Mon Jul 06, 2026 11:13 pm
FLASH
X
booked.net

എസ് യു ടി ആശുപത്രിയില്‍ ദേശീയ ഡോക്ടേഴ്സ് ദിനാഘോഷം; പ്രഥമ ഡോ. സി ആര്‍ ഷെട്ടി അവാര്‍ഡ് സമ്മാനിച്ചു

Kerala / News July 6, 2026

തിരുവനന്തപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പട്ടം എസ് യു ടി ആശുപത്രിയുടെ വിപുലമായ ആഘോഷ പരിപാടികള്‍ ജൂലൈ 5ന് ഹോട്ടല്‍ ഹൈസിന്തില്‍ വച്ച് സംഘടിപ്പിച്ചു. ‘Behind the Mask: Who Heals the Healers?’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ ഡോക്ടര്‍മാര്‍ സമൂഹത്തിന് നല്‍കുന്ന നിസ്വാര്‍ഥ സേവനത്തിനും അര്‍പ്പണബോധത്തിനും കരുണ്യത്തിനും ആദരമര്‍പ്പിച്ചു.

കേരള ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രോഗീപരിചരണത്തില്‍ ഡോക്ടര്‍മാരുടെ അചഞ്ചലമായ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് കൂടുതല്‍ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് ജി.എസ്. ‘ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തുന്നതില്‍ ഡോക്ടര്‍മാര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ’ പറ്റി മുഖ്യപ്രഭാഷണത്തില്‍ എടുത്തു പറയുകയുണ്ടായി. എസ് യു ടി ആശുപത്രി എംഡി യും സിഇഒ യുമായ കേണല്‍ രാജീവ് മണ്ണാളി പരിപാടിയുടെ അധ്യക്ഷത വഹിച്ചു. വാസ്‌കുലര്‍ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എം. ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.

ആരോഗ്യരംഗത്തെ മികവിനുള്ള പ്രഥമ ഡോ. സി.ആര്‍. ഷെട്ടി അവാര്‍ഡ് വിതരണം ചടങ്ങിലെ പ്രധാന ആകര്‍ഷണമായിരുന്നു. അബുദാബിയിലെ ന്യൂ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറും പട്ടം എസ് യു ടി ആശുപത്രിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ചെയര്‍മാന്‍ എമെരിറ്റസ് ഡോ. ബി.ആര്‍. ഷെട്ടിയുടെ ഭാര്യയുമായ ഡോ. സി.ആര്‍. ഷെട്ടിയുടെ ബഹുമാനാര്‍ഥമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 66 വര്‍ഷം നീണ്ട ചികിത്സാ സേവനത്തിനിടെ ആയിരക്കണക്കിന് പ്രമേഹരോഗികള്‍ക്ക് ചികിത്സ നല്‍കിയ ജനറല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.പി. പൗലോസ്, 50 വര്‍ഷത്തെ സമര്‍പ്പിത മെഡിക്കല്‍ സേവനത്തിന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍, ‘പ്രിസിഷന്‍ മെഡ് ഇന്ത്യ അവാര്‍ഡ്‌സ് 2025’-ല്‍ ‘പ്രിസിഷന്‍ കാര്‍ഡിയോളജിസ്റ്റ് ഓഫ് ദ ഇയര്‍ – സൗത്ത്’ പുരസ്‌കാരം നേടിയ കാര്‍ഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രാജലക്ഷ്മി എസ്. എന്നിവര്‍ക്ക് മന്ത്രി അവാര്‍ഡ് സമ്മാനിച്ചു.

മികച്ച സേവനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്കായി ഡോ. ബി.ആര്‍. ഷെട്ടി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായും ആശുപത്രി മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടും ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സിനു ജയപ്രസാദ് നന്ദി രേഖപ്പെടുത്തി. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പങ്കെടുത്ത കലാപരിപാടികളോടെ ആഘോഷങ്ങള്‍ സമാപിച്ചു.