ഗോത്രമഹാസഭയുടെ സമരം കാണിക്കുമ്പോള്‍ സ്വാഭാവികമായും മറ്റു ആര്‍ട്ടിസ്റ്റുകളെ ആ റോളിലേക്ക് കാസ്റ്റ് ചെയ്താല്‍ അതില്‍ കൃത്രിമത്വം ഉണ്ടാകുമെന്ന് തോന്നി. സ്വാഭാവികതയുണ്ടാകില്ല. അത് അനീതിയാകും.
ചാരം മൂടിക്കിടന്ന ചരിത്രം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. അബിന്‍ ജോസഫിന്റെ തിരക്കഥയില്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട നടത്തിയ സാമൂഹികോത്തരവാദിത്തവും അതാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും സൂക്ഷ്മമായ ശ്രദ്ധ നേടിയെടുത്തിരുന്നു. ഭൂരഹിതരായ ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമുയര്‍ത്തി നടന്ന മുത്തങ്ങ സമരത്തെയാണ് ചിത്രം വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ അബിന്‍ ജോസഫിന്റെ ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിലെ രാഷ്ട്രീയ അടയാളപ്പെടുത്തലുകളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് അബിന്‍ ജോസഫ്.
നരിവേട്ട വര്‍ഗീസിന്റെ കഥയാണ്
നരിവേട്ടയുടെ രചനയില്‍ ആദ്യം രൂപപ്പെട്ടത് ടൊവിനോ അവതരിപ്പിച്ച വര്‍ഗീസെന്ന കഥാപാത്രം ആയിരുന്നു. പൊലീസുകാരനായ അയാളുടെ കഥ പറഞ്ഞു പോകുമ്പോള്‍ വര്‍ഗീസിന്റെ ജീവിതത്തിലുണ്ടാവുന്ന സംഘര്‍ഷങ്ങളെ എങ്ങനെ കൃത്യമായി രേഖപ്പെടുത്താമെന്ന ചിന്തയില്‍ നിന്നാണ് ഭൂസമരം പോലൊരു പശ്ചാത്തലം സിനിമയില്‍ ഉപയോഗിക്കുന്നത്. മുത്തങ്ങ സമരത്തെ കേന്ദ്രീകരിച്ചല്ല മുഴുവന്‍ സിനിമയും. അങ്ങനെയൊരു ചിത്രമായിരുന്നു നരിവേട്ടയെങ്കില്‍ സിനിമയുടെ കഥപറച്ചില്‍ രീതി മുഴുവനായി മാറിയേനെ. ഞാന്‍ പിന്തുടര്‍ന്നത് വര്‍ഗീസെന്ന കഥാപാത്രത്തെ ആയിരുന്നു. വയനാടിന്റെ ചരിത്രത്തില്‍ മറക്കാന്‍ പറ്റാത്ത പേരാണ് വര്‍ഗീസിന്റേത്, ആ പേര് തന്നെ കഥാപാത്രത്തിന് തിരഞ്ഞെടുത്തത് ബോധപ്പൂര്‍വ്വമാണ്. രാഷ്ട്രീയ വായനക്കുള്ള സാധ്യത തുറന്നിടുകയായിരുന്നു ലക്ഷ്യം. വയനാട്ടിലെ ഒരു അനീതിയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തി, സ്വാഭാവികമായും അയാളുടെ പേരെന്തായിരിക്കുമെന്ന ആലോചനയില്‍ ആദ്യം മനസില്‍ വന്നത് വര്‍ഗീസെന്ന പേര് തന്നെയായിരുന്നു. കഥാപാത്രങ്ങളോടും കഥയോടും ഈ തിരഞ്ഞെടുപ്പ് നീതി പുലര്‍ത്തുമെന്നായിരുന്നു എന്റെ വിശ്വാസം.
