Sat Jun 06, 2026 11:48 pm
FLASH
X
booked.net

ഒട്ടും ‘മമത’യില്ലാത്താതെ ബംഗാൾതൃണമൂൽ പിളർപ്പിലേക്ക്!

EDITORIAL June 6, 2026

ഒടുവിൽ മമത ബാനർജിയ്ക്ക് അടിപതറുന്നു. തൃണമൂൽ കോൺഗ്രസെന്ന മമത വളർത്തിയ പ്രസ്ഥാനം മമതയോട് ഒട്ടും മമത കാണിക്കാതെ തിരിഞ്ഞു കൊത്തുന്നു. ബംഗാൾ രാഷ്ട്രീയത്തിലെ വൻമരം വീഴുമ്പോൾ ബാക്കിയാവുന്നതെന്ത് ? നമുക്ക് പരിശോധിക്കാം

വർഷം 1997. ആ കാലത്ത് ബംഗാൾ കോൺഗ്രസിലെ അനിഷേധ്യ നേതാവായിരുന്നു മമതാ ബാനർജി. സ്കൂൾ പഠന കാലത്ത് 1970-ൽ പതിനഞ്ച് വയസുള്ളപ്പോഴെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച മമത കോൺഗ്രസ് (ഐ)യുടെ ബംഗാളിലെ വിദ്യാർത്ഥി സംഘടനയായ ഛത്ര പരിഷത്ത് യൂണിയൻ രൂപീകരിച്ചിട്ടുണ്ട്. മഹിള കോൺഗ്രസ് നേതാവായാണ് അവരുടെ പൊതുരംഗ പ്രവേശനം. അതേ മമത ബംഗാൾ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞു. ഒന്നും നോക്കാൻ അവർക്കുണ്ടായിരുന്നില്ല. പുതിയ പാർട്ടി രൂപീകരിച്ചു. അതിനൊരു പേരുമിട്ടു. തൃണമൂൽ കോൺഗ്രസ്. 1977 മുതൽ ബംഗാളിൽ നീളുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ തുടർഭരണത്തിൽ കരുത്തുറ്റ പ്രതിപക്ഷമായി മമത ബാനർജി മാറി. മമത ബാനർജി മുന്നിൽ നിന്ന് നയിച്ച സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭങ്ങൾ 2007 മാർച്ച് 14 ന് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷക വെടിവെപ്പിലേയ്ക്ക് വഴിമാറിയപ്പോൾ ബംഗാളിൻ്റെ രാഷ്ട്രീയഭൂപടത്തിലും മാറ്റം വന്നു.

ഒടുവിൽ കടുത്ത ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച 2011-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ 34 വർഷം നീണ്ട മാർക്സിസ്റ്റ് ഭരണം അവസാനിപ്പിച്ച് 2011 മെയ് 20 മുതൽ ബംഗാളിലെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മമത ബാനർജി 2026 മെയ് 7 വരെ തുടർച്ചയായി 15 വർഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി. മമതയെന്നാൽ തൃണമൂൽ. തൃണമൂലെന്നാൽ മമത. ഇതായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ഐഡിയോളോജി. മഹുവ മൊയ്ത്രയെ പോലെയുള്ള തീപ്പൊരി നേതാക്കൾ പാർട്ടിയിൽ ഉയർന്നുവന്നെങ്കിലും അവരെയെല്ലാം അതിവിദഗ്ധമായി ഡൽഹിയിലേക്ക് അയക്കാൻ മമത പ്രത്യേകം മമത കാണിച്ചു. പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിലെല്ലാം സ്വന്തക്കാരെ നിയമിച്ചു. എതിരാളികളെ നിഷ്കരുണം അടിച്ചമർത്തി. മമതയുടെ ഭരണകാലത്ത് ബംഗാളിൽ നടന്ന അക്രമങ്ങൾക്ക് കണക്കില്ല. കുടിയേറ്റ പ്രശ്നം രൂക്ഷമായി. ബംഗ്ലാദേശിൽ നിന്നും വരുന്ന അനധികൃത കുടിയേറ്റക്കാരെ ബംഗാൾ വികാരത്തിന്റെ പേരിൽ രാജ്യത്തേക്ക് കടത്തിവിട്ട മമതയ്ക്ക് ഈ തിരഞ്ഞെടുപ്പിൽ പൊള്ളി. അടിതെറ്റി. ഇപ്പോഴിതാ പാർട്ടിയിലും മമത ഒറ്റപ്പെട്ടിരിക്കുന്നു.

