സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ആരം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിക്കുന്ന ചിത്രം രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്നു.
വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രം സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ആത്മസംഘർഷങ്ങളും ഉദ്വേഗജനകമായ അന്വേഷണവുമാണ് പ്രമേയമാക്കുന്നത്. സസ്പെൻസും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിച്ച വ്യത്യസ്തമായ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ അനുഭവമായിരിക്കും ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ഗുഡ്ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം സെപ്റ്റംബറിൽ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
സി.ഐ. ആന്റോ ഈപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെ സൈജു കുറുപ്പ് അവതരിപ്പിക്കുന്നു. അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കിനാവള്ളി’യുടെ തിരക്കഥാകൃത്തായ വിഷ്ണു രാമചന്ദ്രനാണ് രചന നിർവഹിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം, വി. സാജൻ എഡിറ്റിംഗ് നിർവഹിക്കുന്നു. സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനാണ്.
കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവർ ഗാനരചന നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഹരിചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ. അശ്വിൻ എന്നിവർ ആലപിക്കുന്നു.
ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ളൈ, കോസ്റ്റ്യൂം ഡിസൈനർ സുജിത് മട്ടന്നൂർ, മേക്കപ്പ് കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ റോബിൻ ടോം, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, സ്റ്റിൽസ് സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് & അഡ്വർടൈസിംഗ് ബ്രിങ്ഫോർത്ത്, പി.ആർ.ഒ വാഴൂർ ജോസ് എന്നിവരാണ്.



