Fri Jun 05, 2026 11:22 pm
FLASH
X
booked.net

തിരുവനന്തപുരം ഡിവിഷനിൽ അഞ്ച് അൺറിസർവ്ഡ് ടിക്കറ്റുകളിൽ ഒന്ന് ഇപ്പോൾ റെയിൽവൺ ആപ്പ് വഴി

Kerala / News June 5, 2026

തിരുവനന്തപുരം : ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഡിജിറ്റൽ ടിക്കറ്റിംഗിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. നിലവിൽ ഡിവിഷനിൽ ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ടിക്കറ്റുകളിൽ അഞ്ചിൽ ഒന്ന് റെയിൽവൺ (RailOne) മൊബൈൽ ആപ്പ് വഴിയാണ് എടുക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഏകീകൃത മൊബൈൽ ആപ്ലിക്കേഷനായ റെയിൽവണിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യത്തെ മുൻനിര ഡിവിഷനുകളിലൊന്നായി തിരുവനന്തപുരം ഡിവിഷൻ മാറിയിരിക്കുകയാണ്. കൂടുതൽ സൗകര്യപ്രദവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ സേവനങ്ങളിലേക്കുള്ള യാത്രക്കാരുടെ വർധിച്ചുവരുന്ന സ്വീകാര്യതയാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്.

ഡിവിഷനിലെ അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (UTS) ടിക്കറ്റുകളിൽ ശരാശരി 20 ശതമാനവും റെയിൽവൺ ആപ്പ് വഴിയാണ് ബുക്ക് ചെയ്യപ്പെടുന്നത്. വാരാന്ത്യങ്ങളിൽ ഇത് 25 ശതമാനം എത്തുന്നു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും തുടർച്ചയായി സംഘടിപ്പിച്ച ബോധവത്കരണ-പ്രചാരണ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെ നിരവധി യാത്രാസേവനങ്ങൾ ഒരൊറ്റ ആപ്പിലൂടെ ലഭ്യമാക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ഏകീകൃത മൊബൈൽ ആപ്പാണ് റെയിൽവൺ. ട്രെയിൻ സർവീസ് വിവരങ്ങൾ, സമയപ്പട്ടിക, പി.എൻ.ആർ. സ്ഥിതി, കോച്ച് പൊസിഷൻ എന്നിവ അറിയുന്നതിനും ഭക്ഷണം ഓർഡർ ചെയ്യുന്നതിനും റെയിൽ മദദ് (Rail Madad) പരാതി പരിഹാര സേവനം ഉപയോഗിക്കുന്നതിനും മറ്റ് യാത്രാസൗഹൃദ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഈ ആപ്പ് സഹായിക്കുന്നു.

റെയിൽവൺ ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 3 ശതമാനം ഇളവും ലഭിക്കുന്നു. അതിനാൽ റെയിൽവൺ ടിക്കറ്റെടുക്കൽ കൂടുതൽ സൗകര്യപ്രദവും ലാഭകരവുമാക്കുന്നു. സ്റ്റേഷനിൽ എത്തുന്നതിന് മുമ്പുതന്നെ അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം റെയിൽവൺ ആപ്പിലൂടെ ലഭ്യമാണ്. ഇതിലൂടെ ടിക്കറ്റ് കൗണ്ടറുകളിലെ ക്യൂ നിൽക്കുന്നത് ഒഴിവാക്കി സമയം ലാഭിക്കാം. കൂടാതെ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രത്യേക ക്യൂ.ആർ. കോഡുകൾ സ്കാൻ ചെയ്ത് അതത് സ്റ്റേഷനെ ആരംഭ സ്റ്റേഷനായി തെരഞ്ഞെടുത്ത് ടിക്കറ്റുകൾ എളുപ്പത്തിൽ എടുക്കാനും കഴിയും. ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി യാത്രക്കാരുമായി നേരിട്ടുള്ള ആശയവിനിമയം, തത്സമയ പ്രദർശനങ്ങൾ, അനൗൺസ്മെന്റുകൾ, വിവര ലഘുലേഖകളുടെ വിതരണം, റെയിൽവേ ജീവനക്കാരുടെയും എൻ.എസ്.എസ്. സന്നദ്ധ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികൾ എന്നിവ ഡിവിഷൻ വ്യാപകമായി സംഘടിപ്പിച്ചു. ഇതുവഴി റെയിൽവൺ ആപ്പിന്റെ ഉപയോഗവും പ്രയോജനങ്ങളും കൂടുതൽ യാത്രക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു.

ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളുടെ (ATVM) ഉപയോഗത്തിലും ഡിവിഷൻ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എ.ടി.വി.എം. വഴി വിതരണം ചെയ്ത ടിക്കറ്റുകളുടെ വിഹിതം 10 ശതമാനം വർധിച്ച് ആകെ UTS ടിക്കറ്റുകളുടെ ഏകദേശം 50 ശതമാനത്തിലെത്തിയിട്ടുണ്ട്. ഇതുവഴി യാത്രാസൗകര്യം മെച്ചപ്പെടുകയും ടിക്കറ്റ് കൗണ്ടറുകളെ ആശ്രയിക്കുന്നത് കുറയുകയും ചെയ്തിട്ടുണ്ട്. റെയിൽവൺ ആപ്പിന്റെയും എ.ടി.വി.എം. സംവിധാനങ്ങളുടെയും വർധിച്ച ഉപയോഗം ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ടിക്കറ്റെടുക്കൽ വേഗത്തിലാക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പേപ്പർ ഉപയോഗം കുറയ്ക്കുന്നതിനും സഹായകമായിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ കാര്യക്ഷമവും സൗഹൃദപരവുമായ സേവനങ്ങൾ നൽകുന്നതിനുമുള്ള ഇന്ത്യൻ റെയിൽവേയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടങ്ങൾ.

“റെയിൽവൺ ആപ്പിന്റെ വർധിച്ചുവരുന്ന ഉപയോഗം യാത്രക്കാർ ഏകീകൃതവും സൗകര്യപ്രദവുമായ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ സ്വീകരിക്കുന്നതിന്റെ തെളിവാണ്. യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ അധിഷ്ഠിത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തിരുവനന്തപുരം ഡിവിഷൻ തുടരും,” തിരുവനന്തപുരം ഡിവിഷന്റെ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ശ്രീ നിതിൻ നോർബർട്ട് (IRTS) പറഞ്ഞു.

റെയിൽവൺ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെ ലഭ്യമായ വിവിധ സേവനങ്ങളും ടിക്കറ്റ് നിരക്കിളവും ഡിജിറ്റൽ ടിക്കറ്റിംഗ് സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്ന് യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു.