Wed Aug 12, 2026 5:25 pm
FLASH
X

എഫ്സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ട് ലോക്സഭ; പ്രതിപക്ഷ പ്രതിഷേധം, ന്യൂനപക്ഷവിരുദ്ധമല്ലെന്ന് കിരൺ റിജിജു

HOME / Latest News / National August 12, 2026

ദില്ലി: എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ പാസാക്കി. ബിൽ ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടുള്ളതാണെന്ന് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ആരോപിച്ചപ്പോൾ, ഒരു സ്ഥാപനത്തെയും ഉന്നംവയ്ക്കുന്നില്ലെന്നും ബില്ലിലെ വ്യവസ്ഥകളൊന്നും ന്യൂനപക്ഷവിരുദ്ധമല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

എഫ്സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിടുന്നതിനെതിരെ കെ.സി. വേണുഗോപാൽ രംഗത്തെത്തി. ബിൽ പാടില്ലെന്ന നിലപാട് കാര്യോപദേശക സമിതിയിലും വ്യക്തമാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതിയെന്നും ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ വിദേശ സംഭാവനകൾ സ്വീകരിക്കുന്നുണ്ടെന്നും അവരെ ഒഴിവാക്കുന്ന തരത്തിലാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.

പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. ഇത്രയും നാളായി ബിൽ ജെപിസിക്ക് വിടണമെന്ന് തന്നെയായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ റിജിജുവിന്റെ മറുപടിക്കിടെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു.

ബില്ലിലെ ഒരു വ്യവസ്ഥ പോലും ന്യൂനപക്ഷവിരുദ്ധമല്ലെന്നും ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കിരൺ റിജിജു വ്യക്തമാക്കി. ഒരു സ്ഥാപനത്തെയും പ്രത്യേകമായി ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ സ്പീക്കർ പ്രമേയം പാസാക്കി. ഇതോടെ എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ലോക്സഭ 3 മണിവരെ നിർത്തിവയ്ക്കുകയും ചെയ്തു.