Fri May 01, 2026 5:06 pm
FLASH
X
booked.net

വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിളരും; കേരള കോൺഗ്രസുകൾക്ക് ഫലം നിർണായകം

EDITORIAL / Web Desk May 1, 2026

വളരുന്തോറും പിളരും. പിളരുന്തോറും വളരും. ഏതെങ്കിലും ഒരു മുന്നണിയുടെ കൂടെ ചേർന്ന് കാര്യങ്ങൾ സേഫ് ആക്കും. എന്നാൽ ഇനി പണി പാളും. കേരളാ കോൺഗ്രസിന് അല്ല കേരളാ കോൺഗ്രസുകൾക്ക് ഇനി എന്ത് സംഭവിക്കും?

ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതാണ്ടെല്ലാ അക്ഷരങ്ങളും ചേർത്ത് ഒരു കേരളാ കോൺഗ്രസുണ്ട്. ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായിരിക്കുകയും ചെയ്യും. സീറ്റ് ഉറപ്പാക്കും. ജയിച്ചാൽ മന്ത്രിസ്ഥാനവും ഉറപ്പാക്കും. ഇതൊക്കെയായിരുന്നു കേരളാ കോൺഗ്രസിന്റെ ഇതുവരെയുമുള്ള ശീലം

1964-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൻമാർ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടിയാണ് കേരള കോൺഗ്രസ്. കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപക നേതാവായി കണക്കാക്കപ്പെടുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം കൊല്ലം ജില്ലകളിലാണ് ഇതിന് കൂടുതൽ വേരോട്ടം. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും കേരള കോൺഗ്രസിന് വേരുകളുണ്ട്.

1964 ഒക്ടോബർ എട്ടിനായിരുന്നു കേരള കോൺഗ്രസ് എന്ന പുതിയ ഒരു പാർട്ടി രൂപീകരിക്കപ്പെട്ടത്. കെ.എം. ജോർജ്ജ്, വയലാ ഇടിക്കുള, മാത്തച്ചൻ കുരുവിനാക്കുന്നേൽ, ഇ. ജോൺ ജേക്കബ് , ആർ. ബാലകൃഷ്ണപിള്ള, ടി. കൃഷ്ണൻ, എം.എം. ജോസഫ്, സി.എ. മാത്യു, ജോസഫ് പുലിക്കുന്നേൽ തുടങ്ങിയവരായിരുന്നു പാർട്ടിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തവർ.

കെ.എം. ജോർജ്ജായിരുന്നു പാർട്ടിയുടെ സ്ഥാപക ചെയർമാൻ. മാത്തച്ചൻ കുരുവിനാക്കുന്നേൽ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. ധനാഢ്യനായിരുന്ന മാത്തച്ചൻ കുരുവിനാക്കുന്നേലിനായിരുന്നു കോട്ടയത്തെ പാർട്ടി ഓഫീസിൻ്റെയും ഓഫീസിലെ ജീപ്പിൻ്റെയും ചുമതല. 1965 മാർച്ച് 4ന് നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ 26 സീറ്റ് കിട്ടിയ കേരള കോൺഗ്രസ് ഉറച്ച കാൽവെപ്പോടെ കേരള രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരികയായിരുന്നു. അന്ന് കോൺഗ്രസിന് കിട്ടിയത് 40 സീറ്റ്. മാർക്സിസ്റ്റ് പാർട്ടിക്ക് 36 സീറ്റും. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ 1965-ൽ സർക്കാർ രൂപീകരിക്കുവാൻ കഴിഞ്ഞില്ല.

കേരള കോൺഗ്രസ് രൂപീകരണകാലത്ത് കുതിരയായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം. 1979-ൽ ജോസഫ് മാണിയുമായി പിരിഞ്ഞപ്പോൾ കുതിര ചിഹ്നം കോടതി വിധി വഴി മാണിക്ക് ലഭിച്ചു. ജോസഫിന് ആനയായിരുന്നു ചിഹ്നം. 1984-ൽ മാണിയും ജോസഫും ചേർന്നപ്പോൾ കുതിര ചിഹ്നം തിരഞ്ഞെടുത്തു. 1987-ൽ വീണ്ടും പിളർന്നു. ചിഹ്നതർക്കത്തിൽ കോടതി കുതിര ചിഹ്നം മരവിപ്പിച്ചു. മാണി രണ്ടില ചിഹ്നമായി തിരഞ്ഞെടുത്തു. പിന്നീട് ജോസഫ് കുതിര ചിഹ്നം ഉപയോഗിച്ചു. 1990ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷി മൃഗാദികളെ ചിഹ്നത്തിൽ നിന്ന് മാറ്റിയതുകൊണ്ട് ജോസഫ് പുതിയ ചിഹ്നമായി സൈക്കിൾ തിരഞ്ഞെടുത്തു. 2010-ൽ ജോസഫ് കോൺഗ്രസ് (എം.) ൽ ലയിച്ചു. മാണിയുടെ മരണശേഷം 2020-ൽ കേരള കോൺഗ്രസ് വീണ്ടും പിളർന്നു. ചിഹ്ന തർക്കമുണ്ടായെങ്കിലും ജോസ് കെ. മാണി നയിക്കുന്ന പാർട്ടിക്ക് രണ്ടില ചിഹ്നം ലഭിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് ചിഹ്നമായി അനുവദിച്ചത്.

