Wed Aug 12, 2026 5:45 pm
FLASH
X

തമിഴ്നാട്ടിൽനിന്ന് പ്രധാനമന്ത്രി വരണം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണം: ആഥവ് അർജുന

National / Latest News August 12, 2026

ചെന്നൈ: ദക്ഷിണേന്ത്യയിൽനിന്ന്, പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്ന് പ്രധാനമന്ത്രി വരണമെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അർജുന. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന നിലവിലെ സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്നാട് നിയമസഭയിൽ മണ്ഡല പുനർനിർണയത്തിനെതിരായ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ആധിപത്യം വർധിപ്പിക്കുമെന്നും ഇത് തമിഴ്നാടിന്റെ ശബ്ദം കൂടുതൽ ദുർബലമാക്കുമെന്നും ആഥവ് അർജുന പറഞ്ഞു.

നിലവിൽ ഏതാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്നാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതെന്നും ഈ സാഹചര്യം മാറേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രധാനമന്ത്രി വരണമെന്നും പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്നുള്ള ഒരാൾ ആ സ്ഥാനത്തെത്തണമെന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല പുനർനിർണയ വിഷയം കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി കാണേണ്ടതില്ലെന്നും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരം സംരക്ഷിക്കുന്നതിനുള്ള വിഷയമാണിതെന്നും ആഥവ് അർജുന വ്യക്തമാക്കി.

തമിഴ്നാടിന് 100 എംപിമാരുണ്ടായിരുന്നെങ്കിൽ നീറ്റ്, ജിഎസ്ടി, സിഎഎ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനങ്ങൾ ഇതേ രീതിയിൽ നടപ്പാക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. പാർലമെന്റിൽ മതിയായ പ്രാതിനിധ്യമില്ലാത്തതാണ് പ്രധാന പ്രശ്നമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിൽനിന്നുള്ള 39 എംപിമാരും സഭയിൽനിന്ന് ഇറങ്ങിപ്പോകാതെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലങ്ങളുടെ നിലവിലെ ഘടന അടുത്ത 25 വർഷത്തേക്ക് തുടരണമെന്നും ആഥവ് അർജുന പറഞ്ഞു.