സംഗീത് പ്രതാപും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങളാകുന്ന നവാഗത സംവിധായകൻ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യും.
ഡോക്ടർ പോൾ വർഗീസും സുജിത് ജെ. നായരും ചേർന്ന് ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക. ചിത്രത്തിന്റെ കഥയും തിരക്കഥയും നടി നിലീൻ സാന്ദ്രയാണ് ഒരുക്കിയിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ, താരങ്ങളെ ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിൽ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. സംഗീത് പ്രതാപിനും ഷറഫുദീനും കരിയറിലെ ഏറ്റവും വേറിട്ട കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലേതെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയപ്പോൾ, വിദേശ വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.



