Fri Nov 06, 2026 3:29 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

ഓണവിപണിയിൽ പച്ചക്കറിവില കുതിച്ചുയരുന്നു

Kerala / Latest News August 20, 2026

തൃശൂർ: ഓണം അടുത്തതോടെ പച്ചക്കറി വിപണിയിൽ വില കുതിച്ചുയരുന്നു. മിക്ക പച്ചക്കറികൾക്കും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കാര്യമായ വിലവർധനയാണ് രേഖപ്പെടുത്തിയത്. പാവയ്ക്ക, ബീൻസ്, ഉള്ളി, വെളുത്തുള്ളി, സവാള തുടങ്ങിയവയ്ക്കാണ് പ്രധാനമായും വില വർധിച്ചത്.

ഈ മാസം ഒന്നിന് കിലോയ്ക്ക് 50 രൂപയായിരുന്ന പാവയ്ക്കയുടെ ചില്ലറവില ഇന്നലെ 76 രൂപയായി. 19 ദിവസത്തിനിടെ 26 രൂപയുടെ വർധന. ബീൻസിന്റെ വില 66ൽ നിന്ന് 84 രൂപയായി ഉയർന്നു. ഉള്ളിക്ക് 83ൽ നിന്ന് 96 രൂപയായും സവാളയ്ക്ക് 39ൽ നിന്ന് 53 രൂപയായും വില വർധിച്ചു.

വെളുത്തുള്ളിയുടെ വില 250ൽ നിന്ന് 270 രൂപയായി. ബീറ്റ്റൂട്ട് 53ൽ നിന്ന് 56 രൂപയായും വെണ്ട 43ൽ നിന്ന് 49 രൂപയായും പടവലം 30ൽ നിന്ന് 48 രൂപയായും മത്തൻ 25ൽ നിന്ന് 30 രൂപയായും ഉയർന്നു. വെള്ളരിയുടെ വില 20ൽ നിന്ന് 25 രൂപയായി. ലോങ് മുളകിന് 45ൽ നിന്ന് 59 രൂപയായും വഴുതനയ്ക്ക് 39ൽ നിന്ന് 44 രൂപയായും തക്കാളിക്ക് 26ൽ നിന്ന് 30 രൂപയായും വില കൂടി.

വാഴപ്പഴ വിപണിയിൽ സമ്മിശ്ര മാറ്റം

വാഴപ്പഴ വിപണിയിൽ വിലയിൽ സമ്മിശ്ര മാറ്റമാണ്. നാട്ടൻ നേന്ത്രപ്പഴത്തിന്റെ വില 73ൽ നിന്ന് 79 രൂപയായി ഉയർന്നു. എന്നാൽ റോബസ്റ്റയുടെ വില 36ൽ നിന്ന് 29 രൂപയായി കുറഞ്ഞു. ഞാലിപ്പൂവന് 85 രൂപ തന്നെയാണ്.

പൂവൻപഴത്തിന്റെ വില 65ൽ നിന്ന് 55 രൂപയായും കാപ്സിക്കത്തിന്റെ വില 70ൽ നിന്ന് 60 രൂപയായും കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമായി.

പഴങ്ങൾക്കും വിലയിൽ മാറ്റം

പഴവർഗങ്ങളിൽ ശ്രദ്ധേയമായ വിലവർധന ആപ്പിളിനാണ്. ന്യൂസിലൻഡ് ഗാല ആപ്പിളിന്റെ വില കിലോയ്ക്ക് 270ൽ നിന്ന് 280 രൂപയായി ഉയർന്നു. മുന്തിരിയുടെ വില 95ൽ നിന്ന് 99 രൂപയായി. ചെറുനാരങ്ങയുടെ വില 73ൽ നിന്ന് 140 രൂപയായി കുത്തനെ ഉയർന്നു.

അതേസമയം മാതളനാരങ്ങയുടെ വില 165ൽ നിന്ന് 160 രൂപയായും കിവിയുടെ വില 130ൽ നിന്ന് 110 രൂപയായും കുറഞ്ഞു.

ഓണം അടുക്കുന്നതോടെ പച്ചക്കറി വില ഇനിയും ഉയരുമെന്ന ആശങ്കയാണ് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും. നിലവിലെ വിലനിലവാരം സൂചിപ്പിക്കുന്നത് ഇത്തവണ ഓണവിപണിയിൽ പച്ചക്കറി വില സാധാരണക്കാരുടെ കുടുംബബജറ്റിന് വലിയ തിരിച്ചടിയാകുമെന്നാണ്.