ആദിവാസി ജീവിതം അവരിലൂടെ അറിയണം
ഗോത്രമഹാസഭയുടെ സമരം കാണിക്കുമ്പോള്‍ സ്വാഭാവികമായും മറ്റു ആര്‍ട്ടിസ്റ്റുകളെ ആ റോളിലേക്ക് കാസ്റ്റ് ചെയ്താല്‍ അതില്‍ കൃത്രിമത്വം ഉണ്ടാകുമെന്ന് തോന്നി. സ്വാഭാവികതയുണ്ടാകില്ല. അത് അനീതിയാകും. അത് കൊണ്ടാണ് ചിത്രത്തില്‍ റിയല്‍ ലൈഫില്‍ നിന്നുള്ള കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. അതിനായി വയനാട്ടില്‍ നിന്നുള്ള ഒരുപാട് ആളുകള്‍ സഹായിച്ചിട്ടുണ്ട്. നരിവേട്ട എന്ന ചിത്രത്തോട് അവര്‍ കാണിച്ച സഹകരണം പറയാതിരിക്കാന്‍ പറ്റില്ല. ഡിസംബര്‍ മാസത്തെ വയനാട്ടിലെ കാലാവസ്ഥ പ്രവചനാതീതമാണ്, അതുകൊണ്ട് തന്നെ ഒത്തിരി പ്രതിസന്ധികളിലൂടെയാണ് നരിവേട്ടയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആ സമയത്തെല്ലാം വളരെ ക്ഷമയോടെ അവരും ആ ചിത്രത്തില്‍ പൂര്‍ണ്ണമായും മുഴുകി. ഇതൊരു സിനിമയാണ്, ഈ സിനിമ പറയുന്ന വിഷയം ഇതാണ് എന്നെല്ലാം അറിഞ്ഞു കൊണ്ട്. സിനിമയുടെ ഇന്റന്‍സിറ്റി മനസിലാക്കി അവര്‍ സഹകരിച്ചു. അവരോടൊക്കെ നന്ദി പറഞ്ഞാല്‍ തീരില്ല.

വിസില്‍ ബ്ലോവര്‍
വര്‍ഗീസ് പീറ്ററെന്ന കഥാപാത്രത്തിലേക്കാണ് ഞാന്‍ ആദ്യമെത്തുന്നതെന്ന് പറഞ്ഞല്ലോ. കഥയുടെ പ്രിമിറ്റീവ് ഐഡിയ ഇതായിരുന്നു. ഏറ്റവും പ്രയാസകരമായ ഒരു ജോലി ഒട്ടും താത്പര്യമില്ലാതെ ചെയ്യുന്നത് ഭയങ്കരമായ മാനസിക സമ്മര്‍ദ്ദം ഒരാളില്‍ ഉണ്ടാക്കിയേക്കാം. ഇങ്ങനെയുള്ള അയാളുടെ യാത്രയില്‍ അയാള്‍ ചെന്ന് പെടുന്ന കുറേ പ്രതിസന്ധികള്‍. ആ ക്രൈസ്സിലൂടെ പോവുകയും പിന്നീടൊരു ഘട്ടത്തില്‍ അയാള്‍ക്ക് ആ സിസ്റ്റത്തിനകത്ത് നില്‍ക്കാന്‍ പറ്റാതെയും വരുന്ന സമയത്താണ് വിസില്‍ബ്ലോവറായി ടൊവിനോ മാറുന്നത്. വിസില്‍ ബ്ലോവറെന്ന് പറയുമ്പോള്‍ സ്റ്റേറ്റിനും സിസ്റ്റത്തിനുമെതിരെ അയാള്‍ക്ക് നില്‍ക്കാന്‍ പറ്റുന്ന ഒരു തലമാണ്. ഒരു ക്രൈമിന് അകത്ത് നിന്ന് ഒരു ഉദ്യോഗസ്ഥന്‍ വിസില്‍ ബ്ലോവറാവുന്ന കഥ മലയാളം സിനിമയില്‍ ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടില്ല.
