Fri Sep 18, 2026 5:48 pm
FLASH
X

പ്രതിരോധമേഖലയ്ക്ക് അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ നിർമിച്ച് കെൽട്രോൺ

Kerala / Latest News August 14, 2026

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ വികസിപ്പിച്ച് വിപണിയിലെത്തിച്ച് കെൽട്രോൺ. പൊതുമേഖലാ വ്യവസായ വകുപ്പിന്റെ പൂർണ പിന്തുണയോടെയാണ് പ്രതിരോധ സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ പദ്ധതി കെൽട്രോൺ നടപ്പാക്കുന്നത്.

കപ്പലിന്റെ കൃത്യമായ വേഗത അളക്കുന്നതിനുള്ള ഇലക്ട്രോമാഗ്‌നറ്റിക് ലോഗ്, കപ്പലുകൾ സഞ്ചരിക്കുമ്പോൾ അതിന് താഴെയുള്ള ആഴം നിർണ്ണയിക്കാൻ സഹായിക്കുന്ന എക്കോ സൗണ്ടർ, കപ്പലും അന്തർവാഹിനിയും തമ്മിലുള്ള ആശയവിനിമയത്തിന് സഹായിക്കുന്ന അണ്ടർവാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവയുടെ നിർമ്മാണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ക്വാളിറ്റി അഷ്വറൻസ് ഓർഗനൈസേഷൻ കെൽട്രോണിന് ‘സ്വയം സാക്ഷ്യപത്ര അവകാശം’ നൽകി. വ്യവസായ വിവരസാങ്കേതിക എ ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ, അഡീഷണൽ ഡയറക്ടർ ജനറൽ റിയർ അഡ്മിറൽ അജിത് തെക്കേപ്പാട്ട്, കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർക്ക് സാക്ഷ്യപത്ര അവകാശം കൈമാറി.

ഇന്ത്യൻ നേവിക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇ.എം. ലോഗ്, കോസ്റ്റ് ഗാർഡിനു വേണ്ടിയുള്ള എക്കോസൗണ്ടർ എന്നീ ഉപകരണങ്ങൾ റിയർ അഡ്മിറൽ അജിത്തിന് കെൽട്രോൺ എം.ഡി കൈമാറി. കൂടാതെ സബ്ദറൈൻ എക്കോസൗണ്ടറിന്റെ മറ്റൊരു ഓർഡറും കൂടി ഇന്ത്യൻ നേവിയിൽ നിന്നും കെൽട്രോൺ എം.ഡി സ്വീകരിച്ചു.

വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ബി.പി.റ്റി എക്‌സിക്യൂട്ടീവ് ചെയർമാൻ അജിത്കുമാർ കെ, ബി.പി.റ്റി മെമ്പർ സെക്രട്ടറി ബിജു മോഹൻ ആർ, ക്യാപ്റ്റൻ ജസ്വിന്ദർ സിംഗ്, ഹെഡ് ക്യാപ്റ്റൻ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.