Fri Sep 18, 2026 5:23 pm
FLASH
X

കേരളത്തിലെ ഏറ്റവും വലിയ ഓണപ്പൂപ്പാടം ഒരുങ്ങി; കഞ്ഞിക്കുഴിയിൽ പൂക്കളുടെ വസന്തക്കാഴ്ച

Kerala / Latest News August 14, 2026

ആലപ്പുഴ: ഓണത്തെ വരവേൽക്കാൻ കേരളത്തിലെ ഏറ്റവും വലിയ ഓണപ്പൂപ്പാടമൊരുക്കി കഞ്ഞിക്കുഴി. കർഷകനായ വി.പി. സുനിലിന്റെ നേതൃത്വത്തിൽ മൂന്ന് ഏക്കർ സ്ഥലത്താണ് കണ്ണിന് കുളിർമയേകുന്ന പൂപ്പാടം ഒരുക്കിയിരിക്കുന്നത്. പൂപ്പാടത്തിന്റെ വിളവെടുപ്പ് നാളെ ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ നിർവഹിക്കും.

20,000 ചെണ്ടുമല്ലിയും 10,000 വാടാമുല്ലയും പൂത്തുലഞ്ഞുനിൽക്കുന്ന കാഴ്ചയാണ് കഞ്ഞിക്കുഴിയിൽ ഒരുക്കിയിരിക്കുന്നത്. അത്തം മുതൽ ഉത്രാടം വരെ തുടർച്ചയായി പൂക്കൾ ലഭിക്കുന്ന തരത്തിൽ രണ്ട് ഘട്ടങ്ങളായാണ് കൃഷി തയ്യാറാക്കിയിരിക്കുന്നത്.

വീട്ടുമുറ്റത്ത് മനോഹരമായ പൂക്കളം ഒരുക്കാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ഉൾപ്പെടുത്തിയ കിറ്റും ഇവിടെ ലഭിക്കും. ഒരു കിറ്റിന് 500 രൂപയാണ് വില. ഒരു വീടിന് പൂക്കളമൊരുക്കാൻ ഒരു കിറ്റ് മതിയാകുമെന്ന് വി.പി. സുനിൽ പറഞ്ഞു. ജോലി കഴിഞ്ഞ് വൈകിയെത്തുന്നവർക്കായി മുൻകൂട്ടി അറിയിച്ചാൽ രാത്രിയിലും പൂക്കൾ ലഭ്യമാക്കും.

പൂക്കൃഷിക്കൊപ്പം ‘കഞ്ഞിക്കുഴി പുഷ്പോത്സവം’ എന്ന പേരിൽ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം റീൽസിനും സെൽഫികൾക്കുമായി പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്ന ഓഫീസുകൾക്കും വിവിധ കൂട്ടായ്മകൾക്കുമായി പന്തലും മിതമായ നിരക്കിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. സന്തോഷ് കുമാർ അറിയിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ സഹകരണത്തോടെയാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഓണത്തിന് പൂക്കളം ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തവണ കഞ്ഞിക്കുഴിയിലെ ഈ പൂപ്പാടം വേറിട്ടൊരു അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.