തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗവൺമെൻ്റ് സ്കൂളിലെ ബ്രഹ്മലക്ഷ്മിയെന്ന മൂന്നാം ക്ലാസുകാരിക്ക് ഒറ്റ അഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. എഴുതിയ കഥകളൊക്കെ ചേർത്ത് ഒരു പുസ്തകം ആക്കണം. അത് മുഖ്യമന്ത്രിക്ക് കൊടുക്കണം. എക്സ്പ്രസ് വാർത്ത ഈ ദൗത്യം ഏറ്റെടുത്തു. കുഞ്ഞുമോളുടെ വലിയ ആഗ്രഹത്തിൻ്റെ ഒപ്പം നിന്നു. അങ്ങനെ അവളുടെ അദ്യ പുസ്തകം ‘ Brahma’s Whispers of Wonder’ ഇന്നലെ മുഖ്യമന്ത്രി വി.ഡി സതീശന് നൽകി. ഒരുപാട് തിരക്കുകളുടെ ഇടയിൽ ആയിരുന്നു മുഖ്യമന്ത്രി. എന്നാൽ അവളുടെ ആഗ്രഹം ഞങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം കൂടെ നിന്നു. ‘ഇവളാണോ ഇതെഴുതിയത്?’ എന്ന് അദ്ദേഹം സ്നേഹത്തോടെ ചോദിച്ചു. സർക്കാർ സ്കൂളിലാണ് പഠിക്കുന്നതെന്നതെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് സന്തോഷം ഇരട്ടിയായി. കഥാകാരിയോട് പുസ്തകത്തിൽ ഒപ്പിട്ടുകൊടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കുഞ്ഞു ബ്രഹ്മയ്ക്ക് മിഠായിയും സമ്മാനിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. എക്സ്പ്രസ് വാർത്ത മാനേജിംഗ് ഡയറക്ടർ രാജേഷ് കെ.ആർ , ചീഫ് എഡിറ്റർ അനീഷ് തകടിയിൽ, സീനിയർ സബ് എഡിറ്റർ അനീഷ് ഭാസ്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബുദ്ധാ ക്രിയേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. കല്ലറ ഗവൺമെൻ്റ് സ്കൂളിലെ അധ്യാപകൻ നിശാന്തിൻ്റെയും പ്രസുമയുടെയും മകളാണ് ബ്രഹ്മലക്ഷ്മി.



