കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർക്ക് സഹായമായി കുടുംബശ്രീയും ഹരിതകർമസേനയും. മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സജ്ജമാക്കിയ കമ്മ്യൂണിറ്റി കിച്ചണിൽ കുടുംബശ്രീ പ്രവർത്തകരുടെ സജീവ സാന്നിധ്യമുണ്ട്. കുടുംബശ്രീ സി.ഡി.എസിൻ്റെയും എ.ഡി.എസിൻ്റെയും നേതൃത്വത്തിൽ ക്യാമ്പിൽ പുനരധിവസിപ്പിച്ചവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് കൃത്യമായ ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ അറിയിച്ചു. ക്യാമ്പിലെ ഭക്ഷണ പാചകം ചെയ്യൽ, വിതരണം ചെയ്യുന്നതിന് സി.ഡി.എസ് പ്രവർത്തകർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിലുള്ളവർക്ക് മാനസിക പിന്തുണ നൽകി ആത്മവിശ്വാസം വർധിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
കുടുംബശ്രീ ഓണക്കനി നിറപ്പൊലിമ സംഘാടക സമിതി യോഗം ചേർന്നു
കുടുംബശ്രീ ഓണക്കനി, നിറപ്പൊലിമ പൂകൃഷി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 12ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം നിർവഹിക്കും. ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് കീടനാശിനി തളിക്കാതെ പൂക്കൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിറപ്പൊലിമ പൂകൃഷി ആരംഭിക്കുന്നത്. ഓണക്കാലത്ത് വിഷരഹിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച തീവ്ര കാർഷിക പദ്ധതിയാണ് ഓണക്കനി. പരിപാടിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്ത് സിഡിഎസ് ഹാളിൽ സംഘാടകസമിതി യോഗം ചേർന്നു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വത്സല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി കുന്നത്ത് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോ ഓർഡിനേറ്റർ കെ. എം.സെലീന പദ്ധതി വിശദീകരിച്ചു. വാർഡ് അംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്, വൈസ് ചെയർപേഴ്സൺ ഷാജിമോൾ തുടങ്ങിയവർ പങ്കെടുത്തു.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം
പി എൻ പണിക്കർ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി ജില്ലാതല വായന ക്വിസ് മത്സരം ജൂലൈ 11 ന് രാവിലെ 10ന് ബത്തേരി ഡോൺബോസ്കോ കോളേജിൽ നടത്തും. ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് ജൂലൈ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. ഒരു ലക്ഷം രൂപയുടെ പ്രൈസ് മണിയാണ് സമ്മാനം. ഫോണ്- 9562402380
വ്യാപാര സ്ഥാപനങ്ങള് ലൈസൻസ് നേടണം
തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ജൂലൈ 31 നകം പഞ്ചായത്ത് ലൈസൻസ് നേടുകയോ/പുതുക്കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം കേരള പഞ്ചായത്ത് രാജ് ചട്ടം 2025 പ്രകാരം സ്ഥാപനം അടച്ചു പൂട്ടുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കും.
തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിൽ നമ്പർ കരസ്ഥമാക്കാത്ത കെട്ടിടങ്ങൾ / അനധികൃത കൂട്ടിച്ചേർക്കലുകൾ എന്നിവ ജൂലൈ 31നകം കെട്ടിട നമ്പർ കരസ്ഥമാക്കുകയോ/ ക്രമവൽക്കരിക്കുകയോ ചെയ്യണം.
ജനവാസ കേന്ദ്രങ്ങളിൽ വന്യ ജീവിശല്യം രൂക്ഷമായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സന്റെ ഉത്തരവ് പ്രകാരം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ കാട് മൂടി കിടക്കുന്ന മുഴുവൻ സ്വകാര്യ ഭൂമിയിലേയും കാടുകൾ ജൂലൈ 31നകം വെട്ടി നീക്കണം.
ക്വട്ടേഷന് ക്ഷണിച്ചു
ജില്ലയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ കാർ (ഡ്രൈവർ ഉൾപ്പെടെ) ലഭ്യമാകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ നോട്ടിസും ക്വട്ടേഷൻ ഫോമിന്റെ മാതൃകയും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കാര്യാലയത്തിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായി വാടക വ്യവസ്ഥയിൽ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ /സ്ഥാപനങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷനുകൾ 14 ദിവസത്തിനകം കാര്യാലയത്തിലെത്തിക്കണം. ഫോണ്- 9497990462
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പാലിയാണ, കക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (ജൂലൈ 09) രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.




