ആദിവാസി കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ കണക്കുകൾക്കപ്പുറം എന്താണ് ചെയ്യേണ്ടത്?
അനീഷ് ഭാസ്കര്
കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളിൽ ഊറ്റം കൊല്ലുമ്പോഴും അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽനിന്ന് ഇടയ്ക്കിടെ എത്തുന്ന ശിശുമരണ വാർത്തകൾ സമൂഹത്തിന്റെ മനസ്സാക്ഷിക്കു മുന്നിൽ ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. ഓരോ കുഞ്ഞിന്റെയും മരണം ഒരു കുടുംബത്തിന്റെ തീരാനഷ്ടം മാത്രമല്ല, ആ പ്രദേശത്തെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്നു പരിശോധിക്കേണ്ട അവസരം കൂടിയാണ്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി കേരളത്തിലെ പ്രധാന ആദിവാസി മേഖലകളിലൊന്നാണ്. ഇരുള, മുഡുഗ, കുറുമ്പ വിഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വർഷങ്ങളായി പൊതുചർച്ചയിലുണ്ട്. പോഷകാഹാരക്കുറവ്, ഗർഭകാല ആരോഗ്യപ്രശ്നങ്ങൾ, കുറഞ്ഞ ജനനഭാരം, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ വിഷയങ്ങൾ അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ആവർത്തിച്ച് പരാമർശിക്കപ്പെടുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ അട്ടപ്പാടിയിൽ 115 ശിശുമരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2014-ൽ 16 ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023-ൽ അത് അഞ്ചായും 2024-ൽ ഏഴായും കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണങ്ങളുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമാണെങ്കിലും പ്രശ്നം പൂർണമായി അവസാനിച്ചുവെന്ന നിഗമനത്തിലെത്താൻ ഈ കണക്കുകൾ മാത്രം മതിയാകില്ല. ഓരോ വർഷവും രേഖപ്പെടുത്തുന്ന മരണങ്ങൾക്കു പിന്നിലെ സാഹചര്യങ്ങൾ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. അതേസമയം, ഈ കണക്കുകൾ ഏത് പ്രായപരിധിയിലുള്ള കുട്ടികളെയാണ് ഉൾക്കൊള്ളുന്നതെന്നും മരണങ്ങളുടെ വർഗീകരണം എങ്ങനെയാണെന്നും ഔദ്യോഗിക രേഖകളിലൂടെ വ്യക്തത വരുത്തണം.
അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കാൻ 2023-ൽ പ്രസിദ്ധീകരിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ പഠനം പ്രധാനപ്പെട്ട ഒരു രേഖയാണ്. 2012 മുതൽ 2021 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയ 136 ശിശുമരണങ്ങളുടെ കാരണങ്ങൾ പഠനം വിശകലനം ചെയ്തിട്ടുണ്ട്. ഈ പഠനത്തിൽ ഒരേ മരണത്തിന് ഒന്നിലധികം മെഡിക്കൽ കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഓരോ കാരണത്തിന്റെയും കണക്കുകൾ കൂട്ടി മൊത്തം മരണസംഖ്യയായി കാണാൻ കഴിയില്ല. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, മാസം തികയാതെയുള്ള ജനനം, ജന്മനാ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വളരെ കുറഞ്ഞ ജനനഭാരം തുടങ്ങിയവ പഠനത്തിൽ പ്രധാന കാരണങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗർഭകാലത്തും പ്രസവസമയത്തും ജനനശേഷവും ആവശ്യമായ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.
ഗർഭിണിയായ സ്ത്രീക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരുന്നാൽ അത് അമ്മയുടെ ആരോഗ്യത്തെയും ഗർഭസ്ഥശിശുവിന്റെ വളർച്ചയെയും ബാധിക്കാം. വിളർച്ചയും ഇരുമ്പ്, വിറ്റാമിൻ തുടങ്ങിയ പോഷകങ്ങളുടെ കുറവും ഗർഭകാലത്തെ അപകടസാധ്യത വർധിപ്പിക്കാം. . ജന്മനായുള്ള രോഗങ്ങൾ, അണുബാധകൾ, ശ്വാസതടസ്സം, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ നിരവധി കാരണങ്ങളാൽ ശിശുമരണങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.
സ്ഥിരമായ വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് ഗർഭകാലത്ത് ആവശ്യമായ ഭക്ഷണം ഉറപ്പാക്കുന്നതും ആശുപത്രിയിലെത്താനുള്ള ചെലവുകൾ കൈകാര്യം ചെയ്യുന്നതും ചിലപ്പോൾ ബുദ്ധിമുട്ടാകാം. അട്ടപ്പാടിയിലെ ചില ഊരുകൾ ആശുപത്രികളിൽനിന്ന് അകലെയായതിനാൽ യാത്രാസൗകര്യവും അടിയന്തര ചികിത്സ ലഭിക്കുന്ന സമയവും നിർണായകമാകുന്നു.
