Tue Jun 16, 2026 4:41 pm
FLASH
X
booked.net

അനന്തപുരിയുടെ അണിയറ ചരിത്രവുമായി ‘അനന്തൻ കാട്’; ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളുമായി ട്രെയിലർ പുറത്ത്!

Entertainment / News June 16, 2026

പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അനന്തൻ കാട്’ സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചങ്കിടിപ്പേറ്റുന്ന ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയിരിക്കുന്ന ട്രെയിലർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. അനന്തപുരിയുടെ ഒരുകാലത്തെ ആരും പറയാത്ത ചരിത്രമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ജൂൺ 25-ന് ചിത്രം തിയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസിനെത്തും.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ തമിഴ് താരം ആര്യയാണ് നായകനായി എത്തുന്നത്. ചിത്രത്തിൽ തമിഴ് സംസാരിക്കുന്ന ഒരു വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ‘കാന്താര’യിലൂടെ പ്രശസ്തനായ സൗത്ത് ഇന്ത്യൻ മ്യൂസിക് ഡയറക്ടർ ബി. അജനീഷ് ലോക്നാഥ് ആദ്യമായി സംഗീത സംവിധാനം നിർവ്വഹിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

മലയാളത്തിലെയും ഇതര ഭാഷകളിലെയും വലിയൊരു താരനിരയാണ് ചിത്രത്തിനായി ക്യാമറയ്ക്ക് മുന്നിൽ ഒന്നിക്കുന്നത്. ഇന്ദ്രൻസ്, മുരളി ഗോപി, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, ശാന്തി ബാലചന്ദ്രൻ, ‘പുഷ്പ’യിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം സുനിൽ, റെജീന കാസാൻഡ്ര, അജയ്, കന്നഡ താരം അച്യുത് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ടീസറിന് പിന്നാലെ ട്രെയിലറും അന്യായ മേക്കിംഗ് സ്റ്റൈൽ കൊണ്ട് ശ്രദ്ധേയമായതോടെ തിയേറ്ററുകളിൽ വൻ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന ഒന്നായിരിക്കും ‘അനന്തൻ കാട്’ എന്ന് ഉറപ്പായിരിക്കുകയാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.