Sun Sep 20, 2026 5:29 am
FLASH
X

പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസപ്പിക്കും: മന്ത്രി കെ. മുരളീധരൻ

HOME / Kerala June 22, 2026

100 അധിക കിടക്കകളും കൂടുതൽ ജീവനക്കാരെയും അനുവദിക്കും

പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനു പരിഗണന നൽകുമെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രി സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ മെഡിക്കൽ കോളേജിലേക്കുള്ള രോഗികളുടെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി.സ്വകാര്യ ആശുപത്രികളോട് കിടപിടിയ്ക്കുന്ന സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിലുണ്ടെന്നും ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 100 അധിക കിടക്കകൾ അനുവദിക്കും. കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും യോഗത്തിൽ മന്ത്രി വ്യക്തമാക്കി.രാത്രിയിലെ രോഗികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ ഡോക്ടർമാരെ രാത്രി കാല ഡ്യൂട്ടിക്കായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിന് ശേഷം ആശുപത്രി അത്യാഹിത വിഭാഗം സന്ദർശിച്ച മന്ത്രി, ടി.ബി ഹാൻഡ് ഹെൽഡ് മെഷീൻ ഉദ്ഘാടനം ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ.സരിത കുമാരി എൽ.റ്റി, എൻ.എച്ച്.എം സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ അനു.എസ്. നായർ, എൻ.എച്ച്. എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ എന്നിവരും സന്നിഹിതരായിരുന്നു