Sat Jul 18, 2026 1:56 am
FLASH
X
booked.net

പനിയ്ക്ക് പിന്നാലെ അണുബാധയും? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനിയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

News / Kerala July 16, 2026

കൊല്ലം : കടുത്ത പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്ത് (38) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. പനിയെത്തുടർന്നുണ്ടായ ഗുരുതരമായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസങ്ങളിലാണ് എലിസബത്തിന് കടുത്ത പനി ബാധിച്ചത്. തുടർന്ന് ആദ്യം ഇടമണിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില വഷളായതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും ഇവർ ചികിത്സ തേടിയിരുന്നു. എന്നാൽ പനി കുറയാത്ത സാഹചര്യത്തിലും ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്നും കഴിഞ്ഞ തിങ്കളാഴ്ച എലിസബത്തിനെ അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ തുടരുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്.

യുവതിയുടെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള അനാസ്ഥയോ മറ്റ് കാരണങ്ങളോ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന്റെ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.