Wed Aug 05, 2026 2:17 pm
FLASH
X

കൂടുതൽ ജനകീയമാകാൻ കെഎസ്ആർടിസി; എഐ വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ മുതൽ, 24×7 ടോൾ ഫ്രീ സേവനവും

Kerala / Latest News August 5, 2026

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന കെഎസ്ആർടിസിയുടെ എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം ഓഗസ്റ്റ് 6 മുതൽ നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി സി പി ജോൺ നിർവഹിക്കും.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിലാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം. യാത്രക്കാർക്ക് വാട്സാപ്പിലൂടെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് അവതരിപ്പിക്കുന്നത്. ടിക്കറ്റിങ് കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി ജീവനക്കാർക്കും വിവിധ യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും മന്ത്രി വിതരണം ചെയ്യും. ഇതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ സേവനമായ 149-ന്റെ ഉദ്ഘാടനവും നവീകരിച്ച കെഎസ്ആർടിസി കൊറിയർ സേവനത്തിന്റെ പ്രവർത്തനോദ്ഘാടനവും നടക്കും.

ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത സെക്രട്ടറി ടി. വി. അനുപമ സ്വാഗതം ആശംസിക്കും. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ പുതിയ പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.

വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി

അതേസമയം, സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഗതാഗത മന്ത്രി സി പി ജോൺ ഖേദം പ്രകടിപ്പിച്ചു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

“പറഞ്ഞ വാക്കുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു. എന്റെ പരാമർശം കൊണ്ട് ആർക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല,” എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രിയദർശിനി ബസുകളുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെ സ്ത്രീകളെ കുറിച്ച് മന്ത്രി നടത്തിയ പരാമർശം സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വിശദീകരണവും ഖേദപ്രകടനവും നടത്തിയത്.

Tags: , , , , , , , , , , , , , , , , , , ,