Sat Aug 29, 2026 11:44 pm
FLASH
X

‘ആർഎസ്എസ് പ്രീണനം; പി.എം. ശ്രീ നടപ്പാക്കാൻ തത്രപ്പാട്’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി

HOME / Kerala / Latest News August 29, 2026

കണ്ണൂർ: കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴ്പ്പെടുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഎം നേതാവ് പിണറായി വിജയൻ ആരോപിച്ചു. പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് സർക്കാരെന്നും ആർഎസ്എസിനെ പ്രീണിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂരിലെ മാത്തിലിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. അധികാരത്തിലെത്തിയാൽ പി.എം. ശ്രീ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും യുഡിഎഫ് സർക്കാരിനെ പിണറായി വിമർശിച്ചു. മുൻപ് ഇതിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നുവെന്നും ഭരണമാറ്റത്തിന് പിന്നാലെ നിലപാടിൽ മാറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അമുസ്ലിങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് യുഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചെന്നും പിണറായി ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലുകളെക്കുറിച്ചും സർക്കാർ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെതിരെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും സംഘടിത നീക്കം നടത്തിയെന്നും പിണറായി ആരോപിച്ചു.

പയ്യന്നൂരിലെ എൽഡിഎഫ് പരാജയത്തെക്കുറിച്ചും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. പാർട്ടിക്കകത്തുനിന്നുള്ള ചിലർ പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നും നേതൃതലത്തിൽ നിന്നുള്ള ചിലർ വ്യത്യസ്ത ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചിലർ ചെയ്തതെന്നും പാർട്ടി തെറ്റുകൾ വച്ചുപൊറുപ്പിക്കില്ലെന്നും പിണറായി വ്യക്തമാക്കി.