തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും പാർലമെന്റേറിയനും ഗോവ വിമോചന സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്ന സി കെ ചന്ദ്രപ്പന്റെ ഉജ്വലമായ സ്മരണ നിലനിർത്തുവാൻ ഷാർജ യുവകലാസാഹിതി ഏർപ്പെടുത്തിയ 2026ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകനും ദി ടെലിഗ്രാഫ് മുൻ എഡിറ്ററുമായിരുന്ന ആർ രാജഗോപാലിന്. 2026 ദിർഹവും (ഏകദേശം 53,000 ഇന്ത്യൻ രൂപ) ഫലകവും അടങ്ങിയതാണ് പുരസ്കാരം. ബെെജു ചന്ദ്രൻ ചെയര്‍മാനും അബ്ദുള്‍ ഗഫൂര്‍, ഗീത നസീര്‍, പ്രശാന്ത് ആലപ്പുഴ, ബെൻസി ജിബി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.
സി കെ ചന്ദ്രപ്പൻ എന്നും പൊരുതിയ ഹെെന്ദവ ഫാസിസത്തിനെതിരെയുള്ള പോരാട്ടം അക്ഷരങ്ങളുടെ കരുത്തില്‍ മുന്നോട്ടു കൊണ്ടു പോകുന്ന ആര്‍ രാജഗോപാലിനെ ഈ അവാര്‍ഡിന് ജ്യൂറി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പുരസ്കാര നിർണയ സമിതി അധ്യക്ഷന്‍ ബൈജു ചന്ദ്രന്‍ പറഞ്ഞു. പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അബ്ദുള്‍ ഗഫൂർ, ബെൻസി ജിബി, അജിത് വര്‍മ്മ തുടങ്ങിയവരും പങ്കെടുത്തു.




