Thu Nov 05, 2026 9:11 am
FLASH
സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      അമ്മത്തൊട്ടിലുകളിൽ കേരളപ്പിറവി: കേരവ്, പിറവ്      |      റഷ്യൻ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിൽ മലയാളി വിദ്യാർത്ഥികൾക്ക് വെങ്കല മെഡൽ തിളക്കം      |      
X

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി

Kerala / Flash / HOME / Latest News November 5, 2026

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിലെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ചോദ്യങ്ങളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട ചുമതല ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നുവെന്നും ചോദ്യങ്ങൾ ഒഴിവാക്കിയ വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് ഹരിയുടെ വിശദീകരണം. എന്നാൽ ഈ മൊഴി ക്രൈംബ്രാഞ്ച് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം.

പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പരീക്ഷാ ക്രമക്കേടുകൾക്ക് വഴിവെച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ചോദ്യങ്ങൾ തയ്യാറാക്കുന്നതിനുള്ള പാനൽ രൂപീകരിച്ചതും മൂല്യനിർണയം നടത്തുന്നവരെ തീരുമാനിച്ചതും ചെയർമാന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പി.എസ്.സി അംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്. തീരുമാനങ്ങളിൽ ചെയർമാന്റെ ഏകപക്ഷീയ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നും അംഗങ്ങൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ചെയർമാൻ എം.ആർ. ബൈജു സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനങ്ങൾ എടുത്തിരുന്നതെന്ന് പി.എസ്.സി സെക്രട്ടറിയും നേരത്തെ മൊഴി നൽകിയിരുന്നു. തീരുമാനങ്ങൾ സംബന്ധിച്ച് വിവാദങ്ങളുണ്ടാകുമ്പോൾ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന രീതിയാണ് ചെയർമാന്റേതെന്നും സെക്രട്ടറിയുടെ മൊഴിയിലുണ്ട്. അഡീഷണൽ സെക്രട്ടറി ആർ. ഹരിയും ചെയർമാനും ചേർന്നാണ് പല തീരുമാനങ്ങളും എടുത്തിരുന്നതെന്നും എന്നാൽ പലപ്പോഴും കൂടിയാലോചനകളില്ലാതെയാണ് ചെയർമാൻ തീരുമാനങ്ങളെടുത്തിരുന്നതെന്നും സെക്രട്ടറി മൊഴി നൽകിയിട്ടുണ്ട്.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പി.എസ്.സി സെക്രട്ടറി ചെയർമാനെതിരെ അന്വേഷണസംഘത്തിന് മൊഴി നൽകുന്നത്. മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ചുവരുന്ന ക്രൈംബ്രാഞ്ച് ചെയർമാൻ എം.ആർ. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. പരീക്ഷാ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്നും തീരുമാനങ്ങളെടുത്തതിൽ ആരുടെയൊക്കെ ഇടപെടലുണ്ടായിരുന്നുവെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.