Wed Oct 14, 2026 10:55 am
X

പെൺകുട്ടികളുടെ വസ്ത്രധാരണമല്ല, പുരുഷന്മാരുടെ പെരുമാറ്റമാണ് മാറേണ്ടത്: ഡൽഹി ഹൈക്കോടതി

HOME / Latest News / National August 12, 2026

ദില്ലി: സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ഒരിക്കലും ന്യായീകരണമല്ലെന്ന് ഡൽഹി ഹൈക്കോടതി. സ്ത്രീകളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിലാണ് മാറ്റം വരേണ്ടതെന്നും കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെ വിട്ട കീഴ്‌ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രശേഖരൻ സുധയുടെ നിരീക്ഷണം.

എല്ലാവരോടും മാന്യമായി പെരുമാറാൻ കുട്ടികളെ പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകൻ സ്വീകരിച്ച ക്രോസ് വിസ്താര രീതിയെയും വാദങ്ങളെയും കോടതി രൂക്ഷമായി വിമർശിച്ചു. പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് സ്വഭാവഹത്യ നടത്താനാണ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു പെൺകുട്ടിയോ സ്ത്രീയോ എന്ത് വസ്ത്രം ധരിക്കണം എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജീൻസ് ധരിക്കുന്ന സ്ത്രീകൾ ആൺകുട്ടികളെ വഴിതെറ്റിച്ചേക്കാമെന്ന തരത്തിലുള്ള പരാമർശങ്ങൾ അതീവ ആശങ്കാജനകവും അംഗീകരിക്കാനാവാത്തതുമാണെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീയുടെ വസ്ത്രധാരണം അവരുടെ അന്തസ്സിനെ ഒരിക്കലും കുറയ്ക്കുന്നില്ലെന്നും, അവർക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കാൻ വസ്ത്രധാരണം കാരണമാകില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.