Sat May 23, 2026 1:42 am
FLASH
X
booked.net

കേരളത്തിൽ ഇത്തവണ കാലവർഷം കുറയും; ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

Kerala / News May 22, 2026

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ ഇടവപ്പാതി മൺസൂൺ മഴ സാധാരണയേക്കാൾ വളരെ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ സംസ്ഥാനത്ത് പതിവിലും കുറഞ്ഞ അളവിൽ മാത്രമേ മഴ ലഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് പുതിയ പ്രവചനം. മഴക്കാലത്തിന്റെ തുടക്കമാസമായ ജൂണിൽ തന്നെ പ്രതീക്ഷിച്ചത്ര മഴ കിട്ടില്ലെന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

അതോടൊപ്പം മെയ്, ജൂൺ മാസങ്ങളിൽ സംസ്ഥാനത്ത് ചൂട് സാധാരണയേക്കാൾ കൂടുതൽ ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളും പസഫിക് സമുദ്രത്തിലെ മാറ്റങ്ങളുമാണ് മഴ കുറയാൻ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ചൂട് കൂടുന്നത് കുടിവെള്ള ലഭ്യതയെയും കൃഷിയെയും വൈദ്യുതി വിതരണത്തെയും വരും ദിവസങ്ങളിൽ സാരമായി ബാധിച്ചേക്കാം.

മഴ പൊതുവെ കുറയുമെങ്കിലും ചില ദിവസങ്ങളിൽ അതിശക്തമായ മഴ പെയ്യാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. അതിനാൽ വരാനിരിക്കുന്ന വരൾച്ചയെയും പെട്ടെന്നുണ്ടാകാൻ ഇടയുള്ള വെള്ളപ്പൊക്കത്തെയും ഒരുപോലെ നേരിടാൻ സംസ്ഥാനം തയ്യാറെടുക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരുകയും ചെയ്തു.