പാർട്ടിയുടെ സ്ഥാപനത്തെ തുടർന്നു വന്ന വർഷങ്ങളിൽ അനേകം പിളർപ്പുകളിലൂടെ കടന്നു പോയ ഈ കക്ഷിയിൽ ഇന്ന് പല വിഭാഗങ്ങളുണ്ട്. ഇത്തരം പിളർപ്പുകൾക്ക് പിന്നിൽ ആശയപരമായ ഭിന്നതക്ക് പകരം, വിവിധ സമ്മർദ്ദ വിഭാഗങ്ങളുടേയും നേതാക്കളുടേയും താത്പര്യങ്ങളായിരുന്നു എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, നിരന്തരമായ പിളർപ്പുകൾ കക്ഷിയെ ബലഹീനമാക്കുന്നതിന് പകരം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന കെ.എം. മാണിയുടെ നിരീക്ഷണം ഇടക്ക് കൗതുകമുണർത്തി. പിളരും തോറും വളരുന്ന കക്ഷി എന്നാണ് അദ്ദേഹം കേരളാ കോൺഗ്രസിനെ വിശേഷിപ്പിച്ചത്

ഇനി ഇന്നത്തെ അവസ്ഥ നോക്കണം. നല്ല മുന്നേറ്റം നടത്തണം. തിരഞ്ഞെടുപ്പ് ഫലത്തിൽ കേരള കോൺഗ്രസുകൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതാണ്.വൻതോൽവികൾ പാർട്ടികളിൽ ആഭ്യന്തര പൊരുത്തക്കേടുകൾക്ക് വഴിയൊരുക്കും. അത് പിളർപ്പിനും ഇടയാക്കും. കേരള കോൺഗ്രസ് എമ്മിന്റെ അവസ്ഥ നോക്കാ. മത്സരിച്ചത് 12 സീറ്റിൽ, കൈയിലുള്ള അഞ്ചെണ്ണം നിലനിർത്തണം. ഒപ്പം പാർട്ടി ചെയർമാൻ ജോസ് കെ.മാണി പാലായിൽ ജയിക്കുകയും വേണം. പാലായിൽ വീണ്ടുമൊരു തോൽവി സംഭവിച്ചാൽ അത് കേരള കോൺഗ്രസ് എമ്മിൽ പാളയത്തിൽ പടയുണ്ടാകും.

ജോസ് കെ മാണിക്കെതിരെ നീക്കം ശക്തമാകും. നിലവിലെ സാഹചര്യത്തിൽ അവരുടെ ഉറപ്പുള്ള സീറ്റ് കാഞ്ഞിരപ്പള്ളി മാത്രമാണ്. റാന്നി, പൂഞ്ഞാർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും കടുത്ത പോരാട്ടമായിരുന്നു. പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന വിഭാഗത്തിന് കിട്ടിയ എട്ടിൽ ഏഴെണ്ണം വരെ ജയിക്കാം എന്നാണ് കണക്കുകൂട്ടൽ. കൈവശമുള്ള രണ്ടിൽനിന്ന് എത്ര കൂടുതൽ വന്നാലും അവർക്ക് നേട്ടമാണ്. പാർട്ടിയുടെ അമരത്തേക്ക് കടന്നുവരുന്ന അപു ജോൺ ജോസഫിനും ഫലം പ്രധാനമാണ്.

ഗണേഷ് കുമാറിന്റെ കേരള കോൺഗ്രസ് ബിയ്ക്കും അനൂപ് ജേക്കബിന്റെ കേരളാ കോൺഗ്രസ്സ് ജേക്കബിനും വിജയം സ്വന്തം പാർട്ടിയുടെ നിലനിൽപ്പിന് അനിവാര്യമാകുന്ന അവസ്ഥയാണ്. രണ്ടുപേരുടെയും നില അൽപ്പം പരുങ്ങലിൽ ആണ്. യു ഡി എഫ് അധികാരത്തിൽ വരികയും കെ ബി ഗണേഷ് കുമാർ തോൽക്കുകയും ചെയ്താൽ പിന്നെ പറയാനുമില്ല. എൽ ഡി എഫ് അധികാരത്തിൽ വന്ന് , അനൂപ് ജേക്കബ് തോറ്റാലും ഇതുതന്നെ അവസ്ഥ. ആന്റണി രാജുവിന് അയോഗ്യത വന്നതോടെ ജനാധിപത്യ കേരളാ കോൺഗ്രസിന്റെ അവസ്ഥ ദയനീയമായി.

ചുരുക്കിപ്പറഞ്ഞാൽ മധ്യതിരുവിതാംകൂർ മുതൽ ഇങ്ങോട്ട് വളർന്നതും പിളർന്നും വീണ്ടും ലയിച്ചും മുന്നോട്ടുപോയിക്കൊണ്ടിരുന്ന കേരളാ കോൺഗ്രസുകാർക്ക് ഈ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണ്. അത് അവരുടെ രാഷ്ട്രീയ അസ്തിത്വത്തെ ബാധിക്കും. കേരള രാഷ്ട്രീയത്തെ അല്പംപോലും ബാധിക്കില്ല എന്നത് വേറൊരു കാര്യം.

അനീഷ് തകടിയിൽ