തിരക്കഥയിലെ പണിയ ഭാഷ
മുന്‍പ് എഴുതിയ ചെറുകഥകളില്‍ പ്രാദേശിക ഭാഷാ വഴക്കം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കല്യാശേരി തീസീസെന്ന എന്റെ പുസ്തകത്തിലെ ടൈറ്റില്‍ സ്റ്റോറിയില്‍ ഞാന്‍ കണ്ണൂര്‍ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. ഇതുപോലെ പല കഥകളിലും ആ കഥയുടെ പശ്ചാത്തല ദേശത്തിലെ ഭാഷകള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് വളരെ ഇഷ്ടമുള്ള ഒരു സംഗതിയാണിത്. പല ഭാഷാവഴക്കങ്ങള്‍ കഥയില്‍ ഉപയോഗിക്കുന്നത് കഥാകാരനെന്ന നിലയില്‍ എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഒരു കാര്യമാണ്. ഓരോ ദേശത്തെയും ഭാഷയുടെ താളവും വഴക്കവും സൗന്ദര്യവുമൊക്കെ വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ഒരേ വാചകം തന്നെ രണ്ട് സ്ലാങ്ങില്‍ പറഞ്ഞ് കഴിയുമ്പോള്‍ രണ്ട് ഇമോഷനായിരിക്കും വരിക. അത് നമ്മുടെ ഭാഷയുടേയും പ്രാദേശികമായ വഴക്കങ്ങളുടെയും ഒരു പ്രത്യേകതയാണ്. അത് സിനിമയില്‍ കൊണ്ടുവരാന്‍ വേണ്ടി ശ്രമിച്ചിരുന്നു. ഇതിലെ വര്‍ഗീസ് പീറ്ററെന്ന കഥാപാത്രം കോട്ടയം സ്ലാങ്ങാണ് സംസാരിക്കുന്നത്. ഗോത്രസഭയുടെ സമരത്തില്‍ നമ്മള്‍ ആ ഭാഷ ഉപയോഗിച്ചേ മതിയാവൂ. എന്നാല്‍ ആ ശൈലി തിരക്കഥയില്‍ അതേ പോലെ കൊണ്ടുവരിക എന്നുള്ളത് പ്രയാസകരമായ കാര്യമാണ്. ഈ ഭാഷ കേട്ട് അനുകരിക്കാന്‍ കുറേക്കൂടി എളുപ്പമാണെന്ന് തോന്നുന്നു. എന്നെ ആ ഭാഷ പകര്‍ത്താന്‍ ചിത്രത്തില്‍ അഭിനയിച്ച ആദിവാസി വിഭാഗത്തിലെ ആളുകള്‍ സഹായിച്ചിട്ടുണ്ട്. സി കെ ജാനുവിന്റെ കഥാപാത്രം അവതരിപ്പിച്ച ആര്യ സലീമിന്റെയും പ്രണവിന്റെയും ഇതിലെ ഇന്‍വോള്‍വ്‌മെന്റ് എടുത്ത് പറയേണ്ടത് തന്നെയാണ്. കഥാപാത്രങ്ങളുടെ വഴക്കവും ശൈലിയുമെല്ലാം അവര്‍ കൃത്യമായി ഒപ്പിയെടുത്തു.
അബിന്‍ ജോസഫ് എന്ന മാധ്യമപ്രവര്‍ത്തകന്‍
ഞാന്‍ ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിക്കുന്ന സമയത്താണ് മുത്തങ്ങ സമരം നടക്കുന്നത്. ടിവിയില്‍ സമരത്തിന്റെ വാര്‍ത്തകള്‍ കാണുകയും അതിന്റെ നടുക്കം എന്നിലുണ്ടായിരുന്നു എന്നുമാണ് എന്റെ അവ്യക്തമായ ഓര്‍മ്മ. പിന്നീട് ജേര്‍ണലിസം പഠനത്തിന്റെയും ജോലിയുടെയും ഭാഗമായുണ്ടായ പല രീതിയിലുള്ള വായനകളിലൂടെയാണ് സമരത്തിന്റെ തീവ്രത മനസിലാക്കുന്നത്. മാധ്യമപ്രവര്‍ത്തനം ഒരു തൊഴിലായി കുറേക്കാലം ചെയ്ത ഒരു മനുഷ്യനാണ് ഞാന്‍. മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്ത കാലമാണ് എന്നിലെ മനുഷ്യനെയും എഴുത്തുകാരനെയും രൂപപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഷയിലല്ല ഫിക്ഷനെഴുതുന്നത് എങ്കിലും ഭാഷയില്‍ വൈദഗ്ധ്യം നേടാന്‍ എന്നെ സഹായിച്ചത് മാധ്യമപ്രവര്‍ത്തനമാണ്. ഒരുപാട് മനുഷ്യരുമായി സംസാരിക്കുന്ന ആളുകളാണ് പത്രപ്രവര്‍ത്തകര്‍. ഓരോ ദിവസവും പുതിയ പുതിയ ആളുകളെ പരിചയപ്പെടുന്നു അവരുടെ കഥകള്‍ കേള്‍ക്കുന്നു അതാണ് അവര്‍ പകര്‍ത്തുന്നത്. ഒരു കഥാപാത്രത്തെ എഴുതുമ്പോള്‍ എവിടെയൊക്കെയോ കണ്ടതും കേട്ടതുമൊക്കെയായ മനുഷ്യരെ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാന്‍ പറ്റും. അത് ചിത്രത്തിന്റെ കഥയെഴുതുമ്പോള്‍ എന്നെ സഹായിച്ചിട്ടുണ്ട്
എല്‍ക്കാന ഏലിയാസ്
അഴിമുഖം