Sat Aug 29, 2026 3:53 pm
FLASH
X

കളിമൺപാത്രം എങ്ങനെ ഉണ്ടാക്കുന്നു? തത്സമയം കാണാം, ഇഷ്ടപ്പെട്ടാൽ വാങ്ങുകയും ചെയ്യാം

HOME / Kerala August 29, 2026

തിരുവനന്തപുരം: കറങ്ങുന്ന ഇലക്ട്രിക് വീലിൽ കളിമണ്ണിന് രൂപം നൽകി തത്സമയം മനോഹരമായ പാത്രങ്ങൾ നിർമ്മിച്ച് കാണികളുടെ ശ്രദ്ധ നേടുകയാണ് നെയ്യാറ്റിൻകര സ്വദേശി അനിൽകുമാർ. ബെംഗളൂരു ഡിസൈൻ സെന്റർ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ശാസ്ത്രീയ പരിശീലനം നേടിയ ശേഷമാണ് അനിൽകുമാർ കളിമൺപാത്ര നിർമാണ രംഗത്ത് സജീവമായത്.

ആധുനിക അടുക്കളകൾക്കും ഗ്യാസ് സ്റ്റൗവുകൾക്കും അനുയോജ്യമായ രീതിയിൽ ഉയർന്ന നിലവാരമുള്ള മൺപാത്രങ്ങളും വിവിധ അലങ്കാര വസ്തുക്കളുമാണ് അദ്ദേഹം ഒരുക്കുന്നത്. പരമ്പരാഗത കരകൗശലവിദ്യയ്ക്ക് ആധുനിക രൂപവും ഉപയോഗപ്രാധാന്യവും നൽകുകയാണ് ലക്ഷ്യം.

കളിമണ്ണിന്റെ ലഭ്യതക്കുറവും ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ വിപണി കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളും ഈ മേഖലയിലെ പ്രധാന വെല്ലുവിളികളാണ്. ഇതിനിടയിലും ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സർക്കാർ മേളകൾ കരകൗശല മേഖലയിലുള്ളവർക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നതെന്ന് അനിൽകുമാർ പറയുന്നു.

കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന തത്സമയ കളിമൺപാത്ര നിർമാണ പ്രദർശനം ആഗസ്റ്റ് 30 വരെ കാണാം. നിർമാണരീതി നേരിൽ കണ്ടറിയുന്നതിനൊപ്പം ഇഷ്ടപ്പെടുന്ന പാത്രങ്ങളും അലങ്കാര വസ്തുക്കളും വാങ്ങാനുള്ള അവസരവുമുണ്ട്.