കൊച്ചി : ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. 1.64 കോടി രൂപയാണ് ഇത്തരത്തിൽ ലുലു ഗ്രൂപ്പിൽ നിന്നും വ്യാജ ഇ മെയിൽ വഴി തട്ടിയെടുത്തത്. സംഭവത്തിൽ കൊച്ചി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലുലു ഗ്രൂപ്പുമായി വർഷങ്ങളായി വ്യാപാര ബന്ധമുള്ള ഇറ്റലിയിലെ ‘IE Park S.R.L’ എന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തോട് സാമ്യമുള്ള ഇ മെയിൽ വിലാസങ്ങൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ 27 ദിവസങ്ങൾക്കിടയിലാണ് 1.64 കോടി രൂപ തട്ടിയെടുത്ത്. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിയത്. സംഭവത്തിൽ സൈബർ പോലീസിന്റെ അന്വേഷണം തുടരുകയാണ്.



