Mon Jul 06, 2026 11:12 pm
FLASH
X
booked.net

ഏഴു വയസ്സുകാരൻ യാഷ്‌വന്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും; ഒരു വൃക്ക റോഡ് മാർഗ്ഗം ​ഗ്രീൻ കോറിഡോർ ഒരുക്കി കോഴിക്കോട്ടേക്ക് എത്തിച്ചു

Kerala / News July 6, 2026

തിരുവനന്തപുരം: റോഡപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഏഴു വയസ്സുകാരൻ മാസ്റ്റർ ലോകിനേനി യാഷ്‌വന്റെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകും. ദാനം ചെയ്ത അവയവങ്ങളിലൊന്നായ ഒരു വൃക്ക തിരുവനന്തപുരത്തു നിന്നും അതീവ ജാഗ്രതയോടെ റോഡ് മാർഗ്ഗം ആംബുലൻസിൽ കോഴിക്കോടെത്തിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെയും അഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരം പൊലീസ് പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കിയാണ് വൃക്ക കൃത്യസമയത്ത് കോഴിക്കോട് എത്തിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് രാവിലെ 11.19ന് ആംബുലൻസിൽ പുറപ്പെട്ട വൃക്ക വൈകീട്ട് 5.15 ഓടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ 17 കാരനാണ് വൃക്ക സ്വീകരിക്കുന്നത്.

ഹൈദരാബാദ് തിരുമലഗിരി ജില്ലയിൽ യദമ്മ നഗർ സ്വദേശികളായ ലോകിനേനി രഘുവിന്റെയും സൗമ്യ പാപ്പറാവുവിന്റെയും മകനാണ് യാഷ്‌വൻ. ലോകിനേനി രഘു കൂടംകുളം ന്യൂക്ലിയർ പവർ പ്രൊജക്ടിൽ സയന്റിഫിക് ഓഫീസറാണ്. ഇവർ നിലവിൽ തമിഴ്‌നാട് തിരുനെൽവേലി ജില്ലയിലെ ചെട്ടികുളം അനുവിജയ് ടൗൺഷിപ്പിലെ താമിരഭരണി ബിൽഡിങിലാണ് താമസിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഒൻപത് വയസുകാരൻ ശ്രീ സജിത്, യാഷ്‌വന്റെ സഹോദരനാണ്.

കഴിഞ്ഞ ജൂൺ 29-ന് രാത്രി ഏഴുമണിയോടെ അനുവിജയ് ടൗൺഷിപ്പിൽ വെച്ച് സൈക്കിളിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ യാഷ്‌വനെ ഒരു ആംബുലൻസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ഹെൽത്ത് കെയർ സെന്ററിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അന്നുതന്നെ രാത്രി 11 മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരമാവധി ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. തുടർന്ന് ജൂലൈ 05-ന് രാവിലെ 10.38-ഓടെ കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. മകന്റെ അപ്രതീക്ഷിത വിയോഗത്തിലും കുടുംബാം​ഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.

യാഷ്‌വന്റെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നീ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. രണ്ടാമത്തെ വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കോട്ടയം വിജയപുരം സ്വദേശിനിയായ നാല് വയസും പത്ത് മാസം പ്രായമുള്ള പെൺകുട്ടിയ്ക്കാണ് നൽകുന്നത്. കരൾ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 17 വയസുള്ള കൊല്ലം കല്ലുവാതിൽക്കൽ സ്വദേശിനിയുമാണ് സ്വീകരിച്ചത്. ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും, രണ്ട് നേത്രപടലങ്ങൾ റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കുമാണ് കൈമാറിയത്.

വേദനയ്ക്കിടയിലും അവയവദാനത്തിന് സമ്മതം നൽകിയ യാഷ്‌വന്റെ മാതാപിതാക്കളെ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നന്ദി അറിയിച്ചു. യാഷ്‌വന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവമാറ്റ നടപടികൾ വേഗത്തിലാക്കിയ കെ-സോട്ടോ, പൊലീസ്, ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാവർക്കും മന്ത്രി നന്ദി രേഖപ്പെടുത്തി. കെ-സോട്ടോയുടെ മേൽനോട്ടത്തിലാണ് അവയവങ്ങൾ വിന്യസിക്കുന്നതിനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കിയത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് വൃക്കയുമായി പുറപ്പെട്ട ആംബുലൻസിന് ഗതാഗതക്കുരുക്കില്ലാതെ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ വിവിധ ജില്ലകളിലെ പൊലീസും പൊതുജനങ്ങളും പൂർണ്ണ പിന്തുണയോടെ പാതയൊരുക്കുകയായിരുന്നു.