Sun Sep 20, 2026 1:19 am
FLASH
X

കണ്ഠരര് രാജീവരുടെ മകന്‍ ശബരിമല തന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്; താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് ദേവസ്വം ബോര്‍ഡ്, തീരുമാനം ഹൈക്കോടതിയെ അറിയിക്കും

HOME / Kerala July 14, 2026

പത്തനംതിട്ട : ഈ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല തന്ത്രിയായി എത്തേണ്ട കണ്ഠരര് രാജീവർക്ക് പകരം അദ്ദേഹത്തിന്റെ മകനെ തന്ത്രി ആക്കണമെന്ന ആവശ്യം അംഗീകരിച്ചേക്കുമെന്ന് സൂചന. അങ്ങനെയെങ്കിൽ കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തൻ തന്ത്രി ആയേക്കും. ബ്രഹ്‌മദത്തൻ തന്ത്രി ആകുന്നതിനെ ബോർഡിലെ ഭൂരിഭാഗം പേരും അനുകൂലിക്കുന്നുണ്ട്. താഴമണ്‍ കുടുംബത്തെ തന്ത്രി സ്ഥാനത്ത് നിന്നും മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതി ദേവസ്വം ബെഞ്ചാണ്.

അതേസമയം, ശബരിമല തന്ത്രിയാകാന്‍ ബ്രഹ്‌മദത്തന്‍ യോഗ്യനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തന്ത്രി ആരാകണം എന്ന കാര്യം ഹൈക്കോടതി തീരുമാനിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി ഡി സന്തോഷ് കുമാര്‍ പ്രതികരിച്ചത്. സ്വര്‍ണ്ണകൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ കണ്ഠരര് രാജീവര്‍ പ്രതി ആണ്. താഴമണ്‍ കുടുംബത്തെ മാറ്റുന്ന കാര്യം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തനിക്ക് വ്യക്തിപരമായി അഭിപ്രായമില്ലെന്നും കോടതി എന്താണോ പറയുന്നത് അത് അനുസരിച്ച് തീരുമാനിക്കുമെന്നുമാണ് സന്തോഷ് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമാണ് ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് കത്ത് നൽകിയത്. പകരം മകന്‍ ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നല്‍കണമെന്നും കണ്ഠര് രാജീവര് ആവശ്യപ്പെട്ടു. ഇക്കാര്യം ഊഴമനുസരിച്ച് ഈ മണ്ഡല മകരവിളക്ക് സീസണില്‍ തന്ത്രിയായി എത്തേണ്ടത് കണ്ഠര് രാജീവര് ആയിരുന്നു. എന്നാൽ അനാരോഗ്യം മൂലം തനിക്ക് തന്ത്രിസ്ഥാനത്തുനിന്ന് ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്.

ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് തന്നെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് കണ്ഠര് രാജീവര്. ബോർഡിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി അഭിമുഖത്തിലും തന്ത്രിയെന്ന നിലയില്‍ കണ്ഠര് രാജീവരാണ് പങ്കെടുക്കുന്നത്. ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല. ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ കണ്ഠര് മോഹനരും രാജീവരും ആണ് തന്ത്രിസ്ഥാനം വഹിച്ചിരുന്നു. പിന്നീട് കണ്ഠര് മോഹനര്‍ മാറി പകരം മകന്‍ കണ്ഠര് മഹേഷ് മോഹനരര്‍ക്കായി ചുമതല. പിന്നാലെയാണ് കണ്ഠര് രാജീവരും തന്ത്രിസ്ഥാനം മകന് നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.