തൃണമൂൽ കോൺഗ്രസ് (ടിഎംസി) ആഭ്യന്തര തകർച്ചയിലേക്ക്. പാർടിയിൽ ഉടലെടുത്ത ചേരിപ്പോരിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ പാർടിയുടെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി ടിഎംസി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും തങ്ങൾക്ക് 60 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കത്ത് സമർപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്കകമാണ് ഈ നിർണ്ണായക നീക്കം. ഋതബ്രത ബാനർജിയെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിർദ്ദേശിച്ചുകൊണ്ട് 58 എംഎൽഎമാർ ഒപ്പിട്ട കത്ത് വിമതർ ബുധനാഴ്ച സ്പീക്കർക്ക് കൈമാറി. ടിഎംസി വിമത നേതാക്കൾ ബിജെപിയിൽ ചേരില്ല, പകരം പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് വിമതർ ആരംഭിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ ഭൂരിഭാഗം എംഎൽഎമാരും വിമത പക്ഷത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭാ എംപിമാരും വിമത പക്ഷത്ത് അണിനിരക്കുന്നത്. വിമത വിഭാഗത്ത് പാർട്ടിയുടെ സ്ഥാപക നേതാക്കൾ ഉൾപ്പെടെ എത്തിയിരിക്കുന്നുവെന്നത് ടിഎംസിയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ ചില നേതാക്കൾ കണ്ടിരുന്നു. ബിജെപിക്കൊപ്പം ചില പ്ലാനുകൾ ടിഎംസി വിമത വിഭാഗം തയാറാക്കിയിട്ടുണ്ടെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. മറ്റൊരു ഔദ്യോഗിക ടിഎംസി രൂപീകരിക്കാനുള്ള നീക്കത്തിന് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നമാണ് വിമത കേന്ദ്രങ്ങളുടെ അവകാശവാദം. ടിഎംസി മുതിർന്ന എംഎൽഎ ശോഭന്ദേബ് ചതോപാധ്യയയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചത്. പാർട്ടി രൂപീകരണശേഷം, ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് തൃണമൂൽ കോൺഗ്രസ് കടന്നു പോകുന്നത്. കീഴ് ഘടകം മുതൽ മേൽഘടകം വരെയുള്ള എല്ലാ കമ്മിറ്റികളേയും പാർട്ടിയുടെ പോഷക സംഘടനകളെയും ടിഎംസി പിരിച്ചു വിട്ടു.

ബംഗാളില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടി, ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയെ വെല്ലുവിളിച്ച്, ഒരു സഖ്യത്തിനും വഴങ്ങാതെ നിന്ന ദീദി ഒടുവില്‍ ഋതബ്രത ബാനര്‍ജി എന്ന പുതുമുഖ എംഎല്‍എയ്ക്ക് മുന്നില്‍ അടിപതറിയിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് മെരുങ്ങാത്ത ശക്തയായ പ്രതിയോഗി ഒരൊറ്റ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഒന്നുമല്ലാതാകുന്ന കാഴ്ച. സ്വന്തം അനന്തരവനായ അഭിഷേക് ബാനർജിയെ പിന്തുണയ്ക്കണോ അതോ പാർടിയിലെ ഭൂരിപക്ഷം വരുന്ന എംഎൽഎമാരെ അനുനയിപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് മമത. കോൺഗ്രസിനെ പിളർത്തി പുതിയ പാർട്ടിയുണ്ടാക്കിയ മമതയെ കോൺഗ്രസ് ഒരിക്കലും വിശ്വസിക്കില്ല. തുടർഭരണം തകർത്തുകൊണ്ട് ബംഗാൾ പിടിച്ചെടുത്ത മമതയെ സിപിഎം അംഗീകരിക്കില്ല. എല്ലാക്കാലവും മോദിയെ വിമർശിക്കുന്നതിൽ മുന്നിൽ നിന്ന മമതയെ ബിജെപി യും അംഗീകരിക്കില്ല. അതെ, മമത ഒറ്റപ്പെടുകയാണ്. വീട്ടിലും നാട്ടിലും ഇപ്പോൾ സ്വന്തം പാർട്ടിയിലും.

അനീഷ് തകടിയിൽ