ദില്ലി: പെട്രോളിൽ കലർത്തിയിരിക്കുന്ന എഥനോളിന്റെ കൃത്യമായ ശതമാനം പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. ഇന്ധന ബില്ലിലും പർച്ചേസിംഗ് രസീതിലും എഥനോൾ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷും പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഭാഷകൻ നരേന്ദ്ര ഗോസ്വാമിയാണ് ഹർജി സമർപ്പിച്ചത്.
പെട്രോളിൽ എത്ര ശതമാനം എഥനോൾ കലർത്തിയിട്ടുണ്ടെന്ന് ഉപഭോക്താക്കളെ അറിയിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തങ്ങൾ വാങ്ങുന്ന ഇന്ധനത്തിന്റെ ഘടകങ്ങളെക്കുറിച്ച് അറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹർജി വ്യക്തിപരമായ താൽപര്യത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും രാജ്യത്തെ പൗരന്മാരുടെ ആശങ്ക പരിഗണിച്ചാണ് സമർപ്പിച്ചതെന്നും നരേന്ദ്ര ഗോസ്വാമി കോടതിയെ അറിയിച്ചു.
എന്നാൽ ആവശ്യം അംഗീകരിക്കാതിരുന്ന സുപ്രീംകോടതി ഹർജി തള്ളി. വിഷയത്തിൽ തുടർനടപടി ആവശ്യമെങ്കിൽ ഹർജിക്കാരന് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.



