Wed Jun 10, 2026 12:48 pm
FLASH
X
booked.net

നിലമ്പൂര്‍ മുണ്ടേരി -മേപ്പാടി മലയോര ഹൈവേ യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നിക്കണം: ആര്യാടന്‍ ഷൗക്കത്ത്‌ എം.എല്‍.എ

Kerala / News June 10, 2026

നിലമ്പൂര്‍: ഗതാഗത, ടൂറിസം രംഗത്ത്‌ വികസനകുതിപ്പാകാന്‍ മലപ്പുറം-വയനാട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട നിലമ്പൂര്‍ മുണ്ടേരി- മേപ്പാടി മലയോര ഹൈവേ യാഥാര്‍ത്ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ ഒന്നിച്ച്‌ നില്‍ക്കണമെന്ന്‌ ആര്യാടന്‍ ഷൗക്കത്ത്‌ എം.എല്‍.എ. മലപ്പുറത്തെയും വയനാട്ടിനെയും ഒന്നിപ്പിക്കുന്ന പാത എന്നതിലുപരി കേരളത്തിന്റെ വികസന രംഗത്ത്‌ നാഴികക്കല്ലാകുന്ന പാതയാകുമെന്നും വ്യക്തമാക്കി. നിലമ്പൂര്‍ മുണ്ടേരി- മേപ്പാടി മലയോര ഹൈവേ കര്‍മ്മ സമിതി രൂപീകരണ യോഗം പോത്തുകല്‍ പഞ്ചായത്ത്‌ ഹാളില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു. പോത്തുകല്‍ പഞ്ചായത്ത്‌പ്രസിഡന്റ്‌ എം.എ ജോസ്‌ ആധ്യക്ഷം വഹിച്ചു.

പ്രിയങ്കഗാന്ധി എം.പി, പി.വി അബ്ദുല്‍വഹാബ്‌ എം.പി, മന്ത്രി ടി. സിദ്ദിഖ്‌, എം.എല്‍.എമാരായ ആര്യാടന്‍ ഷൗക്കത്ത്‌, ഐ.സി ബാലകൃഷ്‌ണന്‍, ഉഷ വിജയന്‍, വി.എസ്‌ ജോയി, ടി.പി അഷ്‌റഫലി, ബ്ലോക്ക്‌ പഞ്ചായത്ത്‌പ്രസിഡന്റ്‌ ബോബി സി മാമ്പ്ര, ജില്ലാ പഞ്ചായത്തംഗം എന്‍.എ കരീം എന്നിവര്‍ മുഖ്യരക്ഷാധികാരികളായും പോത്തുകല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എ ജോസ്‌ ചെയര്‍മാനും സി.എച്ച്‌ ഇഖ്‌ബാല്‍ കണ്‍വീനറുമായി 51 അംഗ നിലമ്പൂര്‍ മുണ്ടേരി-മേപ്പാടി മലയോര ഹൈവേ കര്‍മ്മസമിതിക്ക്‌ രൂപം നല്‍കി. സര്‍വകക്ഷി രാഷ്ട്രീയ പ്രതിനിധികളും വ്യാപാരി, ജനപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രതിനിധികളും അംഗങ്ങളാണ്‌. പാത കടന്ന്‌ പോകുന്ന സ്ഥലങ്ങളിലെ എം.എല്‍.എമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച്‌ തിരുവനന്തപുരത്ത്‌ ഉന്നതതല യോഗം ചേരും.

പാത യാഥാര്‍ത്ഥ്യമായാല്‍ ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്കുള്ള ദൂരത്തില്‍ 70 കിലോ മീറ്റര്‍ കുറവുണ്ടാകും. നിലമ്പൂര്‍ മുണ്ടേരിയില്‍ നിന്നും വയനാട്ടിലെത്താന്‍ നാടുകാണി വഴി 102 കിലോ മീറ്റര്‍ ചുറ്റിക്കറങ്ങണം. പാതയാഥാര്‍ത്ഥ്യമായാല്‍ കേവലം 48 കിലോ മീറ്ററേ വരൂ. നിലവില്‍ 12 കിലോ മീറ്റര്‍ മാത്രമേ പുതിയ റോഡ്‌ വേണ്ടി വരികയുള്ളൂ. ഇതില്‍ നാല്‌ കിലോമീറ്റര്‍ കൃഷി വകുപ്പിന്‌ കീഴിലുള്ള മുണ്ടേരി ഫാമിലൂടെയും 8 കിലോ മീറ്റര്‍ വനത്തിലൂടെയുമാണ്‌. വനത്തിലൂടെയുള്ള ഭാഗം പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും ശല്യമില്ലാത്ത തരത്തില്‍ എലിവേറ്റഡ്‌ ഹൈവേയോ തുരങ്കപാതയോ ആക്കി മാറ്റാവുന്നതാണ്‌. നിലമ്പൂരിലെയും വയനാട്ടിലെയും ടൂറിസം രംഗത്തിനും പുതിയ ഉണര്‍വായിരിക്കും ഈ പാത.

യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബോബി സി മാമ്പ്ര, ജില്ലാ പഞ്ചായത്തംഗം എന്‍.എ കരീം, മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി സുഗതന്‍, ഇഖ്‌ബാല്‍ മുണ്ടേരി, റഷീദ്‌ എളമ്പുലാശേരി (മുസ്ലീം ലീഗ്‌) മുസ്‌തഫ പാതാര്‍ (സി.പി.എം ലോക്കല്‍ സെക്രട്ടറി), സുധീഷ്‌ ഉപ്പട (ബി.ജെ.പി ജില്ലാ വൈസ്‌ പ്രസിഡന്റ്‌), വിബീഷ്‌ (സി.പി.ഐ), രാജു തുരുത്തേല്‍ (കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌), ഹക്കീം ചങ്കരത്ത്‌ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി) വയനാട്‌ മേപ്പാടിയില്‍ നിന്നുള്ള കര്‍മ്മ സമിതി പ്രതിനിധി പി. ഹൈദരാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.