രാജ്യത്തെ ഹോട്ടൽ-വാണിജ്യ മേഖലയ്ക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വൻ കുറവ് വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ നിർണ്ണായക തീരുമാനം. എണ്ണ ഇറക്കുമതി സാധാരണ നിലയിലായ സാഹചര്യത്തിൽ, അടുത്ത മാസം ഒന്നാം തീയതി മുതൽ സിലിണ്ടർ ഒന്നിന് 500 മുതൽ 700 രൂപ വരെ കുറയുമെന്നാണ് സൂചനകൾ.
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ ഇന്ധനക്ഷാമവും അനിയന്ത്രിതമായ വിലവർധനവും കാരണം രാജ്യത്തുടനീളം വലിയ പ്രതിസന്ധിയാണ് ഹോട്ടൽ മേഖല നേരിട്ടത്. ആവശ്യത്തിന് ഗ്യാസ് ലഭിക്കാതിരുന്നതും ഉയർന്ന വിലയും മൂലം കേരളത്തിലുൾപ്പെടെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്നതായി കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള എൽപിജി ശേഖരം ഇപ്പോൾ രാജ്യത്തെ തീരങ്ങളിൽ എത്തിച്ചേർന്നതോടെ ഗ്യാസ് ലഭ്യത സുഗമമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിതരണം പഴയപടിയാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വില കുറയുന്നതോടെ അടച്ചുപൂട്ടിയ ഹോട്ടലുകളും ഭക്ഷണശാലകളും വീണ്ടും തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും സർക്കാരും. വാണിജ്യ സിലിണ്ടർ വിതരണം വൈകാതെ പൂർണ്ണമായും സാധാരണ നിലയിലാകുമെന്നാണ് വിലയിരുത്തൽ.




