്പിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ ടാക്ക് ലോഗ് തയ്യാറാണെന്നും പ്രതിരോധ, ബഹിരാകാശ മേഖലകള്‍ക്കായി വലിയ പദ്ധതികള്‍ക്കായുള്ള ഒരുക്കത്തിലാണെന്നും പ്രതീഷ് പറഞ്ഞു. ടെക്നോപാര്‍ക്കിലെ മികച്ച ഐടി ആവാസവ്യവസ്ഥ കമ്പനിയുടെ തുടക്കം മുതല്‍ക്കുള്ള പ്രവര്‍ത്തനത്തെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2013 ലാണ് ടാക്ക് ലോഗ് ആരംഭിച്ചത്. ഐഎസ്ആര്‍ഒ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിജയകരമായി പരീക്ഷിച്ച റീലൊക്കേറ്റബിള്‍ റോബോട്ടിക് ആം മാനിപുലേറ്റര്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ ദൗത്യത്തില്‍ ടാക്ക് ലോഗിന് പ്രധാന പങ്കുണ്ട്. ഈ പദ്ധതിയില്‍ നിര്‍ണായകമായ കണ്ട്രോള്‍ ബോര്‍ഡുകളില്‍ ഒന്നിന്‍റെ സര്‍ക്യൂട്ട് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച് നല്‍കിയത് ടാക്ക് ലോഗായിരുന്നു. ഐഎസ്ആര്‍ഒയുടെ റോബോട്ടായ ‘വ്യോമിത്ര’യുടെ കൈകള്‍ നിയന്ത്രിക്കുന്ന കണ്‍ട്രോളറിന്‍റെ വികസനത്തിലും ടാക്ക് ലോഗ് പങ്കാളിയായിരുന്നു. ബഹിരാകാശ ദൗത്യങ്ങളിലെ കമ്പനിയുടെ സംഭാവനകളെ മാനിച്ച് ഐഎസ്ആര്‍ഒയുടെ പ്രധാന വിഭാഗമായ ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് അതിന്‍റെ വ്യവസായ സംഗമത്തില്‍ കമ്പനിയെ ആദരിച്ചിരുന്നു.
ഇലക്ട്രോണിക്സ് മേഖലയില്‍ എല്ലാ തലങ്ങളിലും വൈദഗ്ധ്യം നേടിയ ഡിസൈന്‍ കമ്പനിയാണ് ടാക്ക് ലോഗ്. ബഹിരാകാശ മേഖലയ്ക്ക് പുറമേ, ആരോഗ്യസംരക്ഷണം, കൃഷി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും ടാക്ക് ലോഗ് സജീവമാണ്. കമ്പനിയുടെ ഗവേഷണ വിഭാഗം സങ്കീര്‍ണമായ ഏതു വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉതകുന്ന സേവനങ്ങള്‍ നല്‍കുവാന്‍ സുസജ്ജമാണെന്ന് പ്രതീഷ് വ്യക്തമാക്കി. എഡ്ജ് ഉപകരണങ്ങളില്‍ നിര്‍മ്മിതബുദ്ധി സംയോജിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് കമ്പനി