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആരോഗ്യവകുപ്പിന്റെ നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. ഓരോ മരണത്തിന്റെയും മെഡിക്കൽ കാരണങ്ങൾ വിലയിരുത്തുന്ന സംവിധാനം ആരോഗ്യസേവനങ്ങളിലെ പോരായ്മകൾ കണ്ടെത്താൻ സഹായിക്കും. ദേശീയ ആരോഗ്യ മിഷൻ നിർദേശിക്കുന്ന ശിശുമരണ അവലോകന സംവിധാനത്തിന്റെ ലക്ഷ്യവും മരണകാരണങ്ങൾ, സാമൂഹിക ഘടകങ്ങൾ, ആരോഗ്യസേവനങ്ങളിലെ വിടവുകൾ എന്നിവ തിരിച്ചറിഞ്ഞ് ഭാവിയിലെ മരണങ്ങൾ തടയുക എന്നതാണ്.
സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ വിജയവും പരിമിതികളും വിലയിരുത്തേണ്ടത് കണക്കുകൾ മാത്രം നോക്കിയല്ല, അവയുടെ പ്രയോജനം കുടുംബങ്ങളിലേക്ക് എത്രത്തോളം എത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലുമാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം ലഭിക്കുന്നുണ്ടോ, ആരോഗ്യപരിശോധനകൾ സമയത്ത് നടക്കുന്നുണ്ടോ, അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ വേണം. ആദിവാസി ഭാഷയും ജീവിതരീതിയും മനസ്സിലാക്കുന്ന ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ കുടുംബങ്ങളും ആരോഗ്യസംവിധാനവും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കും. ഊരുതലത്തിലുള്ള ആരോഗ്യപ്രവർത്തകരെയും അംഗൻവാടികളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ആശുപത്രികളെയും ബന്ധിപ്പിച്ചുള്ള ഏകോപനം കൂടുതൽ ഫലപ്രദമാക്കേണ്ടതുണ്ട്. പോഷകാഹാര വിതരണം, ഗർഭകാല പരിചരണം, പ്രസവസഹായം, ജനനശേഷമുള്ള നിരീക്ഷണം എന്നിവയെ ഒറ്റപ്പെട്ട പദ്ധതികളായി കാണാതെ തുടർച്ചയായ സേവനമായി നടപ്പാക്കണം.
വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൃത്യമായ വിവരങ്ങളും സുതാര്യമായ പരിശോധനകളും ഉത്തരവാദിത്വമുള്ള നടപടികളും ആവശ്യമാണ്. ഓരോ ശിശുമരണത്തിന്റെയും സാഹചര്യങ്ങൾ പരിശോധിച്ച് കണ്ടെത്തുന്ന പോരായ്മകൾ പരിഹരിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് വ്യക്തമായ ഉത്തരവാദിത്വം വേണം. മരണങ്ങളുടെ കണക്കുകൾ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കുകയും വർഷംതോറും അവലോകനം നടത്തുകയും ചെയ്യുന്നത് വിശ്വാസ്യത വർധിപ്പിക്കും. അതോടൊപ്പം, ആദിവാസി കുടുംബങ്ങളുടെ അനുഭവങ്ങളും ആവശ്യങ്ങളും നയരൂപീകരണത്തിന്റെ ഭാഗമാക്കണം.
അട്ടപ്പാടിയിൽ ശിശുമരണങ്ങൾ കുറഞ്ഞുവെന്ന വിവരം പ്രാധാന്യമുള്ളതാണ്, ഓരോ മരണവും തടയാനാകുമായിരുന്നോ എന്ന ചോദ്യം ശാസ്ത്രീയമായും മാനുഷികമായും പരിശോധിക്കപ്പെടണം. ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതോ സേവനങ്ങളിലെ പോരായ്മകളോ ഏതെങ്കിലും കേസിൽ കണ്ടെത്തിയാൽ ഉത്തരവാദിത്വം നിശ്ചയിക്കുകയും തിരുത്തൽ നടപടി സ്വീകരിക്കുകയും വേണം. ആദിവാസി കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കുന്നത്ആ രോഗ്യസംവിധാനത്തിന് നിർണായക പങ്കുണ്ട്. അട്ടപ്പാടിയിലെ ഓരോ കുടുംബത്തിനും ഗർഭകാലം മുതൽ കുഞ്ഞിന്റെ ആദ്യവർഷം വരെ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിചരണം ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കുമ്പോഴാണ് ഈ പ്രശ്നത്തിന് സ്ഥിരമായ പരിഹാരത്തിലേക്ക് നീങ്ങാൻ കഴിയുക. കണക്കുകൾ കുറയുന്നത് ആശ്വാസമാണ്; എന്നാൽ ഒരു കുഞ്ഞിന്റെ മരണവും ഒഴിവാക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഓരോ സർക്കാറിന്റെയും കടമയും ലക്ഷ്യവും



