Sun Aug 02, 2026 6:17 pm
FLASH
X

തിരുവനന്തപുരം നഗരസഭയുടെ ചരിത്രം ബി.ജെ.പി മറക്കരുത്: വി. ശിവൻകുട്ടി

Latest / Kerala / Latest News August 1, 2026

തിരുവനന്തപുരം നഗരസഭയുടെ ചരിത്രപരമായ പൈതൃകവും കൗൺസിൽ ഹാളിന്റെ പ്രാധാന്യവും നിലവിലെ ഭരണസമിതിയും ബി.ജെ.പിയും മറക്കരുതെന്ന് മുൻ മേയറും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. നിലവിലെ കോർപ്പറേഷൻ കെട്ടിടം പൊളിച്ച് 300 കോടി രൂപ ചെലവിൽ പുതിയ മന്ദിരം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിനെതിരെയാണ് അദ്ദേഹത്തിന്റെ വിമർശനം.

തിരുവനന്തപുരം കോർപ്പറേഷൻ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും, നിലവിലെ കൗൺസിൽ ഹാൾ 1962 മാർച്ച് 19-ന് അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള തറക്കല്ലിട്ടതും 1966 ജൂൺ 30-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഉദ്ഘാടനം ചെയ്തതുമായ ചരിത്രസ്മാരകമാണെന്നും ശിവൻകുട്ടി പറഞ്ഞു. മുൻ പ്രധാനമന്ത്രിയോടും മുൻ മുഖ്യമന്ത്രിയോടുമുള്ള രാഷ്ട്രീയ വിരോധമാണോ കെട്ടിടം പൊളിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം ചോദിച്ചു.

നഗരത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കോർപ്പറേഷൻ ഭരണസമിതി പരാജയപ്പെട്ടുവെന്നും ശുചീകരണ പ്രവർത്തനങ്ങൾ, തെരുവിളക്കുകൾ, തെരുവുനായ ശല്യം, വെള്ളക്കെട്ട്, കുടിവെള്ള വിതരണം തുടങ്ങിയ വിഷയങ്ങളിൽ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ പോലും തയ്യാറാകാതെ കൗൺസിൽ യോഗങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ച് 300 കോടി രൂപ ചെലവഴിച്ച് പുതിയ മന്ദിരം നിർമ്മിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും, നിലവിലെ കോർപ്പറേഷൻ കെട്ടിടത്തിലെ ഒരു കല്ലുപോലും മാറ്റാൻ തിരുവനന്തപുരം നഗരത്തിലെ ജനാധിപത്യ-മതേതര വിശ്വാസികൾ അനുവദിക്കില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.