ഗുരുവായൂർ: ക്ഷേത്രത്തിൽ ഞായറാഴ്ച 356 വിവാഹങ്ങൾ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കും. കഴിഞ്ഞ ഞായറാഴ്ച 416 വിവാഹങ്ങളാണ് നടന്നത്.
വിവാഹ സംഘങ്ങൾ മുഹൂർത്തത്തിന് മുമ്പായി മേൽപുത്തൂർ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്ത് എത്തി ടോക്കൺ സ്വീകരിക്കണം. ഫൊട്ടോഗ്രഫർ ഉൾപ്പെടെ ഒരു വിവാഹ സംഘത്തിലെ പരമാവധി 24 പേർക്കാണ് മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിക്കുക. പുലർച്ചെ നാലിന് ആറ് വിവാഹ മണ്ഡപങ്ങളിലായി താലികെട്ട് ആരംഭിക്കും.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തും. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ചെറുവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിവിധ ഗ്രൗണ്ടുകളും സ്കൂൾ ഗ്രൗണ്ടുകളും തുറന്നുനൽകും.
തിരക്ക് കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കാനും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ടെംപിൾ സ്റ്റേഷൻ ഇൻസ്പെക്ടർ ജയപ്രദീപ്, എസ്ഐ കൃഷ്ണകുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, അഗ്നിരക്ഷാസേന ഓഫിസർ എം. മനേഷ്, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



