Tue Aug 11, 2026 4:29 pm
FLASH
X

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയത് ‘കഴിഞ്ഞ സർക്കാരിന്റെ തട്ടിപ്പ്’; ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

HOME / Kerala / Latest News August 11, 2026

ഇടുക്കി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിനെതിരെ പ്രതികരണവുമായി വനം മന്ത്രി ഷിബു ബേബി ജോൺ. തെരഞ്ഞെടുപ്പിന് മുൻപ് കഴിഞ്ഞ സർക്കാർ നടത്തിയ നടപടികളാണ് ബിൽ തള്ളപ്പെടാൻ കാരണമെന്നും രാജ്യത്തെ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്നും മന്ത്രി ആരോപിച്ചു.

വിഷയത്തിൽ കേന്ദ്ര വനം മന്ത്രിയുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും നിയമ വകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

ഇ എസ് എ (ESA)യുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിലെ സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജനവാസ മേഖലകൾ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിനുള്ള പരിശോധനകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് കേന്ദ്ര അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ലോക്സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര പരിസ്ഥിതി-വനം സഹമന്ത്രി കീർത്തി വർധൻ സിംഗ് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വനം മന്ത്രിയുടെ പ്രതികരണം.

മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയുന്നതിനുള്ള പൂർണ ചുമതല സംസ്ഥാന സർക്കാരിനാണെന്നും ഇതിനായി 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ വ്യവസ്ഥകൾ നിലവിലുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലുള്ള കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് സംസ്ഥാനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം, ഭേദഗതി ബിൽ കേന്ദ്രം തള്ളിയ സാഹചര്യത്തിൽ കേരള സർക്കാർ ഇനി സ്വീകരിക്കുന്ന നടപടികൾ എന്തായിരിക്കുമെന്നതിലാണ് ശ്രദ്ധ.