Thu Aug 06, 2026 10:05 pm
FLASH
X

മുല്ലപ്പെരിയാർ ഡാം: ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം; ഔദ്യോഗിക പ്രതിഷേധത്തിന് നീക്കം

HOME August 5, 2026

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം രംഗത്ത്. വിഷയത്തിൽ തമിഴ്നാട് സർക്കാറിനെതിരെ ഔദ്യോഗിക പ്രതിഷേധം അറിയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായാണ് വിവരം.

തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ നിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഉയർത്താൻ സർക്കാർ ശ്രമിക്കുമെന്ന് വ്യക്തമാക്കിയത്.

അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ തമിഴ്നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും മേഘദാതു പദ്ധതി പോലുള്ള സംസ്ഥാനത്തിന്റെ ജലാവകാശങ്ങളെ ബാധിക്കുന്ന പദ്ധതികളെ ശക്തമായി എതിർക്കുമെന്നും ബജറ്റിൽ പറയുന്നു. കൂടാതെ, ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ ക്ഷേമം സംരക്ഷിക്കുന്നതിനുമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി–കാവേരി നദീബന്ധന പദ്ധതി വേഗത്തിലാക്കൽ എന്നിവയ്ക്കായി സർക്കാർ പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാടിന്റെ ഈ പ്രഖ്യാപനം കേരളത്തിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷയും ജനങ്ങളുടെ ജീവൻ-സ്വത്തിനുമുള്ള ഭീഷണിയും ചൂണ്ടിക്കാട്ടി പുതിയ അണക്കെട്ട് നിർമിക്കണമെന്ന നിലപാടാണ് കേരളം ദീർഘകാലമായി സ്വീകരിച്ചുവരുന്നത്. ജലനിരപ്പ് ഉയർത